Sat. Jan 18th, 2025

2018-ൽ ഒപ്പുവെച്ച കൊറിയന്‍ സമാധാനക്കരാര്‍ റദ്ദാക്കുമെന്ന മുന്നറിപ്പാണ് ദക്ഷിണകൊറിയയുടെ ദേശീയ സുരക്ഷാസമിതി ആദ്യം നല്‍കിയത്

ത്തര കൊറിയ ദക്ഷിണ കൊറിയയോട് യുദ്ധത്തിനൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. സിയോളുമായുള്ള ‘യുദ്ധം ഒഴിവാക്കാനുള്ള ഉദ്ദേശ്യം’ രാജ്യത്തിനില്ലെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധത്തിന് തയ്യാറെടുക്കാനും ആണവ ആയുധങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാനും കിം ജോംഗ് ഉൻ തന്റെ സൈന്യത്തോട് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

കിം ജോങ് ഉൻ ജനുവരി 10 ന് ദക്ഷിണ കൊറിയയെ തങ്ങളുടെ ‘പ്രധാന ശത്രു’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ശക്തമായ നിലപാട് സ്വീകരിക്കുകയും തുടർന്ന് ജനുവരി 16 ന് ഉത്തരകൊറിയൻ ഭരണഘടനയിൽ ഭേദഗതി വരുത്തി ദക്ഷിണ കൊറിയയെ രാജ്യത്തിന്റെ ‘ഒന്നാം നമ്പർ ശത്രുരാജ്യ’മായി ഔദ്യോഗികമായി എഴുതിച്ചേർക്കുകയും ചെയ്തിരുന്നു.

ഇരു കൊറിയകളും ദീഘകാലമായി ലക്ഷ്യം വെച്ചിരുന്ന കൊറിയൻ പുനരേകീകരണം എന്ന ലക്ഷ്യത്തെ ഇനി മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്ന ഉത്തര കൊറിയൻ നയമാറ്റം അന്തർ കൊറിയൻ ബന്ധങ്ങളുടെ ഭാവിയെയും ഉപഭൂഖണ്ഡത്തിലെ സുരക്ഷാ അന്തരീക്ഷത്തെയും കുറിച്ചുള്ള ആശങ്കകൾക്കും ഭിന്നതകൾക്കും വഴി തെളിയിക്കുന്നുണ്ട്.

ഇരു രാജ്യങ്ങളും തുടരുന്ന സംഘര്‍ഷത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ദക്ഷിണ കൊറിയയിലേക്കുള്ള പ്രധാന റോഡുകള്‍ ഉത്തരകൊറിയ ബോംബിട്ട് തകര്‍ത്തത്. രണ്ടു രാജ്യങ്ങളെയും വിഭജിക്കുന്ന സൈനിക അതിര്‍ത്തിക്കടുത്തുള്ള റോഡുകളാണ് ബോംബിടലില്‍ തകര്‍ന്നിരിക്കുന്നത്. ദക്ഷിണ കൊറിയയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഗതാഗത മാര്‍ഗവും ഇപ്പോള്‍ ഉത്തരകൊറിയ തകര്‍ത്തിരിക്കുന്നത്.

ഉത്തരകൊറിയ വടക്കൻ കൊറിയൻ അതിർത്തിയിലേയ്ക്ക് സർക്കാരിനെ വിമർശിക്കുന്ന ലഘുലേഖകൾ വഹിച്ചുകൊണ്ടുള്ള ബലൂണുകൾ പറത്തുന്ന ദക്ഷിണ കൊറിയക്കാര്‍ Screengrab, Copyright: The International Herald Tribune

ദക്ഷിണ കൊറിയയെ പ്രകോപിപ്പിക്കുന്നതിനായി ആയിരക്കണക്കിന് ബലൂണുകളിലായി വിസർജ്യവും മാലിന്യങ്ങളും ദക്ഷിണ കൊറിയയിലേക്ക് പറത്തിവിട്ടിരുന്നു. മെയ് അവസാനവാരത്തിലാണ് ഉത്തര കൊറിയ മാലിന്യങ്ങള്‍ നിറച്ച ബലൂണുകള്‍ ദക്ഷിണ കൊറിയയിലേക്ക് അയച്ചു തുടങ്ങുന്നത്. കൃത്യമായ ഇടവേളകളില്‍ മാലിന്യസഞ്ചി പൊട്ടാനുള്ള ടൈമറുകളും ബലൂണുകളില്‍ ഘടിപ്പിച്ചിരുന്നു. ബലൂണുകള്‍ ദക്ഷിണ കൊറിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് പിന്നാലെ ടൈമറുകള്‍ ഉപയോഗിച്ച് അവ തകര്‍ത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കും. പ്ലാസ്റ്റിക് ബാഗുകള്‍ നിറയെ സിഗരറ്റ് കുറ്റികളും മറ്റ് മാലിന്യങ്ങളും കമ്പോസ്റ്റ് അടക്കമുള്ളവയും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണ കൊറിയയിൽ നിന്നുള്ള സാമൂഹിക സംഘടനകളും മറ്റും കിം ജോങ്ങിനെ വിമർശിച്ച ലഘുലേഖകളുമായി ബലൂണുകൾ ഉത്തര കൊറിയയിലേക്ക് വിടാറുണ്ട്. ഇതിന്റെ പ്രതികാരമെന്നോണമാണ് ഉത്തര കൊറിയയുടെ നടപടി. പകരം ഉത്തര കൊറിയന്‍ വിരുദ്ധ ലഘുലേഖകള്‍, കെ-പോപ്പ് ഗാനങ്ങള്‍, ദക്ഷിണ കൊറിയന്‍ നാടകങ്ങള്‍ എന്നിവയുള്ള യുഎസ്ബി സ്റ്റിക്കുകള്‍ എന്നിവയുള്ള ബലൂണുകള്‍ ദക്ഷിണ കൊറിയന്‍ ആക്ടിവിസ്റ്റുകള്‍ ഉത്തര കൊറിയയിലേക്ക് വിക്ഷേപിച്ചു. ഉത്തരകൊറിയന്‍ വിമതന്‍ പാര്‍ക്ക് സാങ്-ഹാക്കിന്റെ നേതൃത്വത്തിലുള്ള ഒരു ദക്ഷിണ കൊറിയന്‍ സംഘടന 200,000 ഉത്തരകൊറിയന്‍ വിരുദ്ധ ലഘുലേഖകളും പോപ്പ് ഗാനങ്ങളും നാടകങ്ങളുള്ള യുഎസ്ബി സ്റ്റിക്കുകളുമടങ്ങുന്ന 10 ബലൂണുകളാണ് അയച്ചത്. ഇതിന് പിന്നാലെ മറ്റൊരു ആക്ടിവിസ്റ്റ് ഗ്രൂപ്പുംഉത്തര കൊറിയയിലേക്ക് 200,000 പ്രചാരണ ലഘുലേഖകളുമായി ബലൂണുകള്‍ പറത്തിയതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാലിന്യം നിറച്ച ബലൂണ്‍ രാജ്യാതിര്‍ത്തിക്കുള്ളിലേക്ക് പറത്തിയതോടെ താക്കീതുമായി ദക്ഷിണകൊറിയ രംഗത്ത് എത്തി. 2018-ൽ ഒപ്പുവെച്ച കൊറിയന്‍ സമാധാനക്കരാര്‍ റദ്ദാക്കുമെന്ന മുന്നറിപ്പാണ് ദക്ഷിണകൊറിയയുടെ ദേശീയ സുരക്ഷാസമിതി ആദ്യം നല്‍കിയത്. പിന്നാലെ, അതിര്‍ത്തിയിലെ ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നതിനുള്ള 2018-ലെ കരാര്‍ അവർ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ബലൂണ്‍ പറത്തിയതിന് പ്രതികാരം എന്നോണം അതിര്‍ത്തിയില്‍ ഉച്ചഭാഷിണി സ്ഥാപിച്ച് വടക്കന്‍ കൊറിയാ വിരുദ്ധ സന്ദശങ്ങള്‍ കേള്‍പ്പിച്ചും ദക്ഷിണ കൊറിയ തിരിച്ചടിച്ചു. 11 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഉത്തര കൊറിയന്‍ വിരുദ്ധ പ്രചാരണപ്രക്ഷേപണം ദക്ഷിണ കൊറിയ നടത്തുന്നത്.

അതിര്‍ത്തിയില്‍ ഉച്ചഭാഷിണിവെച്ച് തങ്ങള്‍ക്കെതിരേ പ്രചാരണം നടത്തിയ ദക്ഷിണ കൊറിയക്ക് തിരിച്ചടി നല്‍കുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചു. ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങാണ് മുന്നറിപ്പുമായി രം​ഗത്തെത്തിയത്. ഈ മുന്നറിയിപ്പിനു പിന്നാലെ ഉത്തരകൊറിയ മാലിന്യം നിറച്ച 300 ബലൂണുകള്‍ കൂടി ദക്ഷിണ കൊറിയയിലേക്ക് പറത്തിവിട്ടു. ഒപ്പം അതിര്‍ത്തിയില്‍ ഉത്തര കൊറിയ ഉച്ചഭാഷിണികള്‍ സ്ഥാപിക്കാനും ആരംഭിച്ചുവെന്നാണ് ദക്ഷിണ കൊറിയന്‍ സൈന്യം പറയുന്നത്.

അമേരിക്കയും ദക്ഷിണ കൊറിയയും നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തിൽ പ്രകോപനം പൂണ്ട ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകൾ കിഴക്കൻ തീരത്തെ കടലിലേക്ക് വിക്ഷേപിരുന്നു. മിസൈലുകള്‍ ജപ്പാന്റെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്താണ് പതിച്ചതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്സും അതിന്റെ സ്ട്രൈക്ക് ഗ്രൂപ്പും ദക്ഷിണ കൊറിയൻ തുറമുഖമായ ബുസാനിൽ എത്തുന്നതിന് ഒരു ദിവസം മുൻപായിരുന്നു വിക്ഷേപണം.

കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങ് Screengrab, Copyright: CNN

തന്ത്രപരമായ ആണവ ആക്രമണങ്ങൾ പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഉത്തര കൊറിയയുടെ ആയുധ പരീക്ഷണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ വിക്ഷേപണമാണ് നടത്തിയത്. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസം അവസാനിപ്പിക്കണമെന്ന കിം ജോങ് ഉന്നിന്റെ മുന്നറിയിപ്പിന് പിന്നാലെ ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ വിക്ഷേപിച്ചിരുന്നു. ആണവ ശേഷിയുള്ള അണ്ടർവാട്ടർ അറ്റാക്ക് ഡ്രോൺ പരീക്ഷിച്ചതായും ഉത്തര കൊറിയ പറഞ്ഞിരുന്നു.

ഉത്തര കൊറിയ-ദക്ഷിണ കൊറിയ സംഘര്‍ഷം

ലോകത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ മേഖലകളിലൊന്നാണ് മഞ്ഞക്കടലിനും ജപ്പാന്‍ കടലിനും ഇടയില്‍ സ്ഥിതിചെയ്യുന്ന കൊറിയന്‍ ഉപദ്വീപ്. 1910 ഓഗസ്റ്റ് 22നാണ് ജപ്പാന്‍, കൊറിയന്‍ ഉപദ്വീപ് കൈവശപ്പെടുത്തുന്നത്. അത് 1945 വരെ തുടര്‍ന്നു. ജാപ്പനീസ് അധിനിവേശ സമയത്ത്, കൊറിയയില്‍ നിരവധി ദേശീയവാദ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നു. പക്ഷേ, കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും വ്യത്യസ്തരായ ഈ ഗ്രൂപ്പുകള്‍ ഒരൊറ്റ ദേശീയ പ്രസ്ഥാനമായി ഒന്നിക്കുന്നതില്‍ പരാജയപ്പെട്ടു. അതിനാല്‍ തന്നെ ജപ്പാനെതിരായി കാര്യമായി ഒന്നും ചെയ്യാന്‍ അവര്‍ക്കായില്ല. എന്നാല്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ ജാപ്പനീസ് സാമ്രാജ്യം പരാജയപ്പെട്ടതിന് പിന്നാലെ കൊറിയ രണ്ട് മേഖലകളായി വിഭജിക്കപ്പെട്ടു. വടക്ക് ഭാഗം സോവിയറ്റ് യൂണിയനും തെക്ക് ഭാഗം അമേരിക്കയും നിയന്ത്രിച്ചു. ദക്ഷിണ കൊറിയ റിപ്പബ്ലിക് ഓഫ് കൊറിയ എന്നും ഉത്തര കൊറിയ ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ എന്നും ഔദ്യോഗികമായി അറിയപ്പെട്ടു.

വിഭജനത്തിന് പിന്നാലെ സോവിയറ്റ് പിന്തുണയോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കിം ഇല്‍ സുങ് ഉത്തര കൊറിയയുടെ രാഷ്ട്രത്തലവനായി. ദക്ഷിണ കൊറിയയില്‍ 1948 മേയ് 10ന് പൊതുതിരഞ്ഞെടുപ്പ് നടക്കുകയും സിങ്മാന്‍ റീ പ്രസിഡന്റാകുകയും ചെയ്തു. വിഭജനത്തെ താല്‍ക്കാലികമായി കണ്ട രണ്ട് സര്‍ക്കാരുകളും തങ്ങളാണ് കൊറിയന്‍ ഉപദ്വീപിലെ ഏക സര്‍ക്കാരെന്ന് കരുതി. പിന്നാലെ യുദ്ധത്തിലൂടെ ഉപദ്വീപ് ഏകീകരിക്കണമെന്നാവശ്യപ്പെട്ട് കിം ഇല്‍ സുങ് സോവിയറ്റ് യൂണിയനെയും ചൈനയെയും സമീപിച്ചു. 1950 ആയപ്പോഴേക്കും ഉത്തര കൊറിയയ്ക്ക് ദക്ഷിണ കൊറിയക്ക് മേല്‍ വ്യക്തമായ സൈനിക മേധാവിത്വം ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയനില്‍ നിന്ന് അവര്‍ക്ക് മികച്ച ആയുധങ്ങങ്ങളും പരിശീലനവും ലഭിച്ചിരുന്നു. ഒപ്പം ദക്ഷിണ കൊറിയയില്‍ കമ്മ്യൂണിസ്റ്റ് അനുകൂല പ്രക്ഷോഭങ്ങള്‍ ഉണ്ടായേക്കുമെന്നും പ്രശ്നത്തില്‍ യുഎസ് ഇടപെടില്ലെന്നും പ്രതീക്ഷിച്ച കിം ഇല്‍ സുങ് പെട്ടന്നുള്ള വിജയം പ്രതീക്ഷിച്ചു.

1950 ജൂണ്‍ 25ന് ഉത്തര കൊറിയന്‍ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിച്ചു. സോവിയറ്റ് യൂണിയനും ചൈനയുമാണ് ഉത്തര കൊറിയക്ക് പിന്തുണ നല്‍കിയിരുന്നത്. എതിര്‍വശത്ത് ദക്ഷിണ കൊറിയക്കൊപ്പം അമേരിക്കന്‍ നേതൃത്വത്തിലുള്ള യുഎന്‍ സഖ്യസേനയും അണിനിരന്നു. സഖ്യസേനയില്‍ 16 രാജ്യങ്ങളില്‍ നിന്നുള്ള ഒന്നരലക്ഷത്തോളം സെനികരാണ് ഉണ്ടായിരുന്നത്. 1950-ല്‍ തുടങ്ങിയ യുദ്ധം സാങ്കേതികമായി 1953 ജൂലൈ 27ന് അവസാനിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടിയിലെത്തിയെങ്കിലും ഇതുവരെ സമാധാന കരാറിലെത്താന്‍ രണ്ട് കൊറിയകളുടെയും നേതൃത്വത്തിനായിട്ടില്ല.

രണ്ടാം ലോകയുദ്ധത്തിലേക്കാള്‍ വലിയ ബോംബിങ്ങാണ് യുഎസ് സൈന്യം ഉത്തര കൊറിയയില്‍ നടത്തിയത്. മൂന്ന് വര്‍ഷത്തിനിടെ 635000 ടണ്‍ ബോംബുകളാണ് യുഎസ് വിമാനങ്ങള്‍ വര്‍ഷിച്ചത്. രണ്ടാം ലോകയുദ്ധത്തിലാകെ 500000 ടണ്‍ ബോംബായിരുന്നു യുഎസ് പസിഫിക്കില്‍ വര്‍ഷിച്ചതെന്ന് ഏഷ്യാ പസിഫിക് ജേണലില്‍ ചരിത്രകാരനായ ചാള്‍സ് ആംസ്ട്രേങ് രേഖപ്പെടുത്തിയിരിക്കുന്നു. കൊറിയകളെ ഒരുമിപ്പിക്കുന്നതിനായി സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിനെ യുദ്ധത്തിനായി ഉത്തര കൊറിയന്‍ നേതാവ് കിം ഇല്‍ സുങ് സമ്മതിപ്പിക്കുകയായിരുന്നു. സ്റ്റാലിന്‍റെ സമ്മതം കിട്ടിയതോടെ ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് മാവോ സെദുങ്ങും ഉത്തര കൊറിയന്‍ സൈന്യത്തിന് പിന്തുണ നല്‍കി.

1950 ലെ കൊറിയന്‍ യുദ്ധം Screengrab, Copyright: history.com

36000-ലേറെ അമേരിക്കന്‍ സൈനികര്‍ക്കാണ് യുദ്ധത്തില്‍ ജീവന്‍ നഷ്‍ടമായത്. ഇരുഭാഗത്തുമായി 20 ലക്ഷത്തിലേറെ ആളുകള്‍ കൊല്ലപ്പെടുകയും നഗരങ്ങളും ഗ്രാമങ്ങളും തകര്‍ക്കപ്പെടുകയും ചെയ്‍തു. 1953 ജൂലൈ 27ന് ഇരുവിഭാഗവും തമ്മില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണയിലെത്തി. യുഎസും ചൈനയും ഉത്തര കൊറിയയും ഉടമ്പടിയില്‍ ഒപ്പുവെച്ചു. എന്നാല്‍ ദക്ഷിണ കൊറിയ അംഗീകരിച്ചില്ല. യുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടിക്ക് ശേഷം സോവിയറ്റ് യൂണിയന്‍റെയും ചൈനയുടെയും സഹായത്തോടെ ഉത്തര കൊറിയ അതിവേഗം കരകയറി.

എന്നാല്‍ 1960കളില്‍ പാര്‍ക് ച്യൂങ് ഹീ പ്രസിഡ‍ന്‍റായതോടെയാണ് ദക്ഷിണ കൊറിയയുടെ സാമ്പത്തികരംഗം മെച്ചപ്പെട്ട് തുടങ്ങിയത്. ഇതോടെ കൊറിയന്‍ കൂടിച്ചേരലിനുള്ള സാധ്യത കുറയുന്നതായി മനസ്സിലാക്കിയ ഉത്തര കൊറിയ പ്രകോപനപരമായ നടപടികള്‍ക്ക് തുടക്കം കുറിച്ചു. 1968ല്‍ പാര്‍ക്ക് ച്യൂങ് ഹീയെ കൊലപ്പെടുത്താനായി ഉത്തര കൊറിയ 31 കമാന്‍ഡോകളെ സോളിലേക്ക് അയച്ചു. ദക്ഷിണ കൊറിയന്‍ സൈനികരുടെ യൂണിഫോമണിഞ്ഞ കമാന്‍ഡോകള്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരമായ ബ്ലൂ ഹൗസിന് 100 മീറ്റര്‍ അടുത്ത് വരെയെത്തി. എന്നാല്‍ അവര്‍ പിടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്‍തു. 1974ല്‍ വീണ്ടും പാര്‍ക്കിനെതിരെ കൊലപാതകശ്രമമുണ്ടായി. ഉന്നംതെറ്റിയ വെടികൊണ്ട് പാര്‍ക്കിന്‍റെ ഭാര്യയാണ് കൊല്ലപ്പെട്ടത്. 1983ല്‍ പാര്‍ക്കിന്‍റെ പിന്‍ഗാമിയായ ചുന്‍ ഡൂ ഹ്വാനിന്‍റെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പായി മ്യാന്‍മര്‍ തലസ്ഥാനമായ യംഗൂണില്‍ ഉത്തര കൊറിയ ബോംബിട്ടു. ദക്ഷിണ കൊറിയന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 20ലേറെ പേരാണ് കൊല്ലപ്പെട്ടത്.

യുദ്ധം അവസാനിച്ച് നാല് പതിറ്റാണ്ടിന് ശേഷം 2000 ജൂണ്‍ 14ന് ഇരു കൊറിയകളുടെയും നേതാക്കള്‍ ആദ്യമായി കൂടിക്കാഴ്‍ച നടത്തി. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്‍യാങ്ങില്‍ വെച്ചാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് കിം ഡേ യുങ്ങും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഇല്ലും കണ്ടത്. കടുത്ത ക്ഷാമത്തെ തുടര്‍ന്ന് ഉത്തര കൊറിയയില്‍ 30 ലക്ഷത്തിലേറെ പേര്‍ മരിച്ച് മൂന്ന് വര്‍ത്തിനുശേഷമായിരുന്നു ഈ കൊറിയന്‍ ഉച്ചകോടി. 1999ല്‍ യെല്ലോ സീയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇരുഭാഗത്തും സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കൊറിയന്‍ നേതാക്കളുടെ കൂടിക്കാഴ്‍ച ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ നിര്‍ണായകമായി. അതിര്‍ത്തിയില്‍ ലെയ്‍സണ്‍ ഓഫീസുകള്‍ തുറക്കുകയും അതിര്‍ത്തി കടന്ന് കുടുംബങ്ങളെ ഒരുമിക്കാന്‍ അനുവദിക്കുകയും ചെയ്‍തു. 3500 ഉത്തര കൊറിയന്‍ തടവുകാര്‍ക്ക് ദക്ഷിണ കൊറിയ മാപ്പ് നല്‍കി.

ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്‍മാറിയ ഉത്തര കൊറിയ 2006 ല്‍ ആദ്യ ആണവ പരീക്ഷണം നടത്തി. ഇതിന് പിന്നാലെയാണ് യുഎന്‍ ഉത്തര കൊറിയക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ 2007 ല്‍ വീണ്ടും കൊറിയന്‍ നേതാക്കള്‍ കണ്ടു. പ്യോങ്‍യാങ്ങിലെത്തിയാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് റോ മൂ ഹ്യൂണ്‍ കിം ജോങ് ഇല്ലിനെ കണ്ടത്. 2008 ല്‍ ലീ മ്യൂങ് ബാക് ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റായതോടെ വീണ്ടും ബന്ധം വഷളായി. ഉത്തര കൊറിയക്കുള്ള സാമ്പത്തികസഹായം ദക്ഷിണ കൊറിയ നിര്‍ത്തി. ഇതോടെ തെക്കുമായുള്ള രാഷ്ട്രീയ-സൈനിക ബന്ധം വടക്ക് ഉപേക്ഷിച്ചു. 2009 ല്‍ വടക്ക് വീണ്ടും ആണവ പരീക്ഷണം നടത്തി. 2010 ല്‍ സോള്‍ പ്യോങ്‍യാങ്ങുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ചു.

ഉത്തര കൊറിയ ആണവ പദ്ധതികളുമായി മുന്നോട്ട് പോയതോടെ അമേരിക്ക ശക്തമായ മുന്നറിയിപ്പ് നല്‍കി. 2017 ആയപ്പോഴേക്കും യുഎസ്-ഉത്തര കൊറിയ തര്‍ക്കം രൂക്ഷമായി. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും പരസ്‍പരം വെല്ലുവിളിച്ചു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം രണ്ട് കൊറിയകള്‍ വീണ്ടും ഒരു കൊടിക്കീഴില്‍ വന്നു. 2018 ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയയിലെ പ്യൂങ്ചങ്ങില്‍ നടന്ന വിന്‍റര്‍ ഒളിംപിക്സിനായാണ് ഇരു കൊറിയകളും ഒരുമിച്ചത്. അതിന് പിന്നാലെ കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജേ ഇന്നും കൂടിക്കാഴ്‍ച നടത്തി. അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയിലെത്തുന്ന ആദ്യ ഉത്തര കൊറിയന്‍ നേതാവായി കിം ജോങ് ഉന്‍. ഏറ്റുമുട്ടലിന്‍റെ ചരിത്രം അവസാനിപ്പിക്കാനാണ് താന്‍ വന്നതെന്നായിരുന്നു കിം മൂണിനോട് പറഞ്ഞത്.

കിം -മൂണ്‍ കൂടിക്കാഴ്‍ച അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും വഴിതെളിച്ചു. 2018 ജൂണില്‍ സിംഗപ്പൂരില്‍ വെച്ച് കിമ്മും ട്രംപും ആദ്യമായി കണ്ടു. ഉത്തര കൊറിയ ആണവ പദ്ധതികള്‍ അവസാനിപ്പിക്കണമെന്നായിരുന്നു ട്രംപിന്‍റെ ആവശ്യം. അടുത്ത വര്‍ഷം വിയറ്റ്‍നാമില്‍ വെച്ച് ട്രംപും കിമ്മും വീണ്ടും ചര്‍ച്ച നടത്തി. ആണവ പദ്ധതിയില്‍ നിന്ന് പിന്‍മാറണമെങ്കില്‍ ഉപരോധം നീക്കണമെന്ന് കിം ആവശ്യപ്പെട്ടു. 2019 ജൂണില്‍ ട്രംപ് കൊറിയന്‍ അതിര്‍ത്തിയിലെത്തി കിമ്മിനെ കണ്ടു. ഇതോടെ കൊറിയന്‍ മണ്ണില്‍ കാലുകുത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്‍റായി ട്രംപ്. ആണവ നിര്‍വ്യാപനത്തില്‍ ട്രംപും ഉപരോധം നീക്കണമെന്ന ആവശ്യത്തില്‍ കിമ്മും ഉറച്ചുനിന്നതോടെ ഈ സന്ദര്‍ശനങ്ങളും ചര്‍ച്ചകളുമെല്ലാം പാഴായി. യുഎസ് -ഉത്തര കൊറിയ ബന്ധം വീണ്ടും വഷളായി.

ഡൊണാൾഡ് ട്രംപ് Screengrab, Copyright: history.com

ഇതിനിടെ 2018 സെപ്റ്റംബർ 18 മുതൽ 20 വരെ പ്യോംഗ്യാങ്ങിൽ നടന്ന ചരിത്രപരമായ ഇന്റർ-കൊറിയൻ ഉച്ചകോടിയിൽ ഇന്റർ- കൊറിയൻ സമഗ്ര സൈനിക കരാറില്‍ ഒപ്പുവെച്ചിരുന്നു. ഈ ഉച്ചകോടിയുടേയും തുടർന്നുള്ള ഇന്റർ-കൊറിയൻ സൈനിക ഉടമ്പടിയുടെയും ഫലമായി, ആണവായുധ ഭീഷണികളിൽ നിന്നും യുദ്ധത്തിന്റെ നിഴലിൽ നിന്നും മുക്തമായ, സമാധാനപൂർണമായ ഒരു കൊറിയൻ ഉപഭൂഖണ്ഡത്തിനുവേണ്ട അടിത്തറ പാകുന്നതിനും അതിലൂടെ സുരക്ഷാ പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനും ഇരുഭാഗത്തുനിന്നും അംഗീകാരം ലഭിക്കുകയായിരുന്നു. അതുവഴി കരയിലും വായുവിലും കടലിലും പരസ്പരം നടത്തുന്ന എല്ലാ തീവ്രവാദ പ്രവർത്തനങ്ങളും പൂർണ്ണമായും അവസാനിപ്പിക്കാൻ കരാറിലൂടെ ഇരുപക്ഷവും സമ്മതിച്ചു.

1953 ല്‍ കൊറിയൻ യുദ്ധം അവസാനിച്ചതിനുശേഷം ഇരു കൊറിയകളെയും വേർതിരിക്കുന്ന ജോയിന്റ് സെക്യൂരിറ്റി ഏരിയയുടെ സൈനികവൽക്കരണം ഏറ്റെടുക്കാനും സൈനികവൽക്കരിക്കപ്പെട്ട മേഖലയെ സമാധാന മേഖലയാക്കി മാറ്റാനും സമവായത്തിലെത്തുകയായിരുന്നു. മാത്രമല്ല, പെട്ടെന്നുള്ള സൈനിക ഏറ്റുമുട്ടലുകൾ തടയുന്നതിനുള്ള നടപടികൾ നടപ്പാക്കാൻ ഇരുപക്ഷവും സമ്മതിക്കുകയും കരാർ നടപ്പാക്കുന്നത് നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഒരു അന്തർ-കൊറിയൻ സംയുക്ത സൈനിക സമിതി സ്ഥാപിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇത് ഏത് സമയത്തും യുദ്ധ സന്നദ്ധതയിൽ ഏർപ്പെടുന്ന സൈന്യങ്ങളുടെ പ്രകോപന പ്രവർത്തനങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് കാരണമായി. കൂടാതെ ഉത്തര കൊറിയൻ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ഗണ്യമായ ഫലം നൽകുന്നതിനും ഈ കരാർ കൊണ്ട് സാധിച്ചിട്ടുണ്ട്.

എന്നാല്‍ 2023 നവംബർ 23 ന് കരാറിൽ നിന്ന് പിന്മാറുന്നതായി ഉത്തര കൊറിയ പ്രഖ്യാപിക്കുകയുണ്ടായി. കരാറിലെ നിരോധന മേഖല വ്യവസ്ഥ നടപ്പിലാക്കുന്നത് ദക്ഷിണ കൊറിയ നിർത്തിവച്ചതിനെ തുടർന്നാണ് ഉത്തര കൊറിയ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് എന്നാണ് പരാമർശം. 2019 ഫെബ്രുവരി 27-28 തീയതികളിൽ വിയറ്റ്നാമിൽ വെച്ചു നടന്ന പരാജയപ്പെട്ട യുഎസ്-ഉത്തര കൊറിയ ഉച്ചകോടിക്കിടെ, യോങ്ബിയോണിലെ ആണവ സംവിധാന സമുച്ചയം പൊളിച്ചുമാറ്റുന്നതിനുള്ള നിർദ്ദേശം ഉത്തര കൊറിയ മുന്നോട്ടു വെക്കുകയും, ഒപ്പം ഉത്തരകൊറിയക്കുമേൽ ചുമത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ ലഘൂകരിക്കുന്നതിനുള്ള കരടുരൂപവും അവതരിപ്പിക്കുകയും ചെയ്തു.

എന്നാൽ ആണവ നിരായുധീകരണത്തിലും അതിന്റെ സ്ഥിരീകരണത്തിലും കൂടുതൽ കാര്യക്ഷമമായ നടപടികൾ ആവശ്യമാണെന്നുള്ള ട്രംപിന്റെ നിർബന്ധം മൂലം ഇത് വലിയ വിജയം നേടുന്നതിൽ പരാജയപ്പെടുകയാണുണ്ടായത്. ഇത് ഉത്തര കൊറിയയെ അതിന്റെ ആണവ, സൈനിക പ്രതിരോധ കഴിവുകൾ വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുകയും തൽഫലമായി കൊറിയൻ ഉപദ്വീപിലെ സുരക്ഷാ അന്തരീക്ഷം വഷളാവുകയും വർദ്ധിച്ച ഏറ്റുമുട്ടലിന്റെയും സംഘർഷത്തിന്റെയും സാഹചര്യത്തിലേക്ക് നയിക്കുകയുമാണുണ്ടായത്.

ഈ സംഘർഷങ്ങൾക്കിടയിൽ തന്നെ, 2022-ൽ ദക്ഷിണ കൊറിയയിലുണ്ടായ അധികാര മാറ്റം കൂടുതൽ സങ്കർഷപരിതമായ സാഹചര്യത്തിലേക്ക് നയിക്കുകയായിരുന്നു. നിലവിലെ പ്രസിഡന്റ് യൂൻ സുക് യോൾ അധികാരത്തിലേക്ക് വന്ന നാൾ മുതൽ തന്നെ സൈനിക കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള നടപടി അദ്ദേഹം ആരംഭിച്ചു തുടങ്ങിയിരുന്നു. ഉത്തര കൊറിയ-അമേരിക്ക ആണവനിരായുധീകരണ സംഭാഷണം തകർന്നത് മുതൽ സുരക്ഷാ പോസ്റ്റുകളിലേക്ക് വെടിവെച്ചുകൊണ്ടും, സമുദ്രാതിർത്തിയിലെ ബഫർ സോണിൽ വെടിയുതിർത്തും ഉത്തര കൊറിയ ഒന്നിലധികം തവണ കരാർ ലംഘിച്ചിട്ടുണ്ട്.

അതിനാൽ, അധികാരമേറ്റെടുത്തയുടൻ തന്നെ, യൂൻ ഭരണകൂടം ഉത്തര കൊറിയയുമായി ഇടപഴകാനുള്ള മുൻ ശ്രമങ്ങളുടെ പ്രയോജനം നിഷേധിക്കുകയും മൂൺ ഭരണകൂടത്തിന്‍റെ നയങ്ങൾ തിരുത്തുകയും കൊറിയൻ ബന്ധങ്ങളിൽ അസ്ഥിരത സൃഷ്ടിച്ചുകൊണ്ട് ഉത്തര കൊറിയയോട് കടുത്ത നിലപാട് സ്വീകരിക്കുകയുമാണ് ഉണ്ടായത്. ഉത്തര കൊറിയയിൽ നിന്നുള്ള ഭീഷണികളെ ചെറുക്കുന്നതിനുള്ള നടപടികൾ അദ്ദേഹം നടപ്പാക്കിയത് അമേരിക്കയുമായി ചേർന്ന് രാജ്യത്തിന്‍റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയാണ്. ഇത് ഉത്തര കൊറിയയെ ചൊടിപ്പിച്ചു. അമേരിക്കയോടുള്ള ദക്ഷിണ കൊറിയയുടെ അടുപ്പവും പുതിയ ഭരണകൂടത്തിന്റെ നിലപാടുകളും ഉത്തര കൊറിയയെ കൂടുതല്‍ ചൊടിപ്പിച്ചു എന്ന് പറയാം.

FAQs

എന്താണ് കൊറിയന്‍ യുദ്ധം?

ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയും ( ഉത്തര കൊറിയ ) റിപ്പബ്ലിക് ഓഫ് കൊറിയയും ( ദക്ഷിണ കൊറിയ ) തമ്മില്‍ 1950 ജൂണിൽ നടന്ന യുദ്ധമാണ് കൊറിയന്‍ യുദ്ധം. സംഘർഷത്തിൽ കുറഞ്ഞത് 2.5 ദശലക്ഷം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.

ആരാണ് കിം ജോങ് യുൻ?

ഉത്തര കൊറിയയുടെ പരമ്മോന്നത ഭരണാധികാരിയാണ് കിം ജോങ് യുൻ. പിതാവായ കിം ജോങ് ഇൽ 2011 ഡിസംബർ 17 ന് അന്തരിച്ചതിനെ തുടർന്നാണ് കിം ജോങ് യുൻ അധികാരത്തിലെത്തിയത്.

എന്താണ് കൊറിയ?

1945 ൽ ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെടുന്നതിന് മുമ്പ് ജപ്പാൻറെ ഒരു കോളനി ആയിരിന്നു കൊറിയ. വടക്കുകിഴക്കൻ ഏഷ്യയിലെ ഒരു ഉപദ്വീപായ കൊറിയയെ ശാന്തസമുദ്രത്തിൽ കൊറിയൻ കടലിടുക്ക് ജപ്പാനിൽ നിന്നും വേർതിരിക്കുന്നു. വടക്ക്-പടിഞ്ഞാറായി ചൈനയും വടക്ക്-കിഴക്കായി റഷ്യയും അതിർത്തികൾ പങ്കിടുന്നു.

Quotes

“ആരാണ് ശരിയെന്നല്ല, ആരാണ് അവശേഷിക്കുന്നത് എന്നാണ് യുദ്ധം നിർണ്ണയിക്കുന്നത്- ബെർട്രാൻഡ് റസ്സൽ”