Fri. Jan 24th, 2025

 

വാഷിങ്ടണ്‍: ഇസ്രായേലിലേക്ക് ചില ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവെച്ച് യുഎസ്. 134 ബുള്‍ഡോസറുകള്‍ നല്‍കുന്നത് യുഎസ് ഭരണകൂടം തടഞ്ഞതായാണ് പുതിയ വിവരം. ബോയിങ്ങില്‍നിന്നു വാങ്ങിയ 1,300 യുദ്ധ സാമഗ്രികള്‍ അയയ്ക്കുന്നതും തടഞ്ഞിട്ടുണ്ട്.

ഇസ്രായേല്‍ നേരത്തെ ഓര്‍ഡര്‍ ചെയ്യുകയും പണമടക്കുകയും ചെയ്ത ഡി9 ബുള്‍ഡോസറുകള്‍ ഇനിയും അയച്ചിട്ടില്ല. യുഎസ് കമ്പനിയായ കാറ്റര്‍പില്ലര്‍ ആണ് ഈ ബുള്‍ഡോസറുകള്‍ നിര്‍മിക്കുന്നത്. ഇതിനായി ശതകോടികള്‍ യുഎസ് കമ്പനിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ബുള്‍ഡോസറുകള്‍ ഇസ്രായേലിന് കൈമാറുന്നത് യുഎസ് വിദേശകാര്യ മന്ത്രാലയം തടഞ്ഞിരിക്കുകയാണെന്നാന്ന് രണ്ട് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് യെദിയോത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗാസയില്‍ കെട്ടിടങ്ങള്‍ തകര്‍ക്കാനാണ് ഈ ബുള്‍ഡോസറുകള്‍ എത്തിക്കുന്നത്. ഇതിനെതിരെ യുഎസില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജനരോഷത്തിന് പുറമെ ഭരണകൂടത്തിനകത്തും ഇടപാടിനെതിരെ ശക്തമായ സമ്മര്‍ദ്ദമുണ്ട്. ഇതേതുടര്‍ന്നാണ് ജോ ബൈഡന്‍ ഭരണകൂടം ബുള്‍ഡോസര്‍ ഇടപാട് മരവിപ്പിച്ചത്.

യുഎസ് നടപടി ഗാസയില്‍ കരയാക്രമണം നടത്തുന്ന ഐഡിഎഫിന് വന്‍ തിരിച്ചടിയാകുമെന്ന് ഇസ്രായേല്‍ മാധ്യമം സൂചിപ്പിക്കുന്നു. ഗാസയില്‍ മാസങ്ങളായി സൈനിക ആക്രമണത്തിന്റെ ഭാഗമായുള്ള മിക്ക ഡി9 ബുള്‍ഡോസറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഇവ അറ്റകുറ്റപണി ചെയ്യേണ്ട സ്ഥിതിയിലാണുള്ളതെന്നാണ് ഗാസയില്‍ ആക്രമണത്തിന് മേല്‍നോട്ടം വഹിക്കുന്ന കമാന്‍ഡര്‍മാര്‍ യെദിയോത്ത് അക്രോനോത്തിനോട് വ്യക്തമാക്കിയത്. ഇതിനിടയിലാണ് തെക്കന്‍ ലബനാനില്‍ കൂടി ഐഡിഎഫ് കരയാക്രമണം ആരംഭിച്ചത്. ഇവിടെയും വലിയ തോതില്‍ ബുള്‍ഡോസറുകള്‍ ആവശ്യമുണ്ട്.

അടുത്തിടെ ജബാലിയയിലെ അഭയാര്‍ഥി ക്യാംപില്‍ ഉള്‍പ്പെടെ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിക്കിടെ നിരവധി ഐഡിഎഫ് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഔദ്യോഗിക കണക്കു പ്രകാരം 21 ഇസ്രായേല്‍ സൈനികരാണ് ജബാലിയയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ പലതും സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചായിരുന്നു മരണം. മതിയായ ബുള്‍ഡോസറുകള്‍ ഇല്ലാത്തതും നിലവിലുള്ളവ പ്രവര്‍ത്തനക്ഷമമല്ലാത്തതുമാണ് ഇത്രയും ആള്‍നാശത്തിനു കാരണമെന്നാണ് ഐഡിഎഫ് ചൂണ്ടിക്കാട്ടുന്നത്.

വടക്കന്‍ ഇസ്രായേലിലും ലബനാന്‍ അതിര്‍ത്തിയിലും ഏക്കര്‍ കണക്കിന് കാടുകളുണ്ട്. ഇവിടെ ഹിസ്ബുല്ലയുടെ രഹസ്യ തുരങ്കങ്ങളും ആയുധപ്പുരകളുമുണ്ടെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. ഈ ഒളിസങ്കേതങ്ങളില്‍നിന്നാണ് ഗലീലി, ഹൈഫ ഉള്‍പ്പെടെയുള്ള വടക്കന്‍ പ്രദേശങ്ങളില്‍ ഹിസ്ബുല്ല ആക്രമണം നടത്തുന്നതെന്നും ആരോപണമുണ്ട്. ബുള്‍ഡോസര്‍ എത്തിയാലേ ഈ കാടുകളെല്ലാം നിരപ്പാക്കി സുരക്ഷാ ഭീഷണി ഒഴിവാക്കാനാകൂവെന്നാണ് ഐഡിഎഫ് വാദിക്കുന്നത്.

യുഎസിന്റെ സാമ്പത്തിക സഹായം കൂടാതെ ഇസ്രായേല്‍ സ്വന്തമായി പണം നല്‍കി ബോയിങ്ങില്‍നിന്നു വാങ്ങിയ നൂറുകണക്കിനു യുദ്ധസാമഗ്രികളാണ് അമേരിക്കയില്‍ തന്നെ കിടക്കുന്നത്. ടണ്‍കണക്കിനു ഭാരമുള്ള സാമഗ്രികളാണ് ഓരോന്നും. സാധാരണക്കാര്‍ക്കെതിരെ ഉപയോഗിക്കുമെന്ന് കാണിച്ചാണ് ഇത് ഇസ്രായേലിലേക്ക് അയ്ക്കുന്നത് അമേരിക്ക തടഞ്ഞത്. ഇതോടെ സ്വകാര്യ കമ്പനികളില്‍നിന്ന് വാടകയ്ക്കെടുത്താണ് വിവിധ യുദ്ധസാമഗ്രികള്‍ ഐഡിഎഫ് ഉപയോഗിക്കുന്നത്.