ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മുസ്ലിം യുവാവിനെ തെരുവിലിട്ട് ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്‍. ഋഷികേശ് ജില്ലയിലാണ് സംഭവം. ഹിന്ദു പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് അക്രമികള്‍ യുവാവിനെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ സാഹില്‍ എന്ന യുവാവിനെ അക്രമികള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി തെരുവിലൂടെ നടത്തിക്കുന്നതായി കാണാം.
ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് ആള്‍കൂട്ടം യുവാവിനെ മര്‍ദ്ദിക്കുന്നത്. യുവാവിനെ അക്രമികള്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുണ്ട്. നവംബര്‍ ഒമ്പതിനാണ് യുവാവിനെതിരായ ആക്രമണം നടന്നത്.
സാഹില്‍ ജില്ലയിലെ സലൂണ്‍ തൊഴിലാളിയാണ്. സലൂണില്‍ നിന്ന് വലിച്ചിറക്കിയാണ് യുവാവിനെ ആള്‍കൂട്ടം തെരുവിലൂടെ നടത്തിച്ചത്. തുടര്‍ന്ന് യുവാവിനെ അക്രമികള്‍ സ്റ്റേഷനിലെത്തിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, മുന്‍വിധികളാലാണ് ആള്‍കൂട്ടം യുവാവിനെ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.