Wed. Jan 22nd, 2025

 

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ. ആലപ്പുഴയില്‍ നടക്കുന്ന പരിപാടിയില്‍നിന്ന് സിപിഐ കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കും. ജനറല്‍ ആശുപത്രിയില്‍ അതിക്രമിച്ചുകയറി എന്ന പരാതിയില്‍ ആലപ്പുഴ നഗരസഭാ വൈസ് ചെയര്‍മാന്‍ പിഎസ്എം ഹുസൈനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരണം.

ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഒപി ബ്ലോക്ക് ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രി എത്തുന്നത്. ചടങ്ങില്‍ വൈസ് ചെയര്‍മാനായിരുന്നു സ്വാഗതം പറയേണ്ടിയിരുന്നത്. എന്നാല്‍, വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെ ഒന്‍പത് കൗണ്‍സിലര്‍മാര്‍ ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

പിഎസ്എം ഹുസൈന്‍ പുന്നപ്ര-വയലാര്‍ സമര വാരാചാരണവുമായി ബന്ധപ്പെട്ട് നിലവില്‍ വയലാറിലാണുള്ളതെന്നാണ് അറിയിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിലെ ജീവനക്കാരും ഐക്യദാര്‍ഢ്യവുമായി പരിപാടി ബഹിഷ്‌ക്കരിക്കുന്നുണ്ട്.

ഡ്യൂട്ടി ഡോക്ടറുടെ പരാതിയില്‍ ആലപ്പുഴ സൗത്ത് പൊലീസാണ് ഹുസൈന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ അതിക്രമിച്ചു കയറി ഡ്യൂട്ടി തടസപ്പെടുത്തുകയും രോഗികളുടെ മുന്നില്‍ അപമാനിച്ചെന്നുമായിരുന്നു പരാതി.