Sun. Dec 22nd, 2024

 

ദോഹ: ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ് സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് ഖത്തറിന്റെ നയം മാറ്റമെന്നാണ് റിപ്പോര്‍ട്ട്. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഏകദേശം 10 ദിവസം മുന്‍പാണ് അഭ്യര്‍ഥന നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്നാണ് യുഎസ് ഖത്തറിനെ അറിയിച്ചത്. യുഎസിനും ഈജിപ്തിനുമൊപ്പം, ഗാസയില്‍ ഒരു വര്‍ഷം നീണ്ടുനിന്ന സംഘര്‍ഷത്തിന് അറുതി വരുത്താനുള്ള ചര്‍ച്ചകളില്‍ ഖത്തറും പങ്കാളിയായിരുന്നു. ഒക്ടോബര്‍ മധ്യത്തില്‍ നടന്ന ഏറ്റവും പുതിയ ചര്‍ച്ചകളില്‍ ഹമാസ് ഹ്രസ്വകാല വെടിനിര്‍ത്തല്‍ പദ്ധതി നിരസിച്ചിരുന്നു.

ബന്ദികളെ മോചിപ്പിക്കാനുള്ള ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നിരസിച്ച ഹമാസ് നേതാക്കളെ ഒരു അമേരിക്കന്‍ പങ്കാളിയുടെയും തലസ്ഥാനങ്ങളിലേക്ക് ഇനി സ്വാഗതം ചെയ്യേണ്ടതില്ലെന്നാണ് നിലപാടെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മറ്റൊരു ബന്ദി മോചന നിര്‍ദ്ദേശം ആഴ്ചകള്‍ക്ക് മുന്‍പ് ഹമാസ് നിരസിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ ഖത്തറിനോട് നിലപാട് അറിയച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹമാസിനോടുള്ള ആതിഥ്യം അവസാനിപ്പിക്കാന്‍ ഖത്തറിനോട് പറയണമെന്ന് ആവശ്യപ്പെട്ട് 14 റിപ്പബ്ലിക്കന്‍ യുഎസ് സെനറ്റര്‍മാര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് കത്ത് നല്‍കിയിരുന്നു.