Wed. Jan 22nd, 2025

 

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരേ പെട്രോള്‍ പമ്പുടമ പ്രശാന്തന്‍ നല്‍കിയ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന പ്രശാന്തന്റെ ആരോപണം വ്യാജമെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പമ്പിന് നല്‍കിയ അപേക്ഷയില്‍ അപേക്ഷകന്റെ പേരിന്റെ സ്ഥാനത്ത് പ്രശാന്ത് എന്നാണ് എഴുതിയിരിക്കുന്നത്. പിന്നാലെ എഡിഎം കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് അയച്ചെന്നു പറയുന്ന പരാതിയില്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് പ്രശാന്തന്‍ എന്നുമാണ്. രണ്ട് രേഖകളിലെ ഒപ്പുകളും വ്യത്യസ്തമാണ്. ഇതെല്ലാം എഡിഎമ്മിനെതിരായ പ്രശാന്തന്റെ കൈക്കൂലി പരാതി വ്യാജമെന്ന സൂചനയാണ് നല്‍കുന്നത്.

പെട്രോള്‍ പമ്പിനായുള്ള പാട്ടക്കരാറില്‍ പ്രശാന്ത് ടിവി എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പ്രശാന്തന്‍ ടിവി എന്നും.

അതേസമയം, പെട്രോള്‍ പമ്പുടമ എന്നു പറയപ്പെടുന്ന പ്രശാന്തന്‍ ബിനാമിയാണെന്നുള്ള സംശയങ്ങളുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യനായ ഇദ്ദേഹത്തിന് കോടിക്കണക്കിന് രൂപ മുടക്കി പമ്പ് തുടങ്ങാനുള്ള പണം എവിടെ നിന്ന് ലഭിച്ചെന്നുമുള്ള സംശയങ്ങള്‍ പലരും ഉന്നയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് രേഖകളിലെയും വൈരുദ്ധ്യം പുറത്തുവരുന്നത്.