Sat. Jan 18th, 2025

 

പട്‌ന: ബിഹാറില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് ബിജെപി എംഎല്‍എ. സീതാമര്‍ഹി ജില്ലയില്‍ ശനിയാഴ്ച നടന്ന വിജയദശമി ആഘോഷത്തിനിടെയാണ് എംഎല്‍എ മിഥിലേഷ് കുമാര്‍ വാള്‍ നല്‍കിയത്. ചടങ്ങുകള്‍ക്കായി ഒത്തുകൂടിയ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കാണ് വാളുകള്‍ വിതരണം ചെയ്തത്.

‘ഏതെങ്കിലും ദുഷ്ടന്‍ നമ്മുടെ സഹോദരിമാരെ തൊടാന്‍ തുനിഞ്ഞാല്‍, ഈ വാളുകൊണ്ട് അവന്റെ കൈ വെട്ടു’മെന്ന് പറഞ്ഞുകൊണ്ടായിരുന്നു വാള്‍ വിതരണം. ആവശ്യമെങ്കില്‍ ഞാനും നിങ്ങളും ഇത് ചെയ്യണം. നമ്മുടെ സഹോദരിമാര്‍ക്കെതിരെ വരുന്ന എല്ലാ ക്രൂരന്മാരെയും നശിപ്പിക്കണമെന്നും എംഎല്‍എ പറഞ്ഞു.

സീതാമര്‍ഹി മണ്ഡലത്തിലെ ബിജെപി എംഎല്‍എയാണ് മിഥിലേഷ് കുമാര്‍. തന്റെ ആശയത്തോടൊപ്പം ചേരാനും തന്നെ പിന്തുണയ്ക്കാനും ജനങ്ങളോട് അഭ്യര്‍ത്ഥിച്ച എംഎല്‍എ തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ചടങ്ങിനിടെ തോക്കുകളും വാളുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ മിഥിലേഷ് കുമാര്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും പൂജിക്കുകയും ചെയ്തു.