Wed. Nov 6th, 2024

 

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദം ഉറപ്പിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കാന്‍ പോകുകയാണെന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു.

‘ആളുകള്‍ ഇങ്ങോട്ട് വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ നിയമപരമായി വേണം വരാന്‍’ ട്രംപ് പറഞ്ഞു. വിജയം നേടാന്‍ സഹായിച്ച ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ട്രംപ് നന്ദി പറയുകയും ചെയ്തു. പോപ്പുലര്‍ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ട്രംപ്, ജനപ്രതിനിധി സഭയുടെ നിയന്ത്രണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചതിലുള്ള സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

പ്രഥമ വനിത, മനോഹരിയായ ഭാര്യ മെലാനിയയ്ക്ക് നന്ദി പറയാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ ഭീമനും തന്നെ പിന്തുണയ്ക്കുന്നവരില്‍ പ്രധാനിയുമായ ഇലോണ്‍ മസ്‌കിനേയും ട്രംപ് പ്രശംസിച്ചു. മസ്‌കിനെ ‘താരം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

‘നമുക്ക് ഒരു പുതിയ താരമുണ്ട്, ഇലോണ്‍ മസ്‌ക്. ഒരു താരം ജനിച്ചിരിക്കുന്നു. അദ്ദേഹം പ്രത്യേകതയുള്ള വ്യക്തിയാണ്. പ്രതിഭയാണ്. നമ്മുടെ പ്രതിഭകളെ നാം സംരക്ഷിക്കേണ്ടതുണ്ട്. ഏഷ്യന്‍ അമേരിക്കക്കാരും അമേരിക്കന്‍ മുസ്ലിങ്ങളും അറബ് അമേരിക്കക്കാരും എല്ലാവരും നമ്മെ പിന്തുണച്ചു. സാമാന്യയുക്തിയുടെ പാര്‍ട്ടിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെന്നും’, ട്രംപ് പറഞ്ഞു.

‘അമേരിക്കയ്ക്കുള്ളത് ചൈനയ്ക്കില്ല. ഏറ്റവും മഹത്തുത്തരമായ ജനങ്ങളാണ് അമേരിക്കയ്ക്കുള്ളത്. അതാണ് ഏറ്റവും പ്രധാനപ്പെട്ടതും. ഒരു കാരണം ഉള്ളതിനാലാണ് ദൈവം എന്റെ ജീവനെടുക്കാതിരുന്നത്. നമ്മുടെ രാജ്യത്തെ സേവിക്കുക, അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്നതാണ് ആ കാര്യം. നാം ഒരുമിച്ച് ആ ദൗത്യം പൂര്‍ത്തീകരിക്കും. അമേരിക്കയുടെ സുവര്‍ണകാലഘട്ടമാണ് വരാന്‍പോകുന്നതെന്നും’ ട്രംപ് കൂട്ടിച്ചേര്‍ത്തു.