Tue. Nov 5th, 2024

 

കണ്ണൂര്‍: ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം. വ്യക്തികളല്ല നയമാണ് പ്രശ്‌നമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇടത് അനുകൂല നയം സ്വീകരിച്ചാല്‍ സന്ദീപിനെ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയകാര്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യും എന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.

‘മുമ്പും സമാന കാഴ്ചപ്പാടുള്ളവരെ സിപിഎം സ്വീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ എല്ലാവരെയും സ്വാഗതം ചെയ്യും. ഇടതുപക്ഷവുമായി സഹകരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്ന നിലപാടാണ് ഞങ്ങളുടേത്. വ്യക്തിയല്ല, നയമാണ് പ്രശ്‌നം’, എം വി ഗോവിന്ദന്‍ പറഞ്ഞു.

ഫാഷിസ്റ്റ് പ്രത്യയ ശാസ്ത്രം വിട്ടുവരുന്നവരെ സ്വീകരിക്കാന്‍ സിപിഎമ്മിന് മടിയില്ലെന്ന് മന്ത്രി എംബി രാജേഷും പറഞ്ഞു. പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് സന്ദീപ് വാര്യര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ നിലപാട് തിരുത്തി മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതില്‍ തെറ്റില്ല. തിരഞ്ഞെടുപ്പില്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ചയല്ലെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.