Thu. Jun 19th, 2025

 

ലഖ്‌നൌ: രോഗ ശാന്തിക്കായി പിഞ്ചു കുഞ്ഞിനെ ബലി നല്‍കിയ ദമ്പതികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് മുസഫര്‍ നഗറിലെ ബെല്‍ദ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ അമ്മ മമത, അച്ഛന്‍ ഗോപാല്‍ കശ്യപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.

മമത ദീര്‍ഘനാളായി അസുഖബാധിതയായിരുന്നു. അസുഖം ഭേദമാകുന്നതിനായി കുട്ടിയെ ബലി നല്‍കാന്‍ മന്ത്രവാദി ഇവരോട് നിര്‍ദേശിച്ചു. തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതും മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചതായും ദമ്പതിള്‍ സമ്മതിച്ചതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ആദിത്യ ബന്‍സാല്‍ അറിയിച്ചു.

കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. കുട്ടിയുടെ മൃതദേഹം കണ്ടെത്താനായി തിരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കുട്ടിയെ ബലി നല്‍കാന്‍ ഉപദേശിച്ച മന്ത്രവാദി ഹരേന്ദ്രയ്ക്കു വേണ്ടിയുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.