Wed. Dec 18th, 2024

മറ്റൊരു പ്രധാന പ്രശ്നം തൊഴില്‍ സമയമാണ്. ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്നതായും അഞ്ച് മുതല്‍ പത്തു മിനിറ്റ് വരെ മാത്രമെ ഇടവേള ലഭിക്കുന്നുള്ളൂവെന്നും തൊഴിലാളികള്‍ പറയുന്നു

മിഴ്നാട്ടിലേക്ക് അമേരിക്കന്‍ വാഹനനിര്‍മാണ ഭീമനായ ഫോഡിനെ തിരികെ കൊണ്ടുവരുവാന്‍ ഡിഎംകെ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴാണ് ശ്രീപെരുമ്പുത്തൂരിലെ സാംസങ്ങ് ഫാക്ടറിയില്‍ ജീവനക്കാര്‍ സമരം തുടങ്ങിയത്. പ്രതിവര്‍ഷം 12 ബില്ല്യണിലധികം വരുമാനമുള്ള സൗത്ത് കൊറിയന്‍ കമ്പനിയുടെ ഇന്ത്യയിലെ പ്രധാന നിര്‍മാണ ഫാക്ടറിയാണ് ചെന്നൈക്കടുത്തുള്ള ശ്രീപെരുമ്പുത്തൂരിലുള്ളത്. 2007ല്‍ ആരംഭിച്ച ഈ നിര്‍മാണ പ്ലാന്റാണ് സാംസങിന്റെ ഇന്ത്യയിലെ വരുമാനത്തിന്റെ മൂന്നിലൊന്നും നേടിയെടുക്കുന്നത്.

പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തേ തൊഴിലാളി സമരമാണ് സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിച്ചത്. സിഐടിയു (സെന്റര്‍ ഓഫ് ട്രേഡ് യൂണിയന്‍)വിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ 37 ദിവസമായി നടത്തിവന്ന സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. സിഐടിയു നേതൃത്വത്തിലുള്ള സാംസങ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയനും സംസ്ഥാന തൊഴില്‍ വകുപ്പും സാംസങ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തൊഴിലാളികള്‍ സമരം അവസാനിപ്പിക്കുന്നത്.

ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവ നിര്‍മിക്കുന്ന ഫാക്ടറിയില്‍ വേതന വര്‍ധന, തൊഴില്‍ സമയം എട്ട് മണിക്കൂറാക്കി ചുരുക്കല്‍, പുതുതായി രൂപീകരിച്ച യൂണിയന് അംഗീകാരം നല്‍കല്‍ തുടങ്ങിയ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തൊഴിലാളികളുടെ സമരം. ആകെയുള്ള 1800 തൊഴിലാളികളില്‍ 1200 പേരും പണിമുടക്കിയതോടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ അത് സാരമായി ബാധിച്ചിരുന്നു. സാംസങ് പറയുന്നത് കേള്‍ക്കാനാണ് പണിമുടക്കുന്ന തൊഴിലാളികളോട് തമിഴ്നാട് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

സാംസങ്ങിന്‍റെ ചെന്നൈയിലെ ശ്രീപെരുമ്പുത്തൂരിലെ ഫാക്ടറി Screengrab, Copyright: Free Press

ജോലി ചെയ്തില്ലെങ്കില്‍ ശമ്പളമില്ലെന്നായിരുന്നു സാംസങ്ങിന്റെ ആദ്യ നിലപാട്. ദക്ഷിണ കൊറിയയിലെ നാഷണല്‍ സാംസങ് ഇലക്ട്രോണിക്‌സ് യൂണിയനും സമരത്തെ അനുകൂലിച്ച് രംഗത്തെത്തി. ഇന്ത്യന്‍ പ്ലാന്റിലെ തൊഴിലാളികള്‍ക്ക് ന്യായമായ വേതനവും ന്യായമായ തൊഴില്‍ സാഹചര്യങ്ങളും നല്‍കാത്തതില്‍ ഖേദമുണ്ടെന്ന് പ്രസ്താവനയിറക്കി. ദക്ഷിണ കൊറിയയില്‍, ശരാശരി 4.5 ലക്ഷം രൂപയാണ് ശമ്പളം, എന്നാല്‍ ഇവിടെ ശരാശരി 25000 രൂപയാണ് ശമ്പളം. കണക്കനുസരിച്ച് സാംസങ് ഇന്ത്യ പ്ലാന്റിലെ തൊഴിലാളികളുടെ ചെലവ് അതിന്റെ വാര്‍ഷിക ഉല്‍പ്പാദന മൂല്യത്തിന്റെ വെറും 0.3 ശതമാനം മാത്രമാണ് താഴെയാണ്.

പ്ലാന്റില്‍ പണിമുടക്കിയവര്‍ക്കെതിരെ പ്രതികാരനടപടിയുണ്ടാകില്ലെന്ന് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍, പുതുതായി രൂപീകരിച്ച യൂണിയന് അംഗീകാരം നല്‍കുന്നത് അടക്കമുള്ള ആവശ്യങ്ങളിലൊന്നും പരിഹാരമുണ്ടായിട്ടില്ല. തൊഴിലാളികള്‍ നല്‍കിയ ‘ചാര്‍ട്ടര്‍ ഓഫ് ഡിമാന്റിന്’ രേഖാമൂലം ഉറപ്പ് നല്‍കാമെന്നുമാത്രമാണ് മാനേജുമെന്റ് സമ്മതിച്ചിരിക്കുന്നത്. പുതുതായി രൂപീകരിച്ച സാംസങ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന്‍ (Samsung India Workers Union-SIWU) രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്ന ഏറ്റവും പ്രധാന ആവശ്യത്തെക്കുറിച്ച് മാനേജുമെന്റും സംസ്ഥാന തൊഴില്‍ വകുപ്പും നിശ്ശബ്ദത പുലര്‍ത്തുകയാണ്.

പുതിയ യൂണിയന്റെ രജിസ്ട്രേഷന്‍ വിഷയം കോടതി വിധിയനുസരിച്ച് തീരുമാനിക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ് ഇ. മുത്തുകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂലി വര്‍ധന, തൊഴില്‍ സമയം, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍തുടങ്ങി തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ തുടര്‍ന്നും ചര്‍ച്ച നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരം വിവിധ വകുപ്പുകളും തൊഴിലാളികളും കമ്പനിയുമായി ചര്‍ച്ച നടത്തിയതായി തമിഴ്നാട് തൊഴില്‍ മന്ത്രാലയം അറിയിച്ചു. സാംസങ് കമ്പനി നിരവധി തൊഴിലാളി ക്ഷേമ പരിപാടികള്‍ നടപ്പാക്കാമെന്ന് ഉറപ്പുനല്‍കിയതായും തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ മറുപടി എഴുതി നല്‍കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

സാംസങ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന് അംഗീകാരം നല്‍കണമെന്നതായിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യം. 2023 ലാണ് സിഐടിയുവിന്റെ പിന്തുണയോടെ 1926 ലെ ട്രേഡ് യൂണിയന്‍ ആക്ട് പ്രകാരം യൂണിയന്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ യൂണിയന്റെ പേരില്‍ സാംസങ് എന്നുള്ളത് കൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ രജിസ്ട്രേഷന്‍ നടപടി നിര്‍ത്തിവെച്ചു. ഇതേതുടര്‍ന്ന് സിഐടിയു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി പരിഗണനയിലാണ്.

സമരം ചെയ്യുന്ന തൊഴിലാളികള്‍ Screengrab, Copyright: The Hindu

പ്ലാന്റ് നിലവില്‍വന്ന 2007 മുതല്‍ ഇവിടെ തൊഴിലാളി യൂണിയന്‍ ഇല്ല. ഇതേതുടര്‍ന്ന് രൂപീകരിച്ച സാംസങ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയന്റെ നേതാക്കള്‍ ഒക്ടോബര്‍ ഏഴിന് തമിഴ്നാട് വ്യവസായ മന്ത്രി ടിആര്‍ബി രാജയെ സന്ദര്‍ശിക്കുകയും തൊഴിലാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. തൊഴില്‍ പ്രശ്നം പരിഹരിക്കുമെന്നും വേതനം കൂട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ കമ്പനിയുമായി ചര്‍ച്ച ചെയ്യുമെന്നുമാണ് മന്ത്രി ഉറപ്പുനല്‍കിയത്. സമരം അവസാനിപ്പിക്കണമെന്നും മന്ത്രി യൂണിയന്‍ നേതാക്കളോട് ആവശ്യപ്പെട്ടു.

എന്നാല്‍ വേതന വര്‍ധനവോ തൊഴില്‍ ക്ഷേമമോ അല്ല പ്രധാന ആവശ്യമെന്നും ഇതെല്ലാം ചര്‍ച്ച ചെയ്യാനുള്ള തൊഴിലാളിയുടെ അവകാശമായ യൂണിയന്‍ രൂപീകരിക്കാന്‍ കമ്പനി സമ്മതിക്കാത്തതാണ് പ്രധാന പ്രശ്നമെന്നുമാണ് സിഐടിയു നേതാവും സാംസങ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റുമായ ഇ മുത്തുകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

തൊഴിലാളി പ്രശ്‌നങ്ങള്‍ എല്ലാം ചൂണ്ടികാണിച്ച് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന് (ഐഎല്‍ഒ) കത്തയച്ചതിന് പിന്നാലെ വിഷയം ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുതായി രൂപീകരിച്ച യൂണിയന്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന തൊഴില്‍ ക്ഷേമ വകുപ്പ് വിസമ്മതിക്കുന്നത് അടക്കമുള്ള ഒമ്പത് വിഷയങ്ങളാണ് തപന്‍ സെന്‍ ഐഎല്‍ഒയുടെ ഫ്രീഡം അസോസിയേഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണ് അയച്ച കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

ശ്രീപെരുമ്പുത്തൂരുള്ള ഹ്യുണ്ടായി, അപ്പോളോ, ജെകെ ടയേഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ബ്രിട്ടാനിയ തുടങ്ങിയ വന്‍കിട കമ്പനികളിലെല്ലാം തന്നെ സിഐടിയുവിന്റെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകള്‍ ഉണ്ടെന്നിരിക്കെയാണ് 16 വര്‍ഷത്തോളം തൊഴിലാളികളുടെ സംഘടനയില്ലാതെ സാംസങ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുപോന്നത്.

കമ്പനി അനുദിനം വളരുമ്പോഴും വര്‍ഷങ്ങളായി തങ്ങള്‍ക്ക് വളര്‍ച്ചയൊന്നുമില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സമരം ചെയ്യുന്നവരിലേറെയും പത്ത് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവരാണ്. അവര്‍ക്കെല്ലാം 25000 രൂപയില്‍ കുറവാണ് പ്രതിമാസ ശമ്പളം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ശമ്പളത്തില്‍ 50 ശതമാനം വര്‍ധന വേണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.

മറ്റൊരു പ്രധാന പ്രശ്നം തൊഴില്‍ സമയമാണ്. ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്നതായും അഞ്ച് മുതല്‍ പത്തു മിനിറ്റ് വരെ മാത്രമെ ഇടവേള ലഭിക്കുന്നുള്ളൂവെന്നും തൊഴിലാളികള്‍ പറയുന്നു. ഏഴ് മണിക്കൂര്‍ ജോലി, ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനം, മൂന്ന് മുതല്‍ ഏഴ് ദിവസം വരെ പെറ്റേര്‍ണിറ്റി ലീവ് എന്നിവയാണ് യൂണിയന്റെ പ്രധാന ആവശ്യം. ജോലിക്കിടെ മരിക്കുന്ന തൊഴിലാളിയുടെ കുടുംബത്തിന് ഒരു കോടി രൂപയും ജോലിക്കിടെയല്ലാതെ മരിക്കുന്ന തൊഴിലാളിയുടെ കുടുംബത്തിന് 25 ലക്ഷവും നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

പേരുവിളിച്ചല്ല ഫാക്ടറിക്കുള്ളില്‍ തങ്ങളെ സൂപ്പര്‍വൈസിംഗ് എഞ്ചിനീയര്‍മാര്‍ അഭിസംബോധന ചെയ്യുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. അനുവദിച്ച അവധി എടുക്കാന്‍ സാധിക്കില്ലെന്നും കുടുംബത്തിലെ ആരെങ്കിലും മരിച്ചാല്‍ പോലും അവധി ലഭിക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ ഒമ്പത് മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നു.

സമരം ചെയ്യുന്ന തൊഴിലാളികള്‍ Screengrab, Copyright: The Indian Express

അതേസമയം, 5000 രൂപയുടെ ശമ്പളവര്‍ദ്ധനവും, തൊഴിലാളികള്‍ക്ക് എസി ബസ് സൗകര്യവും ജീവനക്കാര്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് ഒരു ലക്ഷം രൂപയും നല്‍കാമെന്ന് സാംസങ് നേരത്തെ തന്നെ ഉറപ്പുനല്കിയിരുന്നു. എന്നാല്‍ നേരത്തെ കമ്പനിയിലെ ഒരു വിഭാഗം തൊഴിലാളികള്‍ മാത്രം ഒപ്പുവെച്ച ഈ എഗ്രിമെന്റിനോട് ഇപ്പോള്‍ സമരം ചെയ്തിരുന്ന ഭൂരിപക്ഷം തൊഴിലാളികള്‍ക്കും വിയോജിപ്പായിരുന്നു.

യൂണിയന്റെ പ്രധാന ആവശ്യങ്ങള്‍

3 വര്‍ഷത്തേക്ക് 6,000 രൂപ വേതന വര്‍ധനവ് നല്‍കണം. 2024 ല്‍ 70%, 2025 ല്‍ 15%, 2026 ല്‍ 15% എന്നിങ്ങനെ വേതന വര്‍ധനവ് വിഭജിക്കണം.

സര്‍വീസില്‍ ചേര്‍ന്ന വര്‍ഷം അടിസ്ഥാനമാക്കി പ്രതിവര്‍ഷം 500 രൂപ സര്‍വീസ് വെയിറ്റേജ് നല്‍കണം.

ജോലിസമയം ദിവസം ഏഴ് മണിക്കൂറായി സ്ഥിരപ്പെടുത്തണം. ജോലി സമയം മൂന്ന് ഷിഫ്റ്റുകളായി മാറ്റണം. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി.

ഷിഫ്റ്റ് അലവന്‍സ് 100 രൂപ വര്‍ധിപ്പിച്ച് നിലവിലെ 150 രൂപയില്‍ നിന്ന് 250 രൂപയാക്കി ഉയര്‍ത്തണം

ഒരേ ജോലി ചെയ്യുന്ന രണ്ടു പേര്‍ക്കിടയിലെ ശമ്പള വ്യത്യാസം ഇല്ലാതാക്കണം. മുമ്പ് ചേര്‍ന്നവരും അടുത്തിടെ ചേര്‍ന്നവരും തമ്മില്‍ അന്തരമുണ്ട്. എന്നാല്‍ ഇരുവരും ഒരേ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നു. അതിനാല്‍ ഇത് നിയന്ത്രിക്കണം.

വര്‍ഷത്തിലൊരിക്കല്‍ കമ്പനി സ്പോണ്‍സര്‍ ചെയ്യുന്ന മൂന്ന് ദിവസത്തെ യാത്രയ്ക്ക് തൊഴിലാളികളെ കൊണ്ടുപോകണം. ആ മൂന്ന് ദിവസത്തേക്ക് ഓരോ ജീവനക്കാരനും 1500 രൂപ വീതം അലവന്‍സ് നല്‍കണം.

ഏഴ് ദിവസത്തെ കാഷ്വല്‍ ലീവ് വേണം. സിക്ക് ലീവുകളുടെ എണ്ണം 10 ദിവസത്തില്‍ നിന്ന് വര്‍ധിപ്പിക്കണം. എടുക്കാത്ത ലീവുകള്‍ക്ക് പകരം ലീവ് നല്‍കണം.

പറ്റേര്‍ണിറ്റി ലീവ് മൂന്നില്‍ നിന്ന് ഏഴ് ദിവസമായി ഉയര്‍ത്തണം.

മാതാപിതാക്കള്‍ മരിച്ചാല്‍, എല്ലാ അന്ത്യകര്‍മങ്ങളും നിര്‍വഹിക്കുന്നതിന് ജീവനക്കാര്‍ക്ക് 11 ദിവസം ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണം.

നിലവില്‍, ജീവനക്കാരുടെ രക്ഷിതാക്കള്‍ക്ക് അന്ത്യകര്‍മങ്ങള്‍ നടത്തുന്നതിന് 5000 രൂപയാണ് കമ്പനി നല്‍കുന്നത്. ഇത് 25,000 ആക്കി ഉയര്‍ത്തണം.

കുട്ടികളുടെ വിദ്യാഭ്യാസത്തിന് 50,000 രൂപ നല്‍കണം.

ജീവനക്കാരുടെ ഫാമിലി മെഡിക്കല്‍ ഇന്‍ഷുറന്‍സ് 2.5 ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാക്കണം. ജീവനക്കാരുടെ ചികിത്സാ ചെലവ് കമ്പനി പൂര്‍ണമായും വഹിക്കണം.

ജോലിക്കിടെ മരിക്കുന്നവരുടെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കണം.

ജോലിയിലിരിക്കെ ജീവനക്കാര്‍ മരിക്കുകയോ കമ്പനിയില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ സ്വാഭാവിക മരണം സംഭവിക്കുകയോ ചെയ്താല്‍, അര്‍ഹതയുള്ള അവകാശിക്ക് സ്ഥിര ജോലി നല്‍കണം.

ജോലിക്ക് പുറത്ത് ഏതെങ്കിലും കാരണത്താല്‍ ജീവനക്കാര്‍ മരിച്ചാല്‍, അവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കണം

അഞ്ച് വര്‍ഷത്തെ സേവനത്തിന് 10,000 രൂപ, 10 വര്‍ഷത്തേക്ക് 20,000 രൂപ, 15 വര്‍ഷത്തേക്ക് 30,000 രൂപ എന്നിങ്ങനെ സര്‍വീസ് അലവന്‍സ് നല്‍കണം.

ഞായറാഴ്ച പോലുള്ള അവധി ദിവസങ്ങളില്‍ ജോലി ചെയ്യാനെത്തുന്ന തൊഴിലാളികള്‍ക്ക് 1000 രൂപ അലവന്‍സ് നല്‍കണം.

ഡിഎംകെ സര്‍ക്കാര്‍ സമരത്തെ നേരിട്ടു

തൊഴിലാളികളുടെ സമരത്തോട് ജനാധിപത്യ മര്യാദ പുലര്‍ത്താതിരുന്ന ഡിഎംകെ സര്‍ക്കാര്‍ പല തവണ പോലീസിനെ വെച്ച് സമരത്തെ നേരിട്ടു. സമരത്തില്‍ പങ്കെടുത്ത പത്തു പേരെ പോലീസ് അവരുടെ വീടുകളിലെത്തി അറസ്റ്റ് ചെയ്യുകയും സമരപ്പന്തല്‍ പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. 11 യൂണിയന്‍ നേതാക്കളെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.

പ്ലാന്റില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഏച്ചൂരില്‍ തൊഴിലാളികള്‍ സംഘടിക്കുകയും സമരം തുടരുകയും ചെയ്തു. എന്നാല്‍ ഇവിടെയും പോലീസെത്തി തൊഴിലാളികളെ പിരിച്ചുവിടാന്‍ ശ്രമിച്ചു, ഇരുന്നൂറോളം പേരെ അറസ്റ്റ് ചെയ്തു. സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് എ സൗന്ദരരാജനും സംസ്ഥാന സെക്രട്ടറി മുത്തുകുമാറുമടക്കമുള്ള സമരക്കാരെയാണ് അറസ്റ്റ് ചെയ്തത്. ഡിഎംകെയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, സിപിഐ (എം), സിപിഐ, എംഡിഎംകെ, വിസികെ തുടങ്ങിയ പാര്‍ട്ടികളുടെ ഉന്നത നേതാക്കള്‍ സമരപന്തല്‍ സന്ദര്‍ശിക്കാനിരിക്കെയായിരുന്നു പോലീസ് നടപടി.

സമരക്കാരെ പൊലീസ് മര്‍ദ്ദിച്ചതും കസ്റ്റഡിയിലെടുത്തതും വിമര്‍ശനം ക്ഷണിച്ചുവരുത്തി. ഇതോടെ ഇടതുനേതാക്കള്‍ തൊഴിലാളികളെ പിന്തുണച്ച് വാര്‍ത്താസമ്മേളനവും നടത്തി. ഡിഎംകെ മുന്നണിയുടെ ഭാഗമായ വിസികെയുടെ നേതാവ് തോള്‍ തിരുമാവളവന്‍ എംപി, സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍, സിപിഐ നേതാവ് കെ മുത്തുരശ് എന്നിവരാണ് വിമര്‍ശനം നടത്തിയത്. ബദ്ധവൈരികളായ ഡിഎംകെയോട് അനുകൂല നിലപാടാണ് ഈ വിഷയത്തില്‍ ബിജെപിയും സ്വീകരിച്ചത് സമരത്തില്‍ ഡിഎംകെയെ പിന്തുണച്ച് പരസ്യമായി തന്നെ ബിജെപി പോസ്റ്ററുകള്‍ ഇറക്കിയിരുന്നു.