Sat. Dec 21st, 2024

വ്യക്തികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതിനെതിരെ സിപിഎമ്മും കേന്ദ്ര നേതൃത്വവും ശബ്ദമുയര്‍ത്തുകയും നിയമത്തെ ക്രൂരമെന്ന് വിളിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഭരണമുള്ള കേരളത്തില്‍ യുഎപിഎയില്‍ ഇരട്ടനിലപാട് സ്വീകരിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്

ളമശ്ശേരി സമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ ചടങ്ങിനിടെ ഉണ്ടായ സ്‌ഫോടനം കേരള ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ട സ്‌ഫോടനമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 നാണ് ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ എട്ടു പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടക്കുന്നത്. 52 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഡൊമിനിക് മാര്‍ട്ടിന്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ ലൈവിലൂടെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പോലീസില്‍ കീഴടങ്ങി.

ഇടുക്കി കാളിയാര്‍ സ്വദേശിനി കുമാരി പുഷ്പന്‍, മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍, സഹോദരി ലിബിന, മാതാവ് സാലി പ്രദീപ്, കളമശ്ശേരി സ്വദേശിനി മോളി ജോയ്, പെരുമ്പാവൂര്‍ സ്വദേശിനി ലിയോണ പൗലോസ്, തൊടുപുഴ കോടിക്കുളം സ്വദേശി ജോണ്‍, ഭാര്യ ലില്ലി ജോണ്‍ എന്നിവരാണ് മരിച്ചത്. 2024 ഏപ്രില്‍ 23ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആക്രമണത്തിനിടെ ഗുരുതര പരിക്കേറ്റവര്‍ അടക്കം 294 സാക്ഷികളാണ് കേസിലുള്ളത്.

റീമോര്‍ട് കണ്ട്രോള്‍ ഉപയോഗിച്ചാണ് മൂന്നു തവണകളിലായി സ്‌ഫോടനം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു. ആദ്യം വിശ്വസിക്കാതിരുന്ന പോലീസ് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെ തെളിവുകള്‍ ഹാജരാക്കിയതിന് ശേഷമാണ് ഇയാള്‍ പ്രതിയാണെന്ന് ഉറപ്പിക്കുന്നത്. കീഴടങ്ങാന്‍ വേണ്ടി മാര്‍ട്ടിന്‍ കൊടകര പോലീസ് സ്റ്റേഷനില്‍ എത്തിയ സ്‌കൂട്ടറിനുള്ളില്‍ തന്നെയായിരുന്നു റിമോട്ടുകള്‍ സൂക്ഷിച്ച് വെച്ചിരുന്നത്.

കളമശ്ശേരി സമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്ഫോടനം Screengrab, Copyright: The Hindu

‘യഹോവയുടെ സാക്ഷികള്‍ നടത്തിയ കണ്‍വെന്‍ഷനില്‍ ഒരു ബോംബ് സ്‌ഫോടനം ഉണ്ടാവുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിച്ചുവെന്നും എനിക്ക് കൃത്യമായിട്ട് അറിയാം. അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുകയാണ്’ എന്ന് പറഞ്ഞ് മാര്‍ട്ടിന്‍ ഫെയ്‌സ്ബുക്കില്‍ വിഡിയോ പങ്കുക്കുകയായിരുന്നു. ശേഷം തൃശൂര്‍ കൊടകര പോലീസ് സ്റ്റേഷനില്‍ മാര്‍ട്ടിന്‍ ഹാജരാകുകയായിരുന്നു. യഹോവ സാക്ഷികള്‍ തെറ്റായ പ്രസ്ഥാനമാണെന്നും രാജ്യദ്രോഹപരമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും മാര്‍ട്ടിന്‍ തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ ആരോപിച്ചിരുന്നു. താന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ തയാറാകാത്തതിനാലാണ് സ്ഫോടനം നടത്തിയതെന്നും മാര്‍ട്ടിന്‍ പറഞ്ഞിരുന്നു.

ആരാണ് യാഹോവ സാക്ഷികള്‍

മുഖ്യധാരാ ക്രൈസ്തവരില്‍ നിന്ന് വ്യത്യസ്തമായി ത്രിയേകദൈവത്തില്‍ (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്) വിശ്വസിക്കാത്ത ക്രിസ്തീയ മതവിഭാഗമാണ് യഹോവ സാക്ഷികള്‍. യേശു ദൈവത്തിന്റെ പുത്രനാണ് എന്നും ദൈവമല്ല എന്നുമാണ് ഇവരുടെ വിശ്വാസം.

1870 കളില്‍ അമേരിക്കക്കാരനായ ചാള്‍സ് ടെസ് റസ്സല്‍ എന്നയാളാണ് യഹോവയുടെ സാക്ഷികള്‍ സ്ഥാപിച്ചത്. ലോകത്തുടനീളം 85 ലക്ഷം പേര്‍ ഈ വിശ്വാസം പിന്തുടരുന്നുണ്ട് എന്നാണ് കണക്ക്. കേരളത്തില്‍ ഇവര്‍ പതിനയ്യായിരത്തോളം വരും.

വാതിലുകള്‍ തോറും കയറിയിറങ്ങി നടത്തുന്ന സുവിശേഷ പ്രസംഗത്തിന് അറിയപ്പെട്ട വിഭാഗമാണിത്. പ്രത്യേക ലഘുലേഖകള്‍ ഇവര്‍ വിതരണം ചെയ്യാറുണ്ട്. പ്രചാരകര്‍ എന്നാണ് ഈ പ്രവര്‍ത്തകര്‍ അറിയപ്പെടുന്നത്.

ത്രിത്വത്തെ നിരാകരിക്കുന്നതിനൊപ്പം പരമ്പരാഗത ക്രിസ്ത്യന്‍ വിശ്വാസത്തിലെ ആത്മാവിന്റെ അനശ്വരത, നരകം എന്നിവയും ഇവര്‍ വിശ്വസിക്കുന്നില്ല. ഇവയെല്ലാം വേദഗ്രന്ഥത്തിലില്ലാത്ത വിഷയങ്ങളാണ് എന്നാണ് ഇവര്‍ പറയുന്നത്. ക്രിസ്തുമസ്, ഈസ്റ്റര്‍, ജന്മദിനങ്ങള്‍ എന്നിവയും ആചരിക്കാറില്ല. കുരിശ്, രൂപങ്ങള്‍ തുടങ്ങിയവയൊന്നും ആരാധിക്കാറുമില്ല.

യഹോവ സാക്ഷികള്‍ ബൈബിളിനെ അംഗീകരിക്കുന്നവരാണെങ്കിലും മൗലികവാദികളെല്ലാണ് അവര്‍ പറയുന്നത്. ബൈബിളിലെ പല ഭാഗങ്ങളും ആലങ്കാരിക ഭാഷയിലോ പ്രതീകങ്ങള്‍ ഉപയോഗിച്ചോ ആണ് എഴുതിയിരിക്കുന്നതെന്നും അവ അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടവയല്ലെന്നുമാണ് അവര്‍ വിശ്വസിക്കുന്നത്.

യേശുവിന്റെ പഠിപ്പിക്കലും മാതൃക പിന്‍പറ്റുകയും രക്ഷകനും ദൈവപുത്രനുമെന്ന നിലയില്‍ ആദരിക്കുകയും ചെയ്യുന്നു. ആ അര്‍ത്ഥത്തില്‍ ക്രിസ്ത്യാനികളായാണ് സ്വയം വിശേഷിപ്പിക്കുന്നത്. എന്നിരുന്നാലും യേശു സര്‍വശക്തനായ ദൈവമല്ലെന്നും ത്രിത്വോപദേശത്തിന് തിരുവെഴുത്തടിസ്ഥാനമല്ലെന്നും ബൈബിളില്‍ നിന്നും പഠിച്ചിരിക്കുന്നുവെന്നുമാണ് യഹോവ സാക്ഷികള്‍ പറയുന്നത്.

കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍

യഹോവ സാക്ഷികളുടെ കണ്ണില്‍ സ്വര്‍ഗത്തില്‍ നിന്നും ഭരിക്കുന്ന ഒരു യഥാര്‍ത്ഥ സര്‍ക്കാരാണ് ദൈവരാജ്യം. അല്ലാതെ ക്രിസ്ത്യാനികളുടെ ഹൃദയത്തില്‍ തോന്നുന്ന ഒരു അവസ്ഥയല്ല. മനുഷ്യ സര്‍ക്കാരുകളെയെല്ലാം നീക്കിയശേഷം ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം നിറവേറ്റപ്പെടുമെന്നും ബൈബിള്‍ പ്രവചനം സൂചിപ്പിക്കുന്നതിന് അനുസരിച്ച് നമ്മള്‍ ജീവിക്കുന്നത് അന്ത്യകാലത്ത് ആയതിനാല്‍ ദൈവരാജ്യം എത്രയും പെട്ടെന്ന് ഇക്കാര്യങ്ങളെല്ലാം നടപ്പാക്കുമെന്നുമാണ് യഹോവ സാക്ഷികള്‍ പറയുന്നത്.

യേശു സ്വര്‍ഗത്തില്‍ നിന്ന് ഭരിക്കുന്ന ദൈവരാജ്യത്തിന്റെ രാജാവാണെന്നും ആ ഭരണം 1914ല്‍ ആരംഭിച്ചുവെന്നും അവര്‍ വിശ്വസിക്കുന്നു. ഇവരുടെ ആരാധനാലയത്തെ ‘രാജ്യഹാള്‍’ എന്നാണ് വിളിക്കുന്നത്.

സൈനിക സേവനത്തിന് സന്നദ്ധരാകാത്തതു മൂലം നിരവധി രാഷ്ട്രങ്ങളില്‍ യഹോവ സാക്ഷികള്‍ പീഡനത്തിന് വിധേയരായിട്ടുണ്ട്. നാസി ജര്‍മനിയിലും സോവിയറ്റ് റഷ്യയിലുമായിരുന്നു ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുതലും. ഹിറ്റ്ലറുടെ സൈന്യത്തില്‍ ചേരാന്‍ വിസമ്മതിച്ചു മൂലം ആയിരക്കണക്കിന് യഹോവ സാക്ഷികളെ തടങ്കലില്‍ പാര്‍പ്പിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്.

1905ലാണ് ഇവര്‍ കേരളത്തിലെത്തുന്നത്. സ്ഥാപകനായ സി ടി റസ്സല്‍ 1912ല്‍ പ്രസംഗിച്ച സ്ഥലം റസ്സല്‍പുരം എന്നാണ് എന്നാണ് അറിയപ്പെടുന്നത്. തിരുവനന്തപുരത്തെ ബാലരാമപുരം പഞ്ചായത്തിലാണ് റസ്സല്‍പുരം. തിരുവിതാംകൂര്‍ മഹാരാജാവ് റസ്സലിനെ ഹാര്‍ദമായി സ്വാഗതം ചെയ്തു എന്നാണ് ചരിത്രം. തിരുവനന്തപുരം സര്‍വകലാശാല സെനറ്റ് ഹാളില്‍ റസ്സലിന്റെ ചിത്രം സ്ഥാപിച്ചിട്ടുണ്ട്.

കോട്ടയം, പത്തനംതിട്ട എന്നിവടങ്ങളിലായിരുന്നു സഭയുടെ ആദ്യകാല പ്രവര്‍ത്തനം. ഇപ്പോള്‍ കേരളമൊട്ടാകെ സജീവമാണ്. രാഷ്ട്രീയമായി പൊതുവെ നിഷ്പക്ഷരാണ് ഇക്കൂട്ടര്‍. ദേശീയപതാകയെ വന്ദിക്കാതിരിക്കാനും ദേശീയഗാനം പാടാതിരിക്കാനു, സൈനിക സേവനം നടത്താതിരിക്കാനും വിശ്വാസപരമായ കാരണങ്ങളാണ് ഇവര്‍ പറയുന്നത്. അതുകൊണ്ട് തന്നെ സൈനിക സേവനം നിര്‍ബന്ധമായ പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇവര്‍ വലിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. കേരളത്തിലും വിശ്വാസം സംരക്ഷിക്കാന്‍ ഇവര്‍ വലിയ നിയമ പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്.

ദേശീയ ഗാനം ആലപിക്കാത്തതിന്റെ പേരില്‍ 1985 ജൂലൈ 26ന് യഹോവയുടെ സാക്ഷികളായ ചില വിദ്യാര്‍ഥികളെ കോട്ടയത്തെ ഒരു സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ദേശീയഗാനം പാടാത്ത കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കണ്ട എന്നായിരുന്നു വിധി. കേസ് സുപ്രീം കോടതിയില്‍ പരിഗണിച്ച പ്രത്യേക ബെഞ്ച് ഹൈക്കോടതിയെ വിമര്‍ശിക്കുകയും, പുറത്താക്കപ്പെട്ട യഹോവയുടെ സാക്ഷികളായ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നും ഉത്തരവിട്ടു.

അകലെ നിന്ന് സ്ഫോടനം നിയന്ത്രിക്കാവുന്ന തരത്തിലുള്ള വീര്യം കുറഞ്ഞ ഐഇഡി സ്ഫോടനമാണ് കളമശ്ശേരിയില്‍ ഉണ്ടായതെന്നും ചോറ്റുപാത്രത്തിലാകാം ഈ സ്ഫോടക വസ്തു ഘടിപ്പിച്ചതെന്നുമാണ് അന്ന് ഡിജിപി പറഞ്ഞത്. രണ്ടായിരത്തിലേറെ ആളുകള്‍ കൂടുന്ന ഒരു പ്രാര്‍ഥനാ യോഗത്തിലേക്ക് കടന്നുകയറി വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചു സ്ഫോടനം നടത്താന്‍ വ്യക്തമായ ആസൂത്രണം വേണമെന്ന് ഡിജിപി പ്രാഥമിക അന്വേഷണത്തിന് ശേഷം അറിയിച്ചിരുന്നു.

മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന് കണ്ടെത്തിയ പോലീസ് യുഎപിഎ, സ്ഫോടക വസ്തു നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇന്റര്‍നെറ്റില്‍ നോക്കിയാണ് ബോംബ് ഉണ്ടാക്കാന്‍ പഠിച്ചതെന്നായിരുന്നു ഡൊമിനിക്കിന്റെ മൊഴി.

യുഎപിഎയുടെ 15-ാം വകുപ്പനുസരിച്ച് സ്‌ഫോടക വസ്തുക്കളോ മറ്റ് മാരക വസ്തുക്കളോ ഉപയോഗിച്ച് കൊല്ലുകയോ പരിക്കേല്‍പിക്കുകയോ കൊല്ലാന്‍ ശ്രമിക്കുകയോ ഭീകരത അഴിച്ചുവിടാന്‍ സാഹചര്യമുണ്ടാക്കുകയോ ചെയ്യുന്ന ഏതൊരു കൃത്യവും ഭീകരപ്രവര്‍ത്തനമാണ്.

16 വര്‍ഷം യഹോവകളുടെ സാക്ഷി പ്രവര്‍ത്തകനായിരുന്ന ഡൊമനിക് മാര്‍ട്ടിന്‍ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് സഭ വിടുകയായിരുന്നു. ആ എതിര്‍പ്പ് തന്നെയാണ് സ്ഫോടനത്തിന് പ്രേരിപ്പിച്ചതും.

മാര്‍ട്ടിനെതിരെ ചുമത്തിയത് യുഎപിഎയുടെ കീഴിലുള്ള ‘ജീവാഹാനിക്കു കാരണമാകുന്ന ഭീകരപ്രവര്‍ത്തനം’ എന്ന വകുപ്പായിരുന്നുവെങ്കിലും അത് കേരള സര്‍ക്കാര്‍ പിന്‍വലിച്ചതയുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം എന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎപിഎയുമായി ബന്ധപ്പെട്ട് ആദ്യമായല്ല പിണറായി സര്‍ക്കാര്‍ വിവാദത്തിലാകുന്നത്. നേരത്തെ അലന്‍-താഹാ കേസിലും ഇടതുസര്‍ക്കാര്‍ നിശിതമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

പുസ്തകം, ലഘുരേഖകള്‍ എന്നിവ കൈവശം വെച്ചു എന്ന് പറഞ്ഞാണ് അലനും താഹക്കും എതിരെ ഇടതുപക്ഷ സര്‍ക്കാര്‍ യുഎപിഎ ചുമത്തുന്നത്. ‘അവര്‍ ചായ കുടിക്കാന്‍ പോയതല്ല’ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.

താഹ ഫസല്‍

‘സിപിഎം അണികള്‍ പറയുന്നത് ഒരു തീവ്രവാദ ഗ്രൂപ്പില്‍ അംഗം അല്ലാത്തത് കൊണ്ട് കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതിയ്ക്കെതിരെ യുഎപിഎ ചുമത്താന്‍ പറ്റില്ല എന്നാണ്. ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യത്തിന് അനുസരിച്ച് യുഎപിഎ ചുമത്താം എന്ന് 2019 ലെ പുതിയ അമന്റ്മെന്റില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് യുഎപിഎയ്ക്ക് എതിരാണ് എന്നാണ്. എന്നാല്‍ കളമശ്ശേരി സ്ഫോടനത്തിന് ശേഷവും സര്‍ക്കാര്‍ യുഎപിഎ ചുമത്തിയിട്ടുണ്ട്. വിചാരണയ്ക്ക് അനുമതി കൊടുത്തിട്ടുമുണ്ട്. ഞങ്ങളുടെ കേസിന് മുമ്പും ശേഷവും ഏറ്റവും കൂടുതല്‍ യുഎപിഎ ചുമത്തിയിട്ടുള്ളത് കപട ഇടതുപക്ഷ സര്‍ക്കാരാണ്.

ഒരു വ്യക്തിയ്ക്ക് എതിരേയും യുഎപിഎ ചുമത്തരുത് എന്നതാണ് എന്റെ വ്യക്തിപരമായ നിലപാട്. ഇത്രയും മനുഷ്യത്വവിരുദ്ധമായ ഒരു നിയമം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഉണ്ടാവാന്‍ പാടില്ല എന്ന പക്ഷക്കാരനാണ് ഞാന്‍. മുസ്ലീംങ്ങള്‍ക്കെതിരെയും മാവോയിസ്റ്റുകള്‍ക്കെതിരെയും സിഖ് വംശജര്‍ക്കെതിരെയും മാത്രം ചുമത്തുന്ന ഒരു നിയമം ആയാണ് യുഎപിഎ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഭൂരിപക്ഷം യുഎപിഎ തടവുകാര്‍ മുസ്ലീംങ്ങളും മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരുമാണ്. കേരളത്തിലും സ്ഥിതി ഇങ്ങനെയാണ്.

രൂപേഷിന്റെ കേസില്‍ ഹൈക്കോടതി റദ്ദാക്കിയ യുഎപിഎ പുനസ്ഥാപിക്കാന്‍ സുപ്രീംകോടതി വരെ പോയ സര്‍ക്കാര്‍ ആണിത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നിരന്തരമായ ഇടപെടല്‍മൂലം അതില്‍ നിന്നും പിന്‍വാങ്ങുകയാണ് സര്‍ക്കാര്‍ പിന്നീട് ചെയ്തത്. 11 കേസില്‍ ജാമ്യം കിട്ടി ജയില്‍ മോചിതനായ ഡാനിഷ് എന്ന തടവുകാരനെ അടുത്ത കേസ് ചുമത്തി ജയിലിന്റെ പരിസരത്തുനിന്നു തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള നിലപാടുകളാണ് സര്‍ക്കാര്‍ തുടരുന്നത്.’, പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തപ്പെട്ട താഹ ഫസല്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

യുഎപിഎ നിയമത്തില്‍ എക്കാലത്തും വിഭിന്നമായ നിലപാട് പുലര്‍ത്തിയ പാര്‍ട്ടിയാണ് സിപിഎം. 1967 ല്‍ പാര്‍ലമെന്റ് പാസാക്കിയ ദി അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ) നിയമത്തില്‍ കാര്യമായ ഭേദഗതി കൊണ്ടുവന്നത് 2008 ലാണ്. അന്ന് രാജ്യം ഭരിച്ചിരുന്നത് യുപിഎ സര്‍ക്കാരായിരുന്നു. ഇടതുപക്ഷത്തിന്റെ പിന്തുണയും യുപിഎ സര്‍ക്കാറിനുണ്ടായിരുന്നു. അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം, മുംബൈ ഭീകരാക്രമണത്തിന്റെ ചുവടുപിടിച്ചായിരുന്നു വലിയ ദുരുപയോഗ സാധ്യതകള്‍ ഉണ്ടായിരുന്ന യുഎപിഎ ഭേദഗതി ഒരു പാര്‍ട്ടികളുടെയും എതിര്‍പ്പില്ലാതെ പാസാക്കിയെടുത്തത്.

യുഎപിഎ കേസുകളില്‍ നിരപരാധിത്വം തെളിയിക്കേണ്ട ചുമതല കുറ്റാരോപിതനാണ്. കുറ്റപത്രം നല്‍കാതെ 180 ദിവസം വരെ തടവില്‍ പാര്‍പ്പിക്കാനും കഴിയും. ഇത് സ്വാഭാവിക ജാമ്യം കുറ്റാരോപിതന് നിഷേധിക്കാറുണ്ട്. അന്ന് ഭേദഗതിയ്ക്ക് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ട് ചെയ്ത സിപിഎം 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ പറഞ്ഞ പ്രധാന കാര്യം യുഎപിഎ നിയമം റദ്ദാക്കുമെന്നാണ്.

കേരളത്തില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിന് ശേഷം വ്യാപകമായി യുഎപിഎ ചുമത്തപ്പെട്ടത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. 2016 മെയ് 25 മുതല്‍ 2021 മെയ് 19 വരെ അഞ്ച് വര്‍ഷം 145 കേസെടുത്തുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. മാവോയിസ്റ്റുകള്‍ക്കും അനുഭാവികള്‍ക്കുമെതിരായാണ് വ്യാപകമായി യുഎപിഎ ചുമത്തപ്പെട്ടത്. ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) രൂപീകരിച്ചിട്ടുണ്ട്.

വ്യക്തികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതിനെതിരെ സിപിഎമ്മും കേന്ദ്ര നേതൃത്വവും ശബ്ദമുയര്‍ത്തുകയും നിയമത്തെ ക്രൂരമെന്ന് വിളിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഭരണമുള്ള കേരളത്തില്‍ യുഎപിഎയില്‍ ഇരട്ടനിലപാട് സ്വീകരിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്.

അലന്‍ ഷുഹൈബ്

‘അലനിലും താഹയിലും തുടങ്ങുന്നതോ അവസാനിക്കുന്നതോ ആയ കാര്യമല്ല യുഎപിഎ. കേരളത്തില്‍ ആദ്യമായി യുഎപിഎ ചുമത്തിയ കാലഘട്ടം മുതല്‍ ഇന്നുവരെ ധാരാളം കേസുകള്‍ യുഎപിഎ പ്രകാരം എടുത്തിട്ടുണ്ട്. ഞങ്ങളുടെ കേസില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്, യുഎപിഎ എടുത്തുമാറ്റാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ എന്‍ഐഎ കേസ് ഏറ്റെടുത്തതോടെ അതിന് കഴിഞ്ഞില്ല എന്നുമാണ്.

ഞങ്ങളുടെ കേസ് മാറ്റിനിര്‍ത്തിയാല്‍ തന്നെ കേരളത്തില്‍ ഒരുപാട് യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പുസ്തകങ്ങള്‍ കൈവശം വെച്ചു, ലഘുരേഖകള്‍ കൈവശം വെച്ചു, മുദ്രാവാക്യം വിളിച്ചു, പോസ്റ്ററുകള്‍ ഒട്ടിച്ചു എന്നിവയൊക്കെയാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ പൊതുവായുള്ള പ്രത്യേകതകള്‍.

അലന്റെയും താഹയുടെയും കേസ് എന്‍ഐഎ ഏറ്റെടുത്തത് കൊണ്ട് കേന്ദ്ര സര്‍ക്കാരിന് മാത്രമേ ഒരു തീരുമാനം എടുക്കാന്‍ സാധിക്കൂ. അതേസമയം, കേരളത്തിലുള്ള മറ്റനവധി കേസുകളിലും യുഎപിഎ പിന്‍വലിച്ചിട്ടില്ല. അതായത് വളരെ ദുര്‍ബലമായ കേസുകളില്‍ യുഎപിഎ പിന്‍വലിച്ചിട്ടില്ല. പക്ഷേ, എട്ടുപേര്‍ കൊല്ലപ്പെട്ട കേസില്‍ യുഎപിഎ പിന്‍വലിച്ചു എന്നതാണ് ഇരട്ടത്താപ്പ്.

ആര്‍ക്കെതിരെയും യുഎപിഎ ചുമത്തണം എന്ന നിലപാട് എനിക്കില്ല. യുഎപിഎ എന്ന നിയമം അതിന്റെ അസ്ഥിത്വത്തില്‍ തന്നെ നീതിയ്ക്കും ന്യായത്തിനും നിരക്കാത്ത ഒരു നിയമം ആയാണ് തോന്നിയിട്ടുള്ളത്. ജാമ്യം നിഷേധിക്കുന്നതും വിചാരണ കാലയളവില്‍ തന്നെ കേസുകള്‍ സങ്കീര്‍ണമാക്കുന്നതും തുടങ്ങി നീതി, ന്യായത്തിന് നിരക്കുന്ന നിയമമായി വിലയിരുത്തപ്പെടുന്നില്ല എന്നുള്ളത് കൊണ്ടാണ് യുഎപിഎയ്ക്ക് എതിരായി നിലപാട് എടുക്കുന്നത്. അല്ലാതെ സിപിഎമ്മിന്റെ കാപട്യം നിറഞ്ഞ നിലപാടല്ല. അതായത് ചിലര്‍ക്കെതിരെ യുഎപിഎ ചുമത്തുമ്പോള്‍ അത് നീതീകരിക്കുന്നതും അല്ലാത്ത സമയത്ത് നീതീകരിക്കപ്പെടാത്തതും ആണ് എന്നുള്ള നിലപാടാണ് സിപിഎമ്മിന്റെത്.

മറ്റൊരു കാര്യം, യുഎപിഎ കേസില്‍ വിജിത്ത്, ഉസ്മാന്‍ എന്നിവര്‍ ഇപ്പോഴും ജയിലില്‍ കിടക്കുന്നുണ്ട്. മതം ജാതി എന്നിവയ്ക്കെതിരെ കേരളത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നവര്‍ ഇവര്‍ക്ക് വേണ്ടി പ്രതികരിക്കാതിരിക്കുന്നതില്‍ ഒരു ഇരട്ടത്താപ്പുണ്ട്.

അലനും താഹക്കും എതിരെ യുഎപിഎ ചുമത്തിയത് മാപ്പിളമാര്‍ ആയതുകൊണ്ടല്ല. രാഷ്ട്രീയ ആരോപണങ്ങളുടെ മുകളിലാണ്. അതുപോലെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ യുഎപിഎ ചുമത്തപ്പെട്ടിട്ടുള്ളത് ഒരു കമ്മ്യൂണിറ്റിയില്‍ പെടാത്ത, വിശ്വാസികള്‍ അല്ലാത്ത തീവ്ര ഇടതുപക്ഷ നിലപാടുള്ളവര്‍ക്കെതിരെയാണ്. ഞാന്‍ ജനിച്ചത് ഒരുതരത്തിലും മതപരമായ ആചാരങ്ങള്‍ പിന്തുടരാത്ത ഒരു കുടുംബ പാശ്ചാത്തലത്തിലാണ്. പക്ഷേ, ഭരണകൂടം ആണെങ്കിലും ഭരണകൂടത്തിന്റെ സംവിധാനങ്ങള്‍ ആണെങ്കിലും മതം, ജാതി എന്നിവയൊക്കെ നോക്കിയാണ് ഇവിടെ നീതിയും ന്യായവും നടപ്പാക്കുന്നത്.’, പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തപ്പെട്ട അലന്‍ ഷുഹൈബ് വോക്ക് മലയാളത്തോട് പറഞ്ഞു.

FAQs

എന്താണ് യുഎപിഎ?

ദി അൺലോഫുൾ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, 1967 എന്ന നിയമമാണ് യുഎപിഎ എന്ന് ചുരുക്കപേരില്‍ പറയപ്പെടുന്നത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശത്തിന്റെ അഖണ്ഡത നിലനിര്‍ത്തുന്നതിനുമായി ദേശീയോദ്ഗ്രഥന കൗണ്‍സില്‍ നിയമിച്ച കമ്മിറ്റി 1963ല്‍ നല്‍കിയ ശിപാര്‍ശപ്രകാരമാണ് ഈ നിയമം ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്നത്.

ആരാണ് യാഹോവ സാക്ഷികള്‍?

മുഖ്യധാരാ ക്രൈസ്തവരില്‍ നിന്ന് വ്യത്യസ്തമായി ത്രിയേകദൈവത്തില്‍ (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്) വിശ്വസിക്കാത്ത ക്രിസ്തീയ മതവിഭാഗമാണ് യഹോവ സാക്ഷികള്‍. യേശു ദൈവത്തിന്റെ പുത്രനാണ് എന്നും ദൈവമല്ല എന്നുമാണ് ഇവരുടെ വിശ്വാസം.

Quotes

“നീതി വൈകുന്നത് നീതി നിഷേധമാണ്- വില്യം ഇ. ഗ്ലാഡ്‌സ്റ്റോൺ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.