തിരുവനന്തപുരം: വഖഫ് വിഷയത്തിലെ വിവാദ പരാമര്‍ശത്തെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി. 24 ന്യൂസ് ചാനലിലെ തിരുവനന്തപുരം റിപ്പോര്‍ട്ടറെയാണ് ഭീഷണിപ്പെടുത്തിയത്.
ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനായ അലക്സ് റാം മുഹമ്മദിനെ റൂമിലേക്ക് വിളിച്ചുവരുത്തി സുരേഷ് ഗോപി ഭീഷണിപ്പെടുത്തുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തിയ സുരേഷ് ഗോപി ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സൗകര്യമില്ലെന്നും കാണിച്ചുതരാമെന്നും പറഞ്ഞു. ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സുരേഷ് ഗോപിയുടെ ഗണ്‍മാന്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.
വിവാദ വഖഫ് കിരാത പരാമര്‍ശത്തില്‍ ചോദ്യം ചോദിച്ചതാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ വഖഫ് ബോര്‍ഡിന്റെ പേര് പറയാതെയാണ് സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്.
‘ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. നാല് ആംഗലേയ അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ഒരു കിരാതമുണ്ട്’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അതേസമയം, ഇതിനുമുമ്പും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സുരേഷ് ഗോപി ആക്രോശിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.