Tue. Dec 24th, 2024

 

മുംബൈ: മഹാരാഷ്ട്രയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി കുതിപ്പ് തുടരുകയാണ്. ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം 216 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ലീഡ് 59 സീറ്റിലേക്ക് ചുരുങ്ങി. 13 ഇടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു.

മഹാരാഷ്ട്രയില്‍ 288 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 145 സീറ്റുകളാണ് വേണ്ടത്. ലീഡില്‍ കേവലഭൂരിപക്ഷവും കടന്ന് ബിജെപി-ശിവസേന (ഷിന്‍ഡെ)-എന്‍സിപി (അജിത് പവാര്‍) സഖ്യത്തിന്റെ മഹായുതി മുന്നണി കുതിക്കുകയാണ്. കര്‍ഷക മേഖലയായ വിദര്‍ഭയിലെ 62 സീറ്റില്‍ 40 ഇടത്തും ബിജെപി സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്.

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോലെ തുടങ്ങിയ പ്രമുഖ നേതാക്കളുടെ നാടാണ് വിദര്‍ഭ. ഫഡ്നാവിസ് നാഗ്പൂര്‍ സൗത്ത്-വെസ്റ്റ് മണ്ഡലത്തില്‍ നിന്നും നാനാ പടോലെ സകോലിയില്‍ നിന്നുമാണ് മത്സരിക്കുന്നത്.

സംസ്ഥാന ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന വിദര്‍ഭയില്‍ ദലിത്, മറാത്ത, കുന്‍ബി, മുസ്‌ലിം സമുദായങ്ങളുടെ ഗണ്യമായ ജനസംഖ്യയും ഉണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഭരണകക്ഷിയെ ആക്രമിക്കാന്‍ പ്രതിപക്ഷം എംവിഎ സംവരണം, എംഎസ്പി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചിരുന്നു.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ നാരായണ്‍ റാണെയുടെ മകനും ബിജെപിയുടെ നിതേഷ് റാണെ കനകവ്ലിയില്‍ 15,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നിലാണ്. ഈ വര്‍ഷമാദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍, ഷിന്‍ഡേ സേന മത്സരിച്ച 15 സീറ്റുകളില്‍ ഏഴിലും വിജയിച്ചിരുന്നു. 21 സീറ്റില്‍ ഒമ്പത് സീറ്റുകളാണ് താക്കറെ നേടിയത്.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ അജിത് പവാര്‍, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും ലീഡ് ചെയ്യുകയാണ്. അതേസമയം, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) തലവന്‍ രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെ മാഹിം മണ്ഡലത്തില്‍ പിന്നിലാണ്.