വാഷിങ്ടണ്‍: വാക്സിന്‍ വിരുദ്ധ പ്രവര്‍ത്തകന്‍ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിന് ആരോഗ്യ മനുഷ്യ സേവന വകുപ്പിന്റെ ചുമതല നല്‍കി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാം ട്രംപ് മന്ത്രിസഭയില്‍ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ആരോഗ്യ സെക്രട്ടറിയായി നിയമിച്ചുള്ള പ്രഖ്യാപനം.
കെന്നഡി ജൂനിയറിനോട് തല്‍ക്കാലത്തേക്ക് ആക്ടിവിസത്തില്‍ നിന്ന് മാറി നില്‍ക്കാനും നല്ല ദിവസങ്ങള്‍ ആസ്വദിക്കാനും വിജയത്തിന് ശേഷമുള്ള പ്രസംഗത്തില്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഏറ്റവും വലിയ വാക്സിന്‍ വിരുദ്ധവാദിയാണ് റോബര്‍ട്ട് എഫ് കെന്നഡി. വാക്സിനുകള്‍ ഓട്ടിസത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാവുമെന്നാണ് കെന്നഡിയുടെ പ്രധാന വാദം.
വാക്‌സിന്‍ വിരുദ്ധ സംഘടനയായ ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഡിഫന്‍സിന്റെ ചെയര്‍മാനുമാണ്. ഇത്തരം നിലപാടുള്ള ഒരാളെ മരുന്നും ചികിത്സയുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങളെടുക്കുന്ന ഒരു പ്രധാന വകുപ്പിന്റെ തലപ്പത്ത് നിയമിക്കുന്നതിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
മരുന്ന് കമ്പനികള്‍ അമേരിക്കയുടെ പൊതുജനാരോഗ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് കെന്നഡിയുടെ നിയമനത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കി. ഇതവസാനിപ്പിച്ച് അമേരിക്കന്‍ ജനതയെ ആരോഗ്യമുള്ളവരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഇറങ്ങി പിന്നീട് ട്രംപിനെ പിന്തുണച്ചയാളാണ് റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍. യുഎസ് മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ അനന്തിരവനും മുന്‍ സെനറ്റര്‍ റോബര്‍ട്ട് എഫ് കെന്നഡിയുടെ മകനുമാണ് റോബര്‍ട്ട് ജൂനിയര്‍.