Fri. Nov 22nd, 2024

 

ന്യൂഡല്‍ഹി: 2004ലെ ഉത്തര്‍പ്രദേശ് മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം ശരിവെച്ച് സുപ്രീംകോടതി. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി പസുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ വിവിധ മദ്‌റസാ മാനേജര്‍മാരുടെയും അധ്യാപകരുടെയും സംഘടനകളും മറ്റും നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്.

ഹൈക്കോടതി വിധി നടപ്പാക്കുന്നത് ഏപ്രില്‍ അഞ്ചിന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. നിയമ നിര്‍മാണത്തില്‍ മതപരമായ കാര്യങ്ങള്‍ ഉണ്ടായാല്‍ അത് ഭരണഘടന വിരുദ്ധമാകില്ലെന്ന് കോടതി വ്യക്തമാക്കി.

മദ്‌റസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും പ്രവര്‍ത്തനം തുടരാമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസിനെ കൂടാതെ, ജസ്റ്റിസുമാരായ ജെബി പാര്‍ദീവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്.

സംസ്ഥാന സര്‍ക്കാറിന് മദ്‌റസകളുടെ വിദ്യാഭ്യാസ നിലവാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാമെന്നും എന്നാല്‍ ഭരണകാര്യങ്ങളില്‍ ഇടപെടരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംസ്ഥാനത്തിന്റെ ക്രിയാത്മകമായ ബാധ്യതയുമായി നിയമം പൊരുത്തപ്പെടുന്നതാണെന്ന് ബെഞ്ച് ഉത്തരവില്‍ പറയുന്നു.

സ്വതന്ത്രമായ മതവിശ്വാസവുമായി ബന്ധപ്പെട്ട ഭരണഘടന വകുപ്പിന് എതിരാണ് മദ്‌റസ നിയമമെന്ന് ഹൈക്കോടതി വിലയിരുത്തിയത് തെറ്റാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ളത് പരമാധികാരം അല്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താമെന്നും കോടതി നിരീക്ഷിച്ചു.

വിദ്യാഭ്യാസ നിലവാരം നിയന്ത്രിക്കുകയും പരീക്ഷ നടത്തുകയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യുന്ന നിയന്ത്രണ സ്വഭാവം മദ്‌റസ നിയമത്തിനുണ്ട്. ന്യൂനപക്ഷ താല്‍പര്യം സംരക്ഷിക്കുന്നതാണ് നിയമമെന്നും കോടതി ചൂണ്ടിക്കാട്ടി.

മദ്‌റസകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ബോര്‍ഡുകളെ ശക്തിപ്പെടുത്താനാണ് 2004ല്‍ ഉത്തര്‍പ്രദേശ് മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം കൊണ്ടുവന്നത്. അറബി, ഉറുദു, പേര്‍ഷ്യന്‍, ഇസ്ലാമിക പഠനം, തത്ത്വശാസ്ത്രം, ബോര്‍ഡ് പറയുന്ന മറ്റുവിഷയങ്ങള്‍ എന്നിവയെ മദ്‌റസാ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

എന്നാല്‍, നിയമം ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞാണ് ഹൈക്കോടതി റദ്ദാക്കിയത്. മദ്‌റസ വിദ്യാര്‍ഥികളെ ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.