Sat. Jan 18th, 2025

 

ന്യൂയോര്‍ക്ക്: ട്രംപ് ഭരണകൂടത്തില്‍ നിര്‍ണായക പദവി ലഭിച്ചതിന് പിന്നാലെ ടെസ്ല ഉടമ ഇലോണ്‍ മസ്‌ക് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ദ ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. തിങ്കളാഴ്ച രഹസ്യകേന്ദ്രത്തില്‍ വെച്ച് കണ്ടുമുട്ടിയ ഇരുവരുടേയും കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടതായാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുഎസ് ഉപരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇളവുകള്‍ തേടാനും ടെഹ്‌റാനില്‍ ബിസിനസ് സാധ്യതകള്‍ കണ്ടെത്താനും ഇറാന്‍ അംബാസഡര്‍ മസ്‌കിനോട് ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.

കൂടിക്കാഴ്ച സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണമില്ല. ട്രംപ് ടീമും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇറാനുമായുള്ള നയതന്ത്രബന്ധത്തിന് ട്രംപ് നല്‍കുന്ന പ്രാധാന്യത്തിന്റെ സൂചനയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ ഇസ്രായേലിനൊപ്പം നില്‍ക്കുന്ന നിലപാടായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇതുവരെ സ്വീകരിച്ചിരുന്നത്.

നേരത്തെ, ഇസ്രായേലിനുമേല്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കണമെന്ന് ആവശ്യപ്പെട്ട വ്യക്തിയാണ് ട്രംപ്. തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെ വിഷയത്തില്‍ ബൈഡന്‍ സ്വീകരിച്ചിരുന്ന നിലപാടുകളെ ശക്തമായി വിമര്‍ശിച്ചിരുന്നു അദ്ദേഹം.