Sat. Jan 18th, 2025

 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ മുതിര്‍ന്ന സിപിഎം നേതാവ് യൂസഫ് തരിഗാമിയെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് സിപിഎം ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഉടന്‍ ഉണ്ടായേക്കും.

നാഷണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടാല്‍ ഇത് സംബന്ധിച്ച് ചര്‍ച്ചക്ക് തയ്യറാണെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. എന്നാല്‍ ജമ്മു കശ്മീര്‍ സംസ്ഥാന ഘടകത്തിന്റെ തീരുമാനം ഇതില്‍ നിര്‍ണായകമാണ്.

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് ഉഭയകക്ഷി ചര്‍ച്ച വെള്ളിയാഴ്ച ഉച്ചയ്ക്ക് ചേരും. തരിഗാമിക്ക് പിന്തുണ നല്‍കികൊണ്ടുള്ള കത്ത് കോണ്‍ഗ്രസ് ഈ യോഗത്തില്‍ വെച്ച് കൈമാറും കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാരുണ്ടാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ തരിഗാമി പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗം കൂടിയാണ്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് തരിഗാമി ജനവിധി തേടിയത്. 1996 ലാണ് കുല്‍ഗാമില്‍നിന്ന് തരിഗാമി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2002, 2008, 2014 വര്‍ഷങ്ങളിലും ജയം ആവര്‍ത്തിച്ചു.

തരിഗാമി കുല്‍ഗാം മണ്ഡലത്തില്‍ നിന്നാണ് ഇത്തവണയും ജയിച്ച് കയറിയത്. 7,838 വോട്ടിനാണ് എതിര്‍ സ്ഥാനാര്‍ഥി സയാര്‍ അഹ്‌മദ് റെഷിയെ തോല്‍പിച്ചത്. 1996 മുതല്‍ ഇവിടെ തരിഗാമിയാണ് ജയിക്കുന്നത്. ഇത്തവണ നാഷനല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് മുന്നണിയിലാണ് സിപിഎം ജനവിധി തേടിയത്.

കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത് ഉള്‍പ്പെടെ നിരവധി ജനകീയ വിഷയങ്ങളിലെ മുന്‍നിരപ്പോരാളിയാണ് 73കാരനായ തരിഗാമി. പ്രത്യേക അധികാരം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കാര്‍ മൂവ്‌മെന്റിന്റെ വക്താവാണ്.

അതേസമയം, നാല് സ്വതന്ത്രര്‍ കൂടി ഉമര്‍ അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഒറ്റക്ക് കേവല ഭൂരിപക്ഷം പിന്നിട്ടു. പ്യാരേ ലാല്‍ ശര്‍മ്മ, സതീഷ് ശര്‍മ്മ, ചൗധരി മുഹമ്മദ് അക്രം, ഡോ.രാമേശ്വര്‍ സിങ് തുടങ്ങിയവരാണ് ഉമര്‍ അബ്ദുല്ലയുടെ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ചംബ്, സുരാന്‍കോട്ടെ, ബാനി തുടങ്ങിയ സീറ്റുകളില്‍ നിന്നാണ് ഇവര്‍ വിജയിച്ചത്.

ഇതോടെ നാഷണല്‍ കോണ്‍ഫറന്‍സിന് ഇപ്പോള്‍ 46 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഇതില്‍ ലഫറ്റനന്റ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്ന അഞ്ച് പേര്‍ ഉള്‍പ്പെടുന്നില്ല. ഇതോടെ കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ തന്നെ നാഷണല്‍ കോണ്‍ഫറന്‍സിന് ജമ്മു കശ്മീര്‍ ഭരിക്കാനാവും.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമര്‍ അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സിന് 42 സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസിന് ആറ് സീറ്റില്‍ മാത്രം വിജയിക്കാനാണ് സാധിച്ചത്. ബിജെപിക്ക് 29 സീറ്റില്‍ വിജയിക്കാന്‍ സാധിച്ചു. മൂന്ന് സ്വതന്ത്ര്യരുടെ പിന്തുണ കൂടി ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ പാര്‍ട്ടിയുടെ നിയമസഭയിലെ അംഗബലം 32 ആയി ഉയരും.