ന്യൂഡല്‍ഹി: ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. 2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.
ചീഫ് ജസ്റ്റിസ് പദവി ഇന്ദിര ഗാന്ധി നിഷേധിച്ച ജസ്റ്റിസ് എച്ച്ആര്‍ ഖന്നയുടെ സഹോദരി പുത്രനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിതാവ് ദേവ് രാജ് ഖന്ന ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്നു. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്. അതിന് മുമ്പ് 14 വര്‍ഷം ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്നു.
1960 മെയ് 14നാണ് സഞ്ജീവ് ഖന്ന ജയിച്ചത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സഞ്ജീവ് ഖന്ന പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിയായി നിയമിതനായി. നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
2019 ജനുവരിയിലാണ് അദ്ദേഹം സുപ്രീംകോടതിയിലേക്ക് എത്തുന്നത്. സുപ്രീംകോടതി ജഡ്ജിയെന്ന നിലയില്‍ പല പ്രധാനപ്പെട്ട കേസുകളും അദ്ദേഹം പരിഗണിച്ചിട്ടുണ്ട്. മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത് അതിലൊന്നാണ്. ആര്‍ട്ടിക്കള്‍ 370 കേസ്, ഇലക്ടറല്‍ ബോണ്ട് കേസ് എന്നിവ പരിഗണിച്ച ബെഞ്ചിന്റേയും ഭാഗമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതി കൊളീജിയത്തിലുണ്ടായ ഒഴിവിലേക്ക് ജസ്റ്റിസ് അഭയ് എസ് ഓക എത്തും. 2021 ഓഗസ്റ്റില്‍ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ഓക, അതിന് മുമ്പ് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ് ജസ്റ്റിസ് അഭയ് എസ് ഓക.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ്, അഭയ് എസ് ഓക എന്നിവര്‍ അടങ്ങുന്നതാണ് പുതിയ സുപ്രീം കോടതി കൊളീജിയം. സുപ്രീം കോടതിയില്‍ നിലവില്‍ ജഡ്ജിമാരുടെ രണ്ട് ഒഴിവുകളാണ് ഉള്ളത്. ആ ഒഴിവുകള്‍ നികത്താനുള്ള ശുപാര്‍ശ തയ്യാറാക്കാന്‍ സുപ്രീം കോടതി കൊളീജിയം ഉടന്‍ യോഗം ചേരും.