Sat. Dec 28th, 2024

 

ന്യൂഡല്‍ഹി: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച് അമേരിക്ക. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ നേതൃത്വത്തിലാണ് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയവരെ പുറത്താക്കിയത്. കഴിഞ്ഞയാഴ്ചയാണ് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ ചാര്‍ട്ടേഡ് വിമാനം വഴി അനധികൃതമായി കുടിയേറിയവരെ ഇന്ത്യയിലെത്തിച്ചത്.

ഒക്ടോബര്‍ 22 നാണ് ചാര്‍ട്ടേഡ് വിമാനം ഇന്ത്യയിലെത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനിയന്ത്രിതമായ കുടിയേറ്റം കുറയ്ക്കുന്നതിനും തടയുന്നതിനുമൊപ്പം മനുഷ്യക്കടത്ത് തടയാന്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് യുഎസ് വ്യക്തമാക്കി.

യുഎസ് മുമ്പും ഇത്തരം നാടുകടത്തലുകള്‍ നടത്തിയിട്ടുണ്ടെന്നും അനധികൃത കുടിയേറ്റത്തെ പിന്തുണയ്ക്കുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ചോ അവര്‍ ഇന്ത്യയിലെ എവിടെ നിന്നാണ് വന്നത് എന്നതടക്കമുള്ള വിശദാംശങ്ങള്‍ അമേരിക്ക പുറത്തുവിട്ടില്ല.

ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള നിയമപരമായ കുടിയേറ്റത്തിന് കൂടുതല്‍ വഴികള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് അനധികൃത കുടിയേറ്റത്തിനെതിരെ നടപടി കനപ്പിക്കുന്നത്. അനധികൃത കുടിയേറ്റക്കാര്‍ മനുഷ്യക്കടത്ത്, കള്ളക്കടത്ത് സംഘങ്ങളുടെ ഇരയാവാതിരിക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നും യുഎസ് വ്യക്തമാക്കി.

145 രാജ്യങ്ങളില്‍ നിന്നുള്ള 160,000 പേരെയാണ് അമേരിക്ക തിരിച്ചയച്ചത്. ഇതിനായി 495-ലധികം വിമാന സസര്‍വീസുകളാണ് യുഎസ് നടത്തിയത്. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2023 ഒക്ടോബര്‍ 1 നും 2024 സെപ്റ്റംബര്‍ 30 നും ഇടയില്‍ അനധികൃത കുടിയേറ്റത്തിന് 90,415 ഇന്ത്യന്‍ പൗരന്മാര്‍ പിടിയിലായിരുന്നു.

ഈ കാലയളവില്‍ 2.9 ദശലക്ഷം വിദേശ പൗരന്മാരെയാണ് യുഎസ് അധികൃതര്‍ പിടികൂടിയത്. പിടിക്കപ്പെട്ട ഇന്ത്യന്‍ പൗരന്മാരില്‍ ഏകദേശം 50 ശതമാനവും ഗുജറാത്തില്‍ നിന്നുള്ളവരാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കാനഡയുമായുള്ള വടക്കന്‍ അതിര്‍ത്തിയില്‍ നിന്നാണ് പകുതിയോളം ഇന്ത്യക്കാരെ പിടികൂടിയത്.

മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്ന് പിടിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യക്ക് പുറമെ കൊളംബിയ, ഇക്വഡോര്‍, പെറു, ഈജിപ്ത്, സെനഗല്‍, ചൈന, ഉസ്‌ബെകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയാണ് തിരിച്ചയച്ചിരിക്കുന്നത്.