Fri. Nov 22nd, 2024

 

വാഷിങ്ടണ്‍: യുഎസിന്റെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. വിസ്‌കോണ്‍സില്‍ ലീഡ് ചെയ്യുന്ന സീറ്റുകള്‍കൂടി ചേര്‍ത്താണ് വിജയിക്കാനാവശ്യമായ 270 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ എന്ന മാജിക് നമ്പര്‍ ട്രംപ് കടന്നത്. നിര്‍ണായകമായ സ്വിങ് സ്റ്റേറ്റുകള്‍ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്. തുടര്‍ച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാളാണ് ട്രംപ്.

സെനറ്റര്‍ ജെഡി വാന്‍സ് യു.എസിന്റെ 50-ാം വൈസ് പ്രസിഡന്റാവും. 538 ല്‍ 267 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് നേടിയിരിക്കുന്നത്. ഇലക്ടറല്‍ കോളേജിന് പുറമേ, പോപ്പുലര്‍ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ ട്രംപ് അധികാരത്തിലെത്തുന്നത്. നേരത്തെ, 2016-ല്‍ പ്രസിഡന്റായ ട്രംപ് ഇലക്ടറല്‍ കോളേജ് വോട്ടിന്റെ ബലത്തിലാണ് അമേരിക്കയുടെ പ്രഥമ പൗരനായത്. നാലുവര്‍ഷം പൂര്‍ത്തിയാക്കി 2020 തിരഞ്ഞെടുപ്പിനെ നേരിട്ട ട്രംപ് നിലവിലെ പ്രസിഡന്റ് ജോ ബൈഡനോട് പരാജയപ്പെട്ടിരുന്നു.

അമേരിക്കന്‍ ചരിത്രത്തില്‍ ഒരിക്കല്‍ തോല്‍വി അറിഞ്ഞ പ്രസിഡന്റ് വീണ്ടും അധികാരത്തിലെത്തുന്നത് 127 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമാണ്. നോര്‍ത്ത് കാരോലിന, ജോര്‍ജിയ, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ ട്രംപ് വന്‍വിജയമാണ് നേടിയത്. വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കന്‍ ക്യാമ്പ് വിജയാഘോഷം തുടങ്ങി. ഫ്‌ലോറിഡയില്‍ അണികളെ അഭിസംബോധന ചെയ്ത ട്രംപ്, അമേരിക്കയുടെ സുവര്‍ണയുഗമാണിതെന്ന് പറഞ്ഞു.

അരിസോണ, മിഷിഗന്‍, പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍ എന്നീ സ്റ്റേറ്റുകള്‍ ട്രംപ് നേടി. മിഷിഗനില്‍ കമല തുടക്കത്തില്‍ മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് ട്രംപ് അത് മറികടന്നു. വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍, മിഷിഗന്‍ എന്നീ സ്റ്റേറ്റുകള്‍ കൈവിട്ടതാണ് കമലക്ക് തിരിച്ചടിയായത്.

വ്യോമിങ്, വെസ്റ്റ് വെര്‍ജീനിയ, ഉറ്റാഹ്, ടെക്സാസ്, ടെന്നസീ, സൗത്ത് ഡക്കോട്ട, സൗത്ത് കരോലിന, ഒക്ലാഹോമ, ഓഹിയോ, നബ്രാസ്‌ക, നോര്‍ത്ത് ഡക്കോട്ട, നോര്‍ത്ത് കരോലിന, മൊണ്ടാന, മിസിസിപ്പി, മിസൗറി, ലൂസിയാന, കെന്റകി, കന്‍സാസ്, ഇന്ത്യാന, ഇദാഹോ, ലോവ, ഫ്ളോറിഡ, അര്‍കന്‍സാസ്, അലബാമ, ജോര്‍ജിയ സ്റ്റേറ്റുകളാണ് ട്രംപിനൊപ്പം നില്‍ക്കുന്നത്.

വാഷിങ്ടണ്‍, വെര്‍മൗണ്ട്, വെര്‍ജീനിയ, റോഡ് ഐലന്‍ഡ്, ഒറിഗോണ്‍, ന്യൂയോര്‍ക്ക്, ന്യൂമെക്സിക്കോ, ന്യൂജേഴ്സി, നെബ്രാസ്‌ക, മെയ്നെ, മെറിലാന്‍ഡ്, മസാച്യുസെറ്റ്സ്, ഇല്ലിനോയിസ്, ഹവായ്, ഡെലാവെയര്‍, ഡി.സി, കണക്ടികട്, കൊളറാഡോ, കാലിഫോര്‍ണിയ എന്നീ സ്റ്റേറ്റുകളാണ് കമലക്കൊപ്പം നില്‍ക്കുന്നത്.