ന്യൂഡല്‍ഹി: ബിജെപി ആരോപിക്കുന്നതുപോലെ താന്‍ ബിസിനസ് വിരുദ്ധന്‍ അല്ലെന്നും മറിച്ച് കുത്തക വിരുദ്ധനാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യഥാര്‍ഥ ഈസ്റ്റ് ഇന്ത്യാ കമ്പനി 150 വര്‍ഷങ്ങള്‍ക്കുമുമ്പ് പുറപ്പെട്ടുപോയെന്നും എന്നാല്‍ അത് സൃഷ്ടിച്ച ഭയം പുതിയ ഇനം കുത്തകാവകാശികളായി തിരിച്ചെത്തിയെന്നും ‘ഇന്ത്യന്‍ എക്സ്പ്രസി’ലെ ലേഖനത്തില്‍ അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ പരാമര്‍ശം.
‘ഞാന്‍ ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ബിജെപിയിലെ എതിരാളികള്‍ എന്നെ ബിസിനസ് വിരുദ്ധനായി വിരുദ്ധനായി ചിത്രീകരിച്ചു. ഞാന്‍ ഒരു ബിസിനസ് വിരോധിയുമല്ല. ഞാന്‍ കുത്തക വിരുദ്ധനാണ്. ‘ഒളിഗോപോളികള്‍’ സൃഷ്ടിക്കുന്ന വ്യവസ്ഥയുടെ വിരുദ്ധനാണ്. ഞാന്‍ ഒന്നോ രണ്ടോ മൂന്നോ അഞ്ചോ പേരുടെ ബിസിനസ് ആധിപത്യത്തിന് എതിരാണ്”, എക്സില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ രാഹുല്‍ വ്യക്തമാക്കി.
‘മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായാണ് എന്റെ കരിയര്‍ ആരംഭിച്ചത്. ഒരു ബിസിനസ് വിജയിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ ഞാനിതാവര്‍ത്തിക്കുന്നു. ഞാന്‍ ബിസിനസ് വിരുദ്ധനല്ല. ഒരു കുത്തക വിരുദ്ധനാണ്’, രാഹുല്‍ ആവര്‍ത്തിച്ചു.
തൊഴിലവസരങ്ങള്‍, വ്യവസായം, പുതുമകള്‍, മത്സരങ്ങള്‍ എന്നിവയെ പിന്തുണക്കുന്നുവെന്നും എല്ലാ ബിസിനസുകള്‍ക്കും സ്വതന്ത്രവും നീതിയുക്തവുമായ ഇടം ലഭിക്കുമ്പോള്‍ നമ്മുടെ സമ്പദ്വ്യവസ്ഥ അഭിവൃദ്ധിപ്പെടുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യയെ നിശബ്ദമാക്കിയതെന്നും രാഹുല്‍ തന്റെ ലേഖനത്തില്‍ പറഞ്ഞിരുന്നു. മര്യാദയുള്ള മഹാരാജാക്കന്മാരുമായും നവാബുമാരുമായും പങ്കാളികളാകുകയും കൈക്കൂലി നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ട് കമ്പനി ഇന്ത്യയെ ശ്വാസം മുട്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുത്തകകളുടെ ഒരു പുതിയ ഇനം അതിന്റെ സ്ഥാനത്തേക്ക് കടന്നുവന്ന് ഭീമാകാരമായ സമ്പത്ത് ഉണ്ടാക്കുന്നുവെന്നും രാഹുല്‍ എഴുതുകയുണ്ടായി.