തിരുവനന്തപുരം: താന്‍ വീണ്ടും ജനിച്ച ദൈവദൂതനാണെന്ന് എപ്പോഴും പറയാറുണ്ടെന്നും അത് വളരെ കറക്ടാണെന്നും തോമസ് കെ തോമസ് എംഎല്‍എ. ഇടത് എംഎല്‍എമാരായ ആന്റണി രാജു, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരെ ബിജെപി സഖ്യകക്ഷിയായ അജിത് പവാറിന്റെ എന്‍സിപിയിലേക്ക് കൂറുമാറ്റാന്‍ താന്‍ 100 കോടി വാഗ്ദാനം നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ വീണ്ടും ജനിച്ച ദൈവദൂതനാണെന്ന് (ബോണ്‍ എഗെയ്ന്‍ ക്രിസ്റ്റ്യന്‍) എപ്പോഴും പറയാറുണ്ട്. അത് വളരെ കറക്ടാണ്. ഞങ്ങള്‍ അങ്ങനെ ജീവിച്ചവരാണ്. താല്‍ക്കാലിക ലാഭത്തിന് കള്ളം പറയാറില്ല. രാഷ്ട്രീയ കുതികാല്‍ വെട്ടുന്ന രീതി ഞങ്ങള്‍ക്കില്ല. ഇത്തരം പാരമ്പര്യത്തില്‍ വളര്‍ന്ന ആളല്ല ഞാന്‍. വൈകീട്ട് മൂന്നുമണിക്ക് വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദമാക്കും. ആരോപണം നിഷേധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പുറത്തുവിടും. അജിത് പവാര്‍ എന്നെ ബന്ധപ്പെട്ടിട്ടില്ല. ആരോപണം സംബന്ധിച്ച വിഷയത്തില്‍ പിസി ചാക്കോ ഇടപെട്ടിട്ടുണ്ട്’, തോമസ് കെ തോമസ് പറഞ്ഞു.
‘100 കോടി ഒരാള്‍ ഓഫര്‍ ചെയ്യണമെന്നുണ്ടെങ്കില്‍ ആദ്യം ഞാന്‍ അവരുടെ കൂടെ ഉള്ളയാള്‍ ആകണ്ടേ ആദ്യം എന്നെ വിലക്ക് വാങ്ങണ്ടേ മര്യാദക്കുള്ള കോടിയൊക്കെ പറ, ഇതെന്താ 100 കോടിയൊക്കെ ഇതെന്താ മഹാരാഷ്ട്രയോ അവിടെ പോലും 25 കോടിയോ 15 കോടിയോ കൊടുത്തുള്ളൂ. ഇവിടെ 50 കോടിയും 100 കോടിയുമൊക്കെ കൊടുത്ത് വാങ്ങാനുള്ള അത്രയും വലിയ അസറ്റാണോ ആന്റണി രാജുവൊക്കെ എനിക്ക് അറിയത്തില്ല’, തോമസ് കെ തോമസ് പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ ആന്റണി രാജുവാണെന്നും അദ്ദേഹം ആരോപിച്ചു.
‘ഞങ്ങള്‍ തമ്മില്‍ അങ്ങനെ ഒരു സംഭാഷണം നടന്നിട്ടില്ലെന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പറഞ്ഞത്. 100 കോടി, 50 കോടി എന്നൊക്കെയുള്ള രഹസ്യ സംഭാഷണം നടത്താനുള്ള സ്ഥലമാണോ നിയമസഭ ലോബി. നൂറുകണക്കിന് എംഎല്‍എമാരും സന്ദര്‍ശകരും കയറിയിറങ്ങുന്ന ലോബിയിലാണോ ഇങ്ങനെ ഒരുകാര്യം സംസാരിക്കുന്നത് വിശ്വസിക്കത്തക്ക രീതിയില്‍ അല്ലല്ലോ ഇതൊന്നും. അങ്ങനെ ഉണ്ടെങ്കില്‍ ഏതെങ്കിലും ഹോട്ടലോ സീക്രട്ട് മുറിയോ പോലെ പ്രൈവസിയുള്ള സ്ഥലത്ത് പോയിരുന്നല്ലേ സംസാരിക്കുക.
പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്നറിയില്ല. അതൊക്കെ അന്വേഷിക്കണം. മന്ത്രിയാകും എന്ന് പാര്‍ട്ടി തീരുമാനിക്കുകയും ശരദ് പവാറും പിസി ചാക്കോയും അതിനനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്തപ്പോഴാണല്ലോ ഈ ആരോപണം ഉയര്‍ന്നുവന്നത്. അതുവരെ ഇതൊന്നും ആരും പറഞ്ഞിരുന്നല്ലോ’, തോമസ് ചോദിച്ചു.