Sun. Dec 22nd, 2024

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വന്‍ ആശങ്കയിലായി കുടിയേറ്റക്കാര്‍. സ്വാഭാവിക പൗരത്വത്തിനെതിരെയുള്ള ട്രംപിന്റെയും ഡെപ്യൂട്ടി ജെഡി വാന്‍സിന്റെയും നിലപാട് പ്രചരണ കാലഘട്ടത്തില്‍ തന്നെ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരില്‍ ആശങ്കയുണ്ടാക്കിയിരുന്നു.

ഒരു രാജ്യത്ത് ജനിക്കുന്നതിലൂടെയാണ് ഒരു വ്യക്തിക്ക് സ്വാഭാവിക പൗരത്വം ലഭ്യമാകുന്നത്. താന്‍ ജനിച്ച രാജ്യത്തെ പൗരനാകണോ തന്റെ മാതാപിതാക്കളുടെ രാജ്യത്തെ പൗരനാകണോ എന്ന് ആ വ്യക്തിക്ക് പിന്നീട് തന്റെ ഏത് പ്രായത്തിലും തീരുമാനിക്കാവുന്നതാണ്.

സ്വാഭാവിക പൗരത്വത്തിനെതിരാണ് ഡൊണാള്‍ഡ് ട്രംപ്. താന്‍ സത്യപ്രതിജ്ഞ ഒന്നാം ദിവസം തന്നെ സ്വാഭാവിക പൗരത്വത്തിനെതിരെ നടപടിയെടുക്കുമെന്ന് ജെഡി വെന്‍സ് പറഞ്ഞിരുന്നു. ട്രംപിന്റെ സത്യപ്രതിജ്ഞാ ദിനത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായേക്കാവുന്ന വിഷയവും ഇത് തന്നെയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒന്നാം ദിനം അമേരിക്കയിലെ ഏറ്റവും വലിയ നാടുകടത്തല്‍ പദ്ധതി താന്‍ ആരംഭിക്കും എന്ന് ട്രംപ് പറഞ്ഞിരുന്നു. എസ് ഇമിഗ്രേഷന്‍ നടപടികളില്‍ വന്‍ മാറ്റങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പോവുന്ന ട്രംപ് കുടിയേറ്റക്കാരെ ലക്ഷ്യം വെച്ച് നീങ്ങുക മാത്രമല്ല നിയമനടപടി സ്വീകരിക്കുകയും ചെയ്യും എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

‘കുടിയേറ്റക്കാരുടെ ഭാവിയിലെ കുട്ടികള്‍ സ്വാഭാവികമായി യുഎസ് പൗരന്മാരാകുന്നതിന് കുറഞ്ഞത് ഒരു രക്ഷിതാവെങ്കിലും യുഎസ് പൗരനോ നിയമാനുസൃത സ്ഥിരതാമസക്കാരനോ ആയിരിക്കണമെന്ന് ഫെഡറല്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കും; എന്നാണ് ട്രംപിന്റെ തിരഞ്ഞെടുപ്പ് കാംപെയിനിന്റെ ഔദ്യോഗിക സൈറ്റിലുള്ളത്.

ഭാവിയില്‍ യുഎസില്‍ ജനിക്കുന്ന കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് ഇതോടെ സ്വാഭാവികമായ പൗരത്വത്തിന് ഇനി അവസരമുണ്ടാവില്ല. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 2023 ആദ്യ പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴിലധിഷ്ടിതമായ ഗ്രീന്‍ കാര്‍ഡ് ബാക്ക്ലോഗ് പത്ത് ലക്ഷമാണ് കടന്നിരിക്കുന്നത്. ഗ്രീന്‍ കാര്‍ഡിനായുള്ള ശരാശരി കാത്തിരിപ്പ് സമയം 50 വര്‍ഷമാണ്.

ഇതിനര്‍ഥം യുഎസിലേക്ക് പഠനത്തിനും തൊഴിലിനുമായി കുടിയേറിയ ഇന്ത്യക്കാര്‍ പൗരത്വം കിട്ടുന്നതിന് മുന്‍പ് മരണപ്പെടാനുള്ള സാധ്യത കൂടുതലാണ് എന്നാണ്. കുടിയേറ്റക്കാരുടെ കുട്ടികള്‍ നിയമപരവും അനുവദനീയവുമായ 21 വയസ് മറികടന്ന് യുഎസില്‍ നില്‍ക്കാനാവുക സ്റ്റുഡന്റ് വിസ അനുദിച്ചത് പോലെയാവും. ഈ കാലഘട്ടത്തിനപ്പുറം വിസയില്ലാതെ താമസിച്ചാല്‍ ഇവര്‍ അനധികൃത കുടിയേറ്റക്കാരാവും.

യുഎസ് ഭരണഘടനയുടെ 14ാം ഭേദഗതിയുടെ സെക്ഷന്‍ 1 പ്രകാരം യുഎസില്‍ ജനിച്ചവര്‍ ജന്മനാ യുഎസിന്റെയും അവരുള്ള സംസ്ഥാനത്തിന്റെയും പൗരത്വത്തിന് അര്‍ഹരാണ്. അമേരിക്കന്‍ പൗരരുടെ വ്യക്തിത്വത്തിനും സ്വാതന്ത്രത്തിനും സ്വത്തിനും പൗരത്വത്തിനുമെതിരായി ഒരു സംസ്ഥാനവും ഒരു നിയമവും പുറപ്പെടുവിക്കാന്‍ പാടില്ല, രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യമായ സംരക്ഷണം ഒരുക്കണം.

ട്രംപിന്റെ പൗരത്വത്തിനെതിരായ തീരുമാനം ഈ ഭേദഗതിക്കെതിരായിരിക്കും. ഭേദഗതി തനിക്കനുകൂലമാക്കാന്‍ ട്രംപ് കനത്ത പദ്ധതി തന്നെ നടപ്പാക്കേണ്ടതായി വരും. ട്രംപിന്റെ നയം ഭരണഘടനാവിരുദ്ധമെന്ന് കണ്ടാല്‍ കോടതികള്‍ സ്വമേധയാ നടപടിയെടുക്കാനും സാധ്യത കൂടുതലാണ്.