Thu. Nov 21st, 2024

 

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യവ്യവസ്ഥയില്‍ ഇളവ്. എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥ സുപ്രീംകോടതി ഇളവ് ചെയ്തു. ജസ്റ്റിസ് പിഎസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

വിചാരണ ആരംഭിക്കാനിരിക്കെ ജാമ്യവ്യവസ്ഥകളില്‍ ഇളവ് വേണമെന്ന് സിദ്ദീഖ് കാപ്പന് വേണ്ടി അഭിഭാഷകനായ അസര്‍ അസീസ് ആവശ്യപ്പെട്ടിരുന്നു. കാപ്പന്റെ മൊബൈല്‍ ഫോണ്‍ വിട്ടുനല്‍കാനാവില്ലെന്ന് യുപി പൊലീസ് അറിയിച്ചു.

2020 ഒക്ടോബര്‍ അഞ്ചിനാണ് കാപ്പന്‍ അറസ്റ്റിലാകുന്നത്. ഹാഥ്റസില്‍ ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നുന്നതിനിടെ മഥുര ടോള്‍ പ്ലാസയില്‍ വച്ചാണ് കാപ്പന്‍ അറസ്റ്റിലാകുന്നത്. കാറില്‍ ഒപ്പം സഞ്ചരിച്ചവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആണെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായ കാപ്പന് പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചിരുന്നു.

പിഎഫ്‌ഐയുടെ മുഖപത്രമായിരുന്ന തേജസിന്റെ ഡല്‍ഹി മുന്‍ ലേഖകന്‍ കൂടിയായിരുന്നു സിദ്ദിഖ് കാപ്പന്‍. വര്‍ഗീയ കലാപമുണ്ടാക്കലും സൗഹൃദ അന്തരീക്ഷം തകര്‍ക്കലും ഗൂഢാലോചനയും ചേര്‍ത്ത് യുഎപിഎ ചുമത്തി. അമ്പതിനായിരത്തില്‍ താഴെ രൂപ മാത്രമാണ് കാപ്പന്റെ അക്കൗണ്ടില്‍ അവശേഷിച്ചെങ്കിലും അനധികൃതമായി പണമെത്തിയെന്നു ആരോപിച്ചു ഇഡി കേസെടുക്കുകയായിരുന്നു.

യുഎപിഎ കേസില്‍ സെപ്തംബര്‍ 9ന് സുപ്രിം കോടതിയും ഇഡി കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ഡിസംബര്‍ 23നുമാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 2നാണ് കാപ്പന്‍ ജയില്‍മോചിതനാകുന്നത്.