ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകാമെന്നും ആന്റണി രാജു വിചാരണ നേരിടണമെന്നും സുപ്രീംകോടതി വിധിച്ചു. മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷിച്ചുവെന്നാണ് ആന്റണി രാജുവിനെതിരേയുള്ള ആരോപണം
1990 ലാണ് സംഭവം. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി 1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ കേസ് വിചാരണയ്‌ക്കെടുത്തു.
ആന്റണി രാജു തന്റെ സീനിയര്‍ സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്ന് പ്രതിയുടെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു. 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെവി ശങ്കരനാരായണന്‍ ഉത്തരവിറക്കി. എന്നാല്‍ തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു.
കേസില്‍ ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. പ്രതിയെ വെറുതെ വിടാന്‍ കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്. അടിവസ്ത്രം പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആന്‍ഡ്രൂ രാജ്യം വിട്ടു.
ഒസ്‌ട്രേലിയിലേക്ക് കടന്ന സാല്‍വദോര്‍ സര്‍വലി അവിടെ ഒരു കൊലക്കേസില്‍ പിടിയിലായി. മെല്‍ബണ്‍ റിമാന്‍ഡ് സെന്ററില്‍ തടവില്‍ കടക്കുമ്പോള്‍ ആന്‍ഡ്രൂ, സഹതടവുകാരനോട് കേരളത്തിലെ കേസില്‍, അഭിഭാഷകന്റെയും കോടതിയിലെ ക്ലാര്‍ക്കിന്റെയും സഹായത്തോടെ അടിവസ്ത്രം മാറ്റി കുറ്റവിമുക്തനായ കാര്യം പറയുകയുണ്ടായി.
സഹതടവുകാരന്‍ ഈ വിവരം കൊലക്കേസ് അന്വേഷിച്ച ഡിറ്റക്ടീവ് സംഘത്തിനെ അറിയിച്ചു. 1996 ജനുവരി 25 ന് രേഖപ്പെടുത്തിയ ഈ മൊഴി കാന്‍ബറയിലെ ഇന്റര്‍പോള്‍ യൂണിറ്റ് ഇന്ത്യയിലെ സിബിഐക്ക് അയച്ചു. സിബിഐ ഡല്‍ഹി ആസ്ഥാനത്ത് നിന്ന് കേരളാ പോലീസിന് കത്ത് ലഭിച്ചു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെകെ ജയമോഹന്‍ ഹൈക്കോടതി വിജിലന്‍സിന് പരാതി നല്‍കി.
മൂന്നുവര്‍ഷത്തെ പരിശോധനയ്ക്കുശേഷം ഇക്കാര്യം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവായി. ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികള്‍. ഇതിനിടെ ആന്റണി രാജു എംഎല്‍എയായി. 2005ല്‍ കേസ് പുനരന്വേഷിക്കാന്‍ ഐജിയായിരുന്ന ടിപി സെന്‍കുമാര്‍ ഉത്തരവിട്ടു.
2006ല്‍ വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും എട്ടുവര്‍ഷം കേസ് വെളിച്ചം കണ്ടില്ല. 2014ല്‍ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. വിചാരണയില്‍ ആന്റണി രാജു ഹാജരാകാത്തതിനാല്‍ കേസ് നിരന്തരം മാറ്റിവെക്കേണ്ടിവരുന്നുവെന്നാണ് ആരോപണം. 22 തവണയാണ് കേസ് പരിഗണിച്ചത്.