Fri. Dec 27th, 2024

 

ന്യൂഡല്‍ഹി: ഓരോ വര്‍ഷവും ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ജീവന്‍ പോലും പണയംവെച്ചാണ് പലരും അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം പേരും പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഗുജറാത്തില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ ഇത്തരത്തില്‍ അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നത്.

2024 സാമ്പത്തിക വര്‍ഷം മെക്‌സികോ, കാനഡ അതിര്‍ത്തികളില്‍ 2.9 ദശലക്ഷം അനധികൃത കുടിയേറ്റങ്ങള്‍ കണ്ടെത്തിയെന്ന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ കണക്കുകള്‍ പറയുന്നു. ഇതില്‍ 90,415 പേരും ഇന്ത്യക്കാരാണ്.

ഇന്ത്യന്‍ ഏജന്‍സികളുടെ കണക്കുപ്രകാരം അനധികൃത കുടിയേറ്റക്കാരില്‍ പകുതിയിലധികം പേരും ഗുജറാത്തില്‍നിന്നുള്ളവരാണ്. ഓരോ മണിക്കൂറിലും 10 ഇന്ത്യക്കാര്‍ അമേരിക്കന്‍ അതിര്‍ത്തിയില്‍ പിടിക്കപ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കാനഡ-യുഎസ് അതിര്‍ത്തിയില്‍ അറസ്റ്റുകളുടെ എണ്ണത്തിലും വലിയരീതിയില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 43,764 പേരാണ് വടക്കന്‍ അതിര്‍ത്തിയില്‍ പിടിയിലായത്. ഇതുവരെയുള്ള ഏറ്റവും വലിയ കണക്കാണിത്.

2023 സാമ്പത്തിക വര്‍ഷം 3.20 ദശലക്ഷം ആളുകളെയാണ് അനധികൃതമായി കുടിയേറന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയത്. ഇതില്‍ മെക്‌സികോ വഴി കടക്കാന്‍ ശ്രമിച്ച നിരവധി പേരുമുണ്ട്. 2023ല്‍ 41,770 ഇന്ത്യക്കാരാണ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പിടിയിലായത്. എന്നാല്‍ 2024ല്‍ പിടിയിലായത് 25,616 പേരാണ്. പലരും മൊക്‌സിക്കോക്ക് പകരം മറ്റു വഴികള്‍ തെരഞ്ഞെടുക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

മെക്‌സികോ വഴിയുള്ള അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടിയാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ഇതിനാലാണ് ഇതുവഴിയുള്ളവരുടെ എണ്ണം കുറഞ്ഞതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ‘കഴുത റൂട്ട്’ എന്നാണ് അനൗദ്യോഗികമായി മെക്‌സികോ വഴിയുള്ള കുടിയേറ്റം അറിയപ്പെടുന്നത്.

മെക്‌സികോയിലേക്ക് കൊണ്ടുവരുന്നത് മുമ്പ് മനുഷ്യക്കടത്തുകാര്‍ ആളുകളെ ദുബൈയിലോ തുര്‍ക്കിയിലോ ഏതാനും ദിവസം താമസിപ്പിക്കുന്നുണ്ട്. ഇതും മെക്‌സികോ ഒഴിവാക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നു. ഇതിന് പകരം കാനഡയാണ് ഭൂരിഭാഗം പേരും തെരഞ്ഞെടുക്കുന്നത്.

തടസ്സങ്ങള്‍ കുറവായതിനാല്‍, കനേഡിയന്‍ വിസിറ്റിങ് വിസ തരപ്പെടുത്തിയാണ് ഗുജറാത്തികള്‍ അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നിരുന്നാലും വടക്കന്‍ മേഖലയില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതിനാല്‍ അപകട സാധ്യത ഏറെയാണ്. ഇത്രയൊക്കെ കടമ്പകള്‍ ഉണ്ടെങ്കിലും പിടിക്കപ്പെടുന്നവരുടെ കണക്ക് വളരെ കുറവാണെന്നതാണ് യാഥാര്‍ഥ്യം. നല്ലൊരു ശതമാനം പേരും അധികൃതരുടെ കണ്ണുവെട്ടിച്ച് അമേരിക്കയില്‍ എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2011 മുതല്‍ 2021 വരെ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരുടെ കണക്കുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. മെക്‌സികോ ആണ് ഇതില്‍ മുന്നില്‍. രണ്ടാം സ്ഥാനത്ത് എല്‍ സാല്‍വാഡോറാണ്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍നിന്ന് 2011ല്‍ 4.25 ലക്ഷം പേരാണ് കുടിയേറിയത്.

2021 ആയപ്പോഴേക്കും ഇത് 7.25 ലക്ഷമായി ഉയര്‍ന്നു. 10 വര്‍ഷത്തിനിടെ മെക്‌സികോയില്‍നിന്ന് അനധികൃതമായി കുടിയേറന്നുവരുടെ എണ്ണം 34 ശതമാനം കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍നിന്ന് ഇത് 70 ശതമാനമായി ഉയര്‍ന്നു. .