Sat. Nov 23rd, 2024

 

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഡിസംബര്‍ 31നകം 15 മുസ്ലിം കുടുംബങ്ങള്‍ ചാമോലി വിടണമെന്ന് വ്യാപാരി സംഘടന. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന മുസ്ലിം കുടുംബങ്ങളോടാണ് പ്രദേശം വിട്ടുപോകണമെന്ന് വ്യാപാരി കൂട്ടായ്മ ആവശ്യപ്പെട്ടിരിക്കുന്നത്.

ബുധനാഴ്ച ഖന്‍സാറിലെ മൈതാന്‍ മാര്‍ക്കറ്റില്‍ നടന്ന ബോധവല്‍ക്കരണ റാലിക്ക് ശേഷം നടന്ന യോഗത്തിലാണ് മുസ്ലിംകള്‍ പ്രദേശം വിട്ടുപോകണമെന്ന പ്രമേയം പാസാക്കിയതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശിക വ്യാപാരികളാണ് പ്രധാനമായും റാലിയില്‍ പങ്കെടുത്തത്. ഇവര്‍ പ്രകോപനപരമായ വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയതെന്നും പ്രതിരോധ നടപടിയുടെ ഭാഗമായാണ് ഇതെന്നും മുന്‍ വ്യാപാരി സമിതി പ്രസിഡന്റും നിലവില്‍ മൈതാന്‍ സേവാ സമിതി പ്രസിഡന്റുമായ വീരേന്ദ്ര സിങ് പറഞ്ഞു.

ഡിസംബര്‍ 31നകം ചാമോലി വിട്ടുപോകാത്ത മുസ്ലിം കുടുംബങ്ങള്‍ക്കെതിരെ മാത്രമല്ല അവര്‍ക്ക് വീടോ കച്ചവട സ്ഥാപനങ്ങളോ വാടകക്ക് കൊടുത്ത ഭൂവുടമകള്‍ക്കെതിരെയും നിയമനടപടിയുണ്ടാകുമെന്ന് വീരേന്ദ്ര സിങ് പറഞ്ഞു. ഭൂവുടമകള്‍ 10,000 രൂപ പിഴയൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഖന്‍സാര്‍ താഴ്വരയിലെ ഗ്രാമങ്ങളിലേക്ക് വഴിയോരക്കച്ചവടക്കാര്‍ പ്രവേശിക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഇങ്ങനെ ആരെങ്കിലും കച്ചവടം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ 10,000 രൂപ പിഴ അടക്കമുള്ള നിയമനടപടികള്‍ നേരിടേണ്ടിവരും.

സമീപ ഗ്രാമങ്ങളിലുണ്ടായതുപോലെ ന്യൂനപക്ഷ വിഭാഗക്കാരില്‍നിന്ന് ഹിന്ദു സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒഴിവാക്കാനാണ് ഈ തീരുമാനമെടുത്തതെന്നും വീരേന്ദ്ര സിങ് വിശദീകരിച്ചു.

അതേസമയം, ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ച മുസ്ലിം വ്യാപാരി ആരോപണം പൂര്‍ണമായും തള്ളി. തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ആരും ഇതുവരെ അത്തരം ക്രിമിനല്‍ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടില്ല. വ്യാപാരി കൂട്ടായ്മയുടെ തീരുമാനം സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും ബിസിനസ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും മാത്രം ലക്ഷ്യമിട്ടുള്ളതാണ് പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനോടെ അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു പ്രമേയം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു ചമോലി എസ്പി സര്‍വേശ് പന്‍വാറിന്റെ പ്രതികരണം.

11 ഗ്രാമപഞ്ചായത്തുകളാണ് ഖന്‍സാര്‍ താഴ്വരയിലുള്ളത്. സെപ്റ്റംബറില്‍ നന്ദ്ഗഢിലെ മുസ്ലിംകളുടെ കടകള്‍ക്ക് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണമുണ്ടായിരുന്നു. പുറത്തുനിന്നുള്ള വ്യാപാരികളുടെ കടകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ ചമോലിയില്‍ റാലിയും നടത്തിയിരുന്നു. ഒരു ബിജെപി പ്രവര്‍ത്തകന്റെ അടക്കം 11 മുസ്ലിം കുടുംബങ്ങള്‍ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് ഇവിടംവിട്ടുപോയിരുന്നു.