Sun. Nov 3rd, 2024

 

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് സൂചിപ്പിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കളക്ടര്‍ ക്ഷണിച്ചിട്ടാണോ പി പി ദിവ്യ യാത്രയയപ്പ് യോഗത്തിന് വന്നതെന്ന ചോദ്യത്തിന് പരിപാടി നടത്തുന്നത് കളക്ടറല്ല, സ്റ്റാഫ് കൗണ്‍സിലാണെന്നായിരുന്നു അരുണ്‍ കെ വിജയന്റെ ഉത്തരം. താനല്ല പരിപാടിയുടെ സംഘാടകനെന്നും അതിനാല്‍ ആരെയും ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളക്ടര്‍ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തിന് പോയതെന്ന ദിവ്യയുടെ വാദങ്ങള്‍ പൊളിക്കുന്നതാണ് ഇപ്പോള്‍ കളക്ടര്‍ നേരിട്ട് നല്‍കിയിരിക്കുന്ന പ്രതികരണം. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ബുദ്ധിമുട്ടാണെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും അരുണ്‍ കെ വിജയന്‍ പറഞ്ഞു.

മരിച്ച നവീന്‍ ബാബുവിന്റെ കുടുംബത്തിന് കത്തയച്ചത് ഒരു കുറ്റസമ്മതമല്ലെന്നും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് അറിയിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ അന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റിയിരുന്നു. റെവന്യു മന്ത്രി കെ രാജന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ ഗീതയ്ക്കാണ് അന്വേഷണ ചുമതല കൈമാറിയത്.