ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നല്‍കി സുപ്രീംകോടതി. ജാമ്യ വ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് നിശ്ചയിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
എട്ടു വര്‍ഷത്തിന് ശേഷമാണ് പരാതി നല്‍കിയതെന്ന വാദം പരിഗണിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. നേരത്തെ, സെപ്റ്റംബര്‍ 30ന് സിദ്ദിഖിന്റെ ജാമ്യപേക്ഷ പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു.
എട്ടു വര്‍ഷമായി പരാതി നല്‍കിയില്ലെന്നും പരാതിക്കാരി ഹോട്ടലില്‍ കൂടിക്കാഴ്ചക്ക് വന്നത് മാതാപിതാക്കള്‍ക്കൊപ്പം ആയിരുന്നുവെന്നും സിദ്ദീഖിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ചൂണ്ടിക്കാട്ടിയിരുന്നു. പരാതിക്കാരി ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്ത കുറിപ്പുകളില്‍ വൈരുധ്യമുണ്ടെന്നും അദ്ദേഹം സുപ്രീംകോടതിയെ ബോധിപ്പിച്ചു.
കഴിഞ്ഞ തവണ വാദം കേട്ടപ്പോള്‍, എന്തുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും ഒരു ദശാബ്ദക്കാലത്തോളം മൗനം തുടര്‍ന്നതിന് തൃപ്തികരമായ മറുപടി നല്‍കാനാകുമോ എന്നും പരാതിക്കാരിയുടെ അഭിഭാഷക വൃന്ദ ഗോവറിനോട് കോടതി ചോദിച്ചിരുന്നു. വിഷയം ഗൗരവമുള്ളതാണെന്നും വിശാലാര്‍ഥത്തില്‍ കാണണമെന്നും അവര്‍ കോടതിയെ അറിയിച്ചു.
പരാതിക്കാരിക്ക് 19 വയസ്സുള്ളപ്പോഴാണ് മോശം അനുഭവമുണ്ടായത്. മലയാള ചലച്ചിത്രരംഗത്തെ പ്രമുഖ സംഘടനയുടെ സെക്രട്ടറിയായിരുന്നു സിദ്ദിഖെന്നും അഭിഭാഷക വാദിച്ചു. എന്നാല്‍, പരാതിക്കാരിയുടെ പ്രായം സംബന്ധിച്ച് പോലും അവ്യക്തതയുണ്ടെന്ന് സിദ്ദീഖിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
2016 ജനുവരി 28ന് നടന്‍ സിദ്ദീഖ് തന്നെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ ആരോപണം. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്.