ജനീവ: ബുര്‍ഖ നിരോധനം നടപ്പാക്കാനൊരുങ്ങി സ്വിറ്റ്സര്‍ലന്‍ഡ്. 2025 ജനുവരി 1 മുതല്‍ നിയമം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും. ദേശീയ സുരക്ഷ, സാമൂഹിക ഐക്യം തുടങ്ങി വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിരോധനം നടപ്പാക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ 1,000 സ്വിസ് ഫ്രാങ്ക് വരെ പിഴ നല്‍കേണ്ടിവരും.
സമാനമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി രാജ്യങ്ങള്‍ ഇതിനകം ബുര്‍ഖ നിരോധനം നടപ്പാക്കിയിട്ടുണ്ട്. 2021ല്‍ രാജ്യ വ്യാപകമായി നടന്ന ഹിതപരിശോധനയെ തുടര്‍ന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബുര്‍ഖ നിരോധിക്കാനുള്ള നീക്കം ആരംഭിച്ചത്. തുടര്‍ന്ന് മുസ്ലീം സംഘടനകളില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്നും ശക്തമായ വിമര്‍ശനം നേരിട്ടെങ്കിലും 51 ശതമാനം വോട്ടര്‍മാരും നിരോധനത്തെ പിന്തുണയ്ക്കുകയായിരുന്നു.
എന്നാല്‍ പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. വിമാനങ്ങള്‍, നയതന്ത്ര പരിസരങ്ങള്‍, ആരാധനാലയങ്ങള്‍, അപകടകരമായ സാഹചര്യങ്ങളാലോ കാലാവസ്ഥാ വ്യതിയാനത്താലോ മുഖം മറയ്‌ക്കേണ്ട സാഹചര്യങ്ങള്‍, പരമ്പരാഗത ആചാരങ്ങള്‍, കലാപരമായ പരിപാടികള്‍, പൊതുസമ്മേളനങ്ങള്‍ അല്ലെങ്കില്‍ പ്രതിഷേധങ്ങള്‍ തുടങ്ങിയ പ്രത്യേക സന്ദര്‍ഭങ്ങളില്‍ മുഖം മറയ്ക്കാന്‍ അനുവദിക്കും.
2024ലെ കണക്കനുസരിച്ച് ബുര്‍ഖ നിരോധനം നടപ്പാക്കുന്ന ഏറ്റവും പുതിയ രാജ്യമാണ് സ്വിറ്റ്സര്‍ലന്‍ഡ്. നിലവില്‍ 16 രജ്യങ്ങളാണ് നിരോധനം നടപ്പാക്കിയിട്ടുള്ളത്. ടുണീഷ്യ, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ബെല്‍ജിയം, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ബള്‍ഗേറിയ, കാമറൂണ്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഗാബോണ്‍, നെതര്‍ലാന്‍ഡ്‌സ്, ചൈന, മൊറോക്കോ, ശ്രീലങ്ക തുടങ്ങിയ രജ്യങ്ങളിലാണ് ഇതിനകം ബുര്‍ഖ നിരോധനം നടപ്പാക്കിയത്.