Wed. Dec 18th, 2024

 

ബെയ്‌റൂത്ത്: ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇസ്രായേല്‍ നടത്തിയിരിക്കുന്നത്.

ആക്രമണത്തില്‍ 117 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു കുടുംബത്തിലെ എട്ട് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ ഉന്നത നേതാവായ വാഫിഖ് സഫ ഇസ്രായേലിന്റെ വധശ്രമത്തെ അതിജീവിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, യുഎന്‍ സമാധാനസംഘത്തിന് നേരെ ഇസ്രായേല്‍ മനപ്പൂര്‍വം വെടിയുതിര്‍ത്തു. ലെബനാനിലാണ് സംഭവമുണ്ടായത്. വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി സമാധാനസംഘം അറിയിച്ചു. ഇത് ഇസ്രായേല്‍ നടത്തിയ അന്താരാഷ്ട്ര നിയമങ്ങളുടെ ഏറ്റവും പുതിയ ലംഘനമാണ്.

നകൗരയിലെ യുഎന്‍ സമാധാനസേനയുടെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തുകയും കമ്യൂണിക്കേഷന്‍ സിസ്റ്റം തകരാറിലാക്കുകയും ചെയ്തുവെന്നും യുഎന്‍ വ്യക്തമാക്കി.

ടാങ്ക് ഷെല്ലുകളും ചെറു ആയുധങ്ങളും ഉപയോഗിച്ചാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്ന് ലബനാനിലെ യുഎന്‍ സമാധാനസേനയുടെ ഉദ്യോഗസ്ഥ ആന്‍ഡ്രിയ തെനന്റി പറഞ്ഞു. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.