Mon. Dec 23rd, 2024

 

ചേലക്കര: പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും സംഘപരിവാര്‍ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് മതനിരപേക്ഷതയോട് കൂറ് കാണിക്കുന്നില്ല. ഗോള്‍വാള്‍ക്കറുടെ മുന്നില്‍ ഒരു നേതാവ് വണങ്ങി നില്‍ക്കുന്നു. മറ്റൊരു നേതാവ് ആര്‍എസ്എസ് ശാഖക്ക് കാവല്‍ നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചേലക്കരയില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘നിയമവിരുദ്ധ പ്രവര്‍ത്തനം തടയാന്‍ ആണ് പൊലീസ് ഇടപെടുന്നത്. കള്ളക്കടത്തും ഹവാലയും പിടിക്കുന്നത് തടയാന്‍ പാടില്ലെന്ന് ചിലര്‍ പറയുന്നു. ചിലര്‍ അതിനെതിരെ പ്രചരണം നടത്തുന്നു. സര്‍ക്കാരിന് ഒരു പക്ഷപാതിത്വവുമില്ല.’, മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം വഴി കൂടുതല്‍ സ്വര്‍ണം കടത്തുന്നത് വിമാനത്താവളം അവിടെ ആയതിനാലാണ്. ഇത് പറഞ്ഞാല്‍ എങ്ങനെ മലപ്പുറം വിരുദ്ധമാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. മലപ്പുറത്തെ തെറ്റായി ചിത്രീകരിച്ചത് കോണ്‍ഗ്രസും സംഘപരിവാറുമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

‘മലപ്പുറം ജില്ലയില്‍ ഒരു കുറ്റകൃത്യം ഉണ്ടായാല്‍ മറ്റേത് ജില്ലയിലും ഉണ്ടാകുന്ന കുറ്റകൃത്യം പോലെ തന്നെയാണ്. ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം കുറ്റകൃത്യമല്ല. കുറ്റകൃത്യത്തെ കുറ്റകൃത്യമായാണ് കാണേണ്ടത്. സമുദായത്തിന്റെ പിടലിക്ക് വയ്‌ക്കേണ്ടതില്ല. സമുദായത്തിന്റെ പെടലിക്ക് വയ്ക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

ഇവിടെ ആര്‍എസ്എസും സംഘപരിവാറും ആഗ്രഹിക്കുന്നത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കലാണ്. നിങ്ങളുടെ ഈ പ്രചാരണവും വര്‍ഗീയത ഉണ്ടാക്കാന്‍ സഹായിക്കുന്നതല്ലേ. അത്തരത്തിലുള്ള പ്രചാരണമാണോ ഇത്തരം കാര്യത്തില്‍ നടത്തേണ്ടതെന്നും’ പിണറായി വിജയന്‍ ചോദിച്ചു.

മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ സംഘപരിവാര്‍ പൂര്‍ണമായും എതിര്‍ത്തു. കോണ്‍ഗ്രസും എതിര്‍ത്തു. കൊച്ചു പാകിസ്താന്‍ എന്ന് വിളിച്ചത് ആരായിരുന്നു. ഓര്‍മയില്ലേ അത്തരം കാര്യങ്ങള്‍. മലപ്പുറത്തെ മറ്റൊരു രീതിയില്‍ ചിത്രീകരിച്ചുകൊണ്ട് ഇപ്പോള്‍ നടത്തുന്ന പ്രചാരണങ്ങള്‍ ഈ വാദഗതിക്കാര്‍ക്ക് കരുത്ത് പകരുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.