Sun. Dec 22nd, 2024

 

ആലപ്പുഴ: കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി ആണ്‍ സുഹൃത്തിന്റെ മൊഴി. കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. വിജയലക്ഷ്മിയുടെ സഹോദരിയുടെ പരാതിയില്‍ കഴിഞ്ഞ 13ന് കരുനാഗപ്പള്ളി പൊലീസ് കേസെടുത്തിരുന്നു.

വിജയലക്ഷ്മിയെ കൊലപ്പെടുത്തിയതായി സുഹൃത്ത് അമ്പലപ്പുഴ കരൂര്‍ സ്വദേശി ജയചന്ദ്രന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഏതാനും ആഴ്ച മുന്‍പാണ് വിജയലക്ഷ്മിയെ കാണാതായത്. ഇവര്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു.

അതിനിടെ എറണാകുളം പൊലീസിന് വിജയക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടി. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇയാളും വിജയലക്ഷ്മിയും തമ്മില്‍ അടുപ്പമായിരുന്നു എന്നാണ് പ്രാഥമിക വിവരം.

എന്തിനാണ് കൊലപാതകം നടത്തിയത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. മൃതദേഹം വീട്ടിന്റെ തറയില്‍ കുഴിച്ചിട്ടെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. പരിശോധനക്കായി പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.