Sat. Dec 14th, 2024

 

തിരുവനന്തപുരം: കണ്ണൂരില്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടന്‍ ഉണ്ടാവില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കിയിരുന്നു. ഔദ്യോഗിക പദവിയില്‍ ചില വീഴ്ചകള്‍ വരുത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇനി പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൂടി വന്നശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും.

സംഘടനാ സംവിധാനത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിലാണ് അതുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കുക. ദിവ്യക്കെതിരെ ഇനി നടപടിയുണ്ടാവില്ല എന്ന് സിപിഎം പറയുന്നില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. പൊലീസ് പരിശോധനയില്‍ ദിവ്യക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും ആത്മഹത്യാ പ്രേരണാക്കുറ്റം വസ്തുതാപരമാണെന്ന് വ്യക്തമാവുകയും ചെയ്താല്‍ സംഘടനാ നടപടിയിലേക്ക് പോവാം എന്നാണ് പാര്‍ട്ടി കരുതുന്നത്.

അതേസമയം, സമ്മേളന കാലയളവില്‍ സംഘടനാ നടപടികള്‍ പാടില്ല എന്നാണ് ചട്ടക്കൂടെങ്കിലും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ആ നിയന്ത്രണം മറികടന്ന് പാര്‍ട്ടി നടപടിയെടുക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

കഴിഞ്ഞ ദിവസമാണ്, എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ പിപി ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പാര്‍ട്ടി നീക്കിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിന്റേതായിരുന്നു തീരുമാനം. ദിവ്യയോട് രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തതിനു പിന്നാലെയായിരുന്നു നടപടി.

നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യക്കെതിരെ വന്‍ പ്രതിഷേധമുണ്ടാവുകയും നടപടിക്ക് സിപിഎമ്മില്‍ സമ്മര്‍ദ്ദമേറുകയും ചെയ്തിരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗവും പത്തനംതിട്ട ജില്ലാ നേതൃത്വവും അമര്‍ഷം പരസ്യമാക്കുകയും ദിവ്യയെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ദിവ്യക്കെതിരെ കേസെടുത്ത പൊലീസ് തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.