ന്യൂഡല്‍ഹി: അദാനിയെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്നും ഇന്ത്യയില്‍ അദാനിയും മോദിയും ഒന്നാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അദാനിയെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ച അദ്ദേഹം ഇന്ത്യയില്‍ അദാനിയെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്നും വിമര്‍ശിച്ചു.
‘അദാനിയെ അറസ്റ്റ് ചെയ്യുക, ചോദ്യം ചെയ്യുക. അവസാനം നരേന്ദ്ര മോദിയുടെ പേര് പുറത്തുവരും. കാരണം ബിജെപിയുടെ മുഴുവന്‍ ഫണ്ടിങ്ങും അദാനിയുടെ കൈകളിലാണ്. അതുകൊണ്ട് പ്രധാനമന്ത്രി ആഗ്രഹിച്ചാലും ഒന്നും ചെയ്യാന്‍ കഴിയില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ അദാനി രാജ്യത്തെ ഹൈജാക്ക് ചെയ്തു. ഇന്ത്യ അദാനിയുടെ പിടിയിലാണ്’, രാഹുല്‍ പറഞ്ഞു.
‘അദാനി രാജ്യത്തെ കൊള്ളയടിക്കുകയാണ്. അഴിമതി നടത്തിയിട്ടും സ്വതന്ത്രനായി നടക്കുന്നതില്‍ എനിക്ക് അത്ഭുതം തോന്നുന്നു. അയാള്‍ക്ക് പിന്നില്‍ വലിയ കണ്ണികളാണുള്ളത്. സെബി മേധാവിയും പ്രധാനമന്ത്രിയും അദാനിയെ സംരക്ഷിക്കുകയാണ്. അദാനി ഉള്‍പ്പെട്ട അഴിമതി കേസില്‍ പ്രധാനമന്ത്രിക്കും പങ്കുണ്ട്’, രാഹുല്‍ പറഞ്ഞു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഈ വിഷയം ഉന്നയിക്കല്‍ തന്റെ ഉത്തരവാദിത്തമാണെന്ന് രാഹുല്‍ പ്രതികരിച്ചു. അദാനിയെ സംരക്ഷിക്കുന്നവര്‍ക്കെതിരെയും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘അദാനി ഇന്ത്യയില്‍ സ്വത്തുക്കള്‍ സമ്പാദിച്ചത് അഴിമതിയിലൂടെയാണ്. അയാള്‍ ബിജെപിക്ക് പിന്തുണ നല്‍കുന്നു. അദാനിയെ അറസ്റ്റ് ചെയ്യണം. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുന്നതിനാല്‍ അറസ്റ്റ് ചെയ്യില്ലെന്ന് ഞങ്ങള്‍ക്കറിയാമെന്നും’ രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അദാനി യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമുള്ള യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ കുറ്റാരപോണത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.