ന്യൂഡല്‍ഹി: കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ സീതാറാം യെച്ചൂരിയുടെ നയം സിപിഎം മാറ്റുന്നുവെന്ന വാര്‍ത്ത തള്ളി സിപിഎം നേതാക്കള്‍. രാഷ്ട്രീയ പ്രമേയം ജനുവരിയിലേ ചര്‍ച്ച ചെയ്യൂവെന്ന് പ്രകാശ് കാരാട്ട് പ്രതികരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന അവലോകനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോര്‍ട്ട് മഠയത്തരമെന്നായിരുന്നു പിബി അംഗമായ എംഎ ബേബിയുടെ മറുപടി. പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടക്കുന്നത്. റിപ്പോര്‍ട്ടിയില്‍ യാതൊരു വിഷയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. നയംമാറ്റ വാര്‍ത്ത എ വിജയരാഘവനും തള്ളി. കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തയോടായിരുന്നു നേതാക്കളുടെ പ്രതികരണം.
ഇന്ത്യ മുന്നണിയിലെ പ്രവര്‍ത്തനം പാര്‍ലമെന്റിലും ചില തിരഞ്ഞെടുപ്പുകളിലും ഒതുങ്ങണമെന്നും കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളോട് ശക്തമായി വിയോജിക്കണമെന്നും കരട് റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ രീതികളെയും തുറന്നു കാട്ടണം, സോഷ്യലിസത്തില്‍ ഊന്നി പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തി വര്‍ധിപ്പിക്കണം, ഹിന്ദുത്വ ശക്തികളുടെ ‘മനുവാദി’ നയങ്ങളെ തുറന്നു കാട്ടണം, ഇസ്ലാമിക മതമൗലിക വാദത്തെ ശക്തമായി ചെറുക്കണമെന്നും ഇടതു പാര്‍ട്ടികളുടെ ഐക്യത്തിന് പ്രാധാന്യം നല്‍കണമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.
തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിലും തൊഴിലാളി വിരുദ്ധ നയം ചെറുക്കണമെന്നും സോഷ്യലിസം ബദലാകണം എന്നിങ്ങനെ 14 നിര്‍ദേശങ്ങളാണ് കരട് റിപ്പോര്‍ട്ടില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മെച്ചമുണ്ടായി. കേരളത്തില്‍ ജയിച്ചത് മാത്രമാണ് സിപിഎമ്മിന്റെ യഥാര്‍ഥ ശക്തിയെന്നും മറ്റിടങ്ങളില്‍ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് സീറ്റുകള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിജെപിയാണ് മുഖ്യശത്രുവെന്നും അവരെ തോല്‍പ്പിക്കാന്‍ ആരുമായും സഖ്യമാകണമെന്നുമായിരുന്നു യെച്ചൂരിയുടെ നയം. ബിജെപിയെ തടയാന്‍ ഇന്‍ഡ്യ മുന്നണിയെ പാര്‍ലമെന്റിലും പുറത്തും ശക്തമാക്കണമെന്നതായിരുന്നു യെച്ചൂരിയുടെ നിലപാട്.