Thu. Dec 26th, 2024

 

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. പാലക്കാട്ടെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.

പാലക്കാട്ടെയും കേരളത്തിലെയും തോല്‍വിയുടെ സാഹചര്യം പരിശോധിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റ് ജെപി നദ്ദ, സംഘടന ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്.

അതേസമയം, പാലക്കാട്ടെ സാഹചര്യം പരിശോധിക്കുമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചു. പാലക്കാട്ട് നേരിട്ട തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ കടുത്ത പൊട്ടിത്തെറി തുടങ്ങിയിരുന്നു. ചരിത്രത്തിലാദ്യമായി സുരേന്ദ്രനെ ഔദ്യോഗിക പക്ഷത്തെ നേതാക്കള്‍ പോലും കൈയൊഴിഞ്ഞു.

പാലക്കാട്ടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രന്‍ രാജിവയ്ക്കണമെന്നാണ് ഔദ്യോഗിക പക്ഷത്തെ അടക്കം നേതാക്കള്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വരെ ഇക്കൂട്ടത്തില്‍പ്പെടും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്ന പാളിച്ചയാണ് തോല്‍വിക്ക് പ്രധാനകാരണം എന്ന വിമര്‍ശനമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്.

സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടിട്ട് പോലും അമിത ആത്മവിശ്വാസം പുലര്‍ത്തിയ നേതൃത്വത്തിന്റെ നിലപാട് വിനയായെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ തോല്‍വിയില്‍ സുരേന്ദ്രന്റെ സ്ഥിരം വിമര്‍ശകരായ പികെ കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രനും ഇതുവരെ പ്രതികരിച്ചിട്ടില്ല.