Wed. Jan 22nd, 2025

 

കൊച്ചി: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകര്‍ന്ന് സീ പ്ലെയിനിന്റെ പരീക്ഷണ പറക്കല്‍ വിജയം. കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ നിന്ന് ടെയ്ക്ക് ഓഫ് ചെയ്ത വിമാനം ഇടുക്കി മാട്ടുപ്പെട്ടി ഡാമില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു.

ജനപ്രതിനിധികളും കെഎസ്ഇബി, ഹൈഡല്‍ ടൂറിസം ജീവനക്കാരും മാത്രമാണ് മാട്ടുപ്പെട്ടി ഡാമിലുണ്ടായത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതിനായി ഡാമില്‍ കാര്യമായി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. താത്ക്കാലികമായ ഒരു ബോട്ടുജെട്ടി ക്രമീകരിക്കുക മാത്രമാണ് ചെയ്തത്.

തെളിഞ്ഞ അന്തരീക്ഷത്തിലാണ് വിമാനം ഡാമിലേക്ക് ഇറങ്ങിയത്. ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ വിശാലമായിക്കിടക്കുന്ന ജലപ്പരപ്പാണ് മാട്ടുപ്പെട്ടി ഡാമിലേത്. എല്ലാ കാലത്തും വെള്ളമുണ്ടെന്നുള്ളതാണ് വലിയ പ്രത്യേകത.

ഇരട്ടയെഞ്ചിനുള്ള 19 സീറ്റര്‍ വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ഏത് ചെറു ജലാശയത്തിലും എളുപ്പത്തില്‍ ഇറക്കാന്‍ സാധിക്കുമെന്നതാണ് ഈ വിമാനത്തിന്റെ പ്രത്യകത. ചെറുവിമാനത്താവളങ്ങളേയും ജലാശയങ്ങളേയും ബന്ധിപ്പിക്കുകയെന്നതാണ് സീ പ്ലെയിന്‍ പദ്ധതിയുടെ ലക്ഷ്യം. കൊച്ചിയില്‍ നിന്ന് മൂന്നാറിലെത്താന്‍ വെറും 30 മിനുട്ട് മതിയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം.

അതേസമയം, സീപ്ലെയിന്‍ പദ്ധതിയില്‍ മാട്ടുപ്പെട്ടി ഡാമിനെ ഉള്‍പ്പെടുത്തിയതില്‍ വനംവകുപ്പ് ആശങ്ക രേഖപ്പെടുത്തി. ഡാം ആനത്താരയുടെ ഭാഗമാണെന്നതാണ് വനം വകുപ്പ് ചൂണ്ടിക്കാട്ടുന്ന പ്രശ്നം. ആനകള്‍ ഡാം മുറിച്ചുകടന്ന് ഇക്കോ പോയന്റിലേക്ക് ഇറങ്ങുന്നുണ്ട്. വിമാനം ഇറങ്ങുന്നത് ആനകളില്‍ പ്രകോപനമുണ്ടാക്കാന്‍ കാരണമാകുമെന്നും സംയുക്ത പരിശോധനയില്‍ വനംവകുപ്പ് അറിയിച്ചു.