Sat. Dec 14th, 2024

 

ന്യൂഡല്‍ഹി: ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ നശിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വ്യാജ പ്രചാരണങ്ങള്‍ യഥാര്‍ഥ ക്ഷേമത്തിന് പകരമാകില്ലെന്നും ഖാര്‍ഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് റാലികളിൽ സാധാരണക്കാർ നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണം എന്നും ഗാര്‍ഗെ പറഞ്ഞു.

‘സാധാരണ പൗരന്മാരുടെ അവസാന പണവും കൊള്ളയടിച്ച് നിങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി നോക്കൂ. കുറഞ്ഞ ഉപഭോഗം, ഉയര്‍ന്ന പണപ്പെരുപ്പം, വര്‍ധിച്ചുവരുന്ന അസമത്വം, മന്ദഗതിയിലുള്ള നിക്ഷേപം, വേതന മുരടിപ്പ് എന്നിവയില്‍ വലയുന്ന ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ ആവേശം ഉയര്‍ത്താന്‍ ആഘോഷങ്ങളുടെ ആര്‍പ്പുവിളികള്‍ക്ക് പോലും കഴിഞ്ഞില്ല’, ഖാര്‍ഗെ എക്സ് പോസ്റ്റില്‍ പറഞ്ഞു.

ഭക്ഷ്യവിലപ്പെരുപ്പം 9.2 ശതമാനമാണ്. പച്ചക്കറി ആഗസ്റ്റിലെ 10.7 ശതമാനത്തില്‍ നിന്ന് 2024 സെപ്റ്റംബറില്‍ 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 36 ശതമാനമായി. എഫ്എംസിജി മേഖലയില്‍ ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞു. വില്‍പ്പന വളര്‍ച്ച 10.1 ശതമാനത്തില്‍ നിന്ന് 2.8 ശതമാനമായി കുറഞ്ഞുവെന്നതാണ് വസ്തുത. ധനകാര്യ മന്ത്രാലയത്തിന്റെ പ്രതിമാസ റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

ഗാര്‍ഹിക സമ്പാദ്യം 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. സെപ്റ്റംബറില്‍ യാത്രാ വാഹന വില്‍പ്പനയില്‍ 19 ശതമാനം ഇടിവുണ്ടായെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.