പാലക്കാട്ട്: ഉപതിരഞ്ഞെടുപ്പില്‍ വലിയ വിജയം സ്വന്തമാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. താനൊരു തുടക്കക്കാരനാണെന്നും സിപിഎം ഇനിയെങ്കിലും വ്യക്തി അധിക്ഷേപത്തില്‍ നിന്ന് മാറി രാഷ്ട്രീയം പറയണമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാനൊരു തുടക്കക്കാരനാണ്. പിസി വിഷ്ണുനാഥിനെ കണ്ടാണ് സംഘടനാ പ്രവര്‍ത്തനം പഠിച്ചത്. പാലക്കാടിന്റെ വിജയമാണിത്. മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളും നല്‍കിയ വിജയമാണിത്’, രാഹുല്‍ പറഞ്ഞു.
പി സരിന് കൈ കൊടുക്കുമോ എന്ന ചോദ്യത്തിന് അടിസ്ഥാനപരമായി താനൊരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നായിരുന്നു രാഹുലിന്റെ മറുപടി. ‘എന്റെ വികാരങ്ങള്‍ സാധാരണക്കാരനായ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റേതാണ്. അതിനാല്‍, തിരഞ്ഞെടുപ്പ് കാലത്ത് നമ്മളെ വഞ്ചിച്ച് പോകുന്ന ഒരാളോട് എളുപ്പത്തില്‍ സമരസപ്പെടാന്‍ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നില്ല’, രാഹുല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിനിടയില്‍ താന്‍ നേരിട്ട ആരോപണങ്ങളിലും രാഹുല്‍ മറുപടി പറഞ്ഞു. ‘ഒരു തിരഞ്ഞെടുപ്പിന്റെ മധ്യത്ത് നില്‍ക്കെ നിങ്ങള്‍ എന്താണ് പറഞ്ഞത്. നിങ്ങള്‍ എന്നെ കള്ളപ്പണക്കാരനാക്കിയില്ലെ. ഒരു സ്ഥാനാര്‍ഥിയോട് അങ്ങിനെ ചെയ്യാന്‍ പാടുണ്ടോ. കുട്ടിക്കുരങ്ങാ എന്ന് വിളിച്ചില്ലേ. സ്ഥിരബുദ്ധിയില്ലാത്തവന്‍ എന്ന് വിളിച്ചില്ലേ. തിരഞ്ഞെടുപ്പ് വ്യക്തികള്‍ തമ്മിലുള്ളതല്ല. ഭൂരിപക്ഷം എന്റെ വ്യക്തിപ്രഭാവത്തിന് കിട്ടിയതല്ല. ഈ വോട്ടിനകത്ത് രാഷ്ട്രീയമാണുള്ളത്.
അതിനാല്‍ മേലിലെങ്കിലും തിരഞ്ഞെടുപ്പ് നടത്തുമ്പോ സിപിഎം വ്യക്തി അധിക്ഷേപത്തില്‍ നിന്ന് മാറി രാഷ്ട്രീയ പറയണം. ബിജെപി പ്രവര്‍ത്തകര്‍ എനിക്ക് വോട്ടുമറിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞുവെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല’, രാഹുല്‍ വ്യക്തമാക്കി.