ജറുസലേം: ജറുസലേം മുതല്‍ സിറിയന്‍ തലസ്ഥാനമായ ദമസ്‌കസ് വരെ വ്യാപിച്ചുകിടക്കുന്ന വിശാല ജൂത രാഷ്ട്രമാണ് തങ്ങള്‍ ലക്ഷ്യംവെക്കുന്നതെന്ന് ഇസ്രായേല്‍ ധനകാര്യമന്ത്രി ബെസാലെല്‍ സ്മോട്രിച്ച്. ആര്‍ട്ട് ടിവി ചാനല്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിലാണ് മന്ത്രിയുടെ പരാമര്‍ശം.
”ഞാന്‍ ഒരു ജൂതരാഷ്ട്രം ആഗ്രഹിക്കുന്നുണ്ട്. അത് വളരെ സങ്കീര്‍ണമാണ്. ജൂത ജനതയുടെ മൂല്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രമായിരിക്കും അത്. ജറുസലേം മുതല്‍ ദമാസ്‌കസ് വരെ വിശാലമായതായിരിക്കും”, സ്മോട്രിച്ച് പറഞ്ഞു.
തീവ്രനിലപാടുള്ള സയണിസ്റ്റ് നേതാവാണ് ബെസാലെല്‍ സ്മോട്രിച്ച്. ദമാസ്‌കസ് വരെ വ്യാപിച്ചുകിടക്കുന്ന ജൂത രാഷ്ട്രം എന്ന് പറയുമ്പോള്‍ ഫലസ്തീന്റെ ഭൂപ്രദേശം മുഴുവന്‍ അതില്‍പ്പെടും. ജോര്‍ദാന്‍, സിറിയ, ലബനാന്‍, ഇറാഖ്, ഈജിത് രാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളും സൗദി അറേബ്യയുടെ ഭാഗം പോലും ഇതില്‍പ്പെടും.