Wed. Jan 22nd, 2025

 

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ. കൃത്യമായ പക്ഷമില്ലാത്ത നിര്‍ണായക സംസ്ഥാനങ്ങളില്‍ (സ്വിങ് സ്റ്റേറ്റുകള്‍) അന്തിമപ്രചാരണം നടത്തുകയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസും.

ഇതുവരെ 44 ശതമാനം പേര്‍ മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച പകുതിയായപ്പോഴേക്കും 6.8 കോടി ജനങ്ങള്‍ വോട്ട് ചെയ്‌തെന്നാണ് കണക്ക്. ഏഴ് സ്വിങ് സ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഡൊണാള്‍ഡ് ട്രംപും കമല ഹാരിസും പ്രചാരണം നടത്തുന്നത്. ഷിഗണ്‍, പെന്‍സില്‍വാനിയ, ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലാണ് ട്രംപിന്റെ ക്യാംപയിന്‍. മിഷിഗണ്‍, ജോര്‍ജിയ, പെന്‍സില്‍വാനിയ സംസ്ഥാനങ്ങളില്‍ കമല പ്രചാരണത്തിനിറങ്ങും.

അമേരിക്ക ഒരു വനിതാ പ്രസിഡന്റിന് സജ്ജമാണ് എന്ന് പ്രസ്താവിച്ചുകൊണ്ട് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമലാ ഹാരിസ്. ട്രംപാകട്ടെ ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കു’മെന്ന പ്രഖ്യാപനവുമായി, കുടിയേറ്റത്തിനെതിരേ കര്‍ശന നിലപാടുകളോടെ കൂട്ട നാടുകടത്തലുള്‍പ്പെടെ വാഗ്ദാനം ചെയ്യുന്നു.

അഭിപ്രായ വോട്ടെടുപ്പുകളും മുന്‍കൂര്‍ വോട്ടിങ് തരംഗവും ഡെമോക്രാറ്റിക് പാര്‍ട്ടിയെ ആവേശത്തിലാക്കുമ്പോള്‍ ഭരണവിരുദ്ധവികാരത്തിന്റെ ആത്മവിശ്വാസത്തിലാണ് ട്രംപ് വിഭാഗം. സ്വിങ് സ്റ്റേറ്റുകളും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റവും ഗര്‍ഭഛിദ്രവുമാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങള്‍.

270 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഇലക്ടറല്‍ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥിയാണ് വൈറ്റ്ഹൗസില്‍ എത്തുക. നിലവിലെ സ്ഥിതിയനുസരിച്ച് കമലയ്ക്ക് 226ഉം ട്രംപിന് 219ഉം ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പാണ്. വിജയം ഉറപ്പിക്കാന്‍ കമലയ്ക്ക് 44 അധിക ഇലക്ടറല്‍ വോട്ടുകളും ട്രംപിന് 51 അധിക ഇലക്ടറല്‍ വോട്ടുകളും സമാഹരിക്കണം.