Wed. Dec 18th, 2024

2014-ലാണ് ജമ്മു കശ്മീരില്‍ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് 87 അംഗസഭയില്‍ പിഡിപിക്ക് പിന്നാലെ രണ്ടാമത്തെ വലിയ ഒറ്റ കക്ഷിയായിരുന്നു ബിജെപി

ത്തു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജമ്മു കശ്മീരില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജനവിധി നാഷണല്‍ കോണ്‍ഫറന്‍സിനോപ്പമാണ്. 90 അംഗ നിയമസഭയില്‍ ഏറ്റവും വലിയ കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടത് ഒമര്‍ അബ്ദുല്ല നയിക്കുന്ന എന്‍സിയാണ്. 42 സീറ്റാണ് പാര്‍ട്ടിക്ക് ലഭിച്ചത്. കോണ്‍ഗ്രസുമായി സഖ്യമുള്ളതിനാല്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്.

2018 മുതല്‍ ജമ്മു കശ്മീരില്‍ നിലവിലുള്ള ലഫ്റ്റനന്റ് ഗവര്‍ണര്‍ ഭരണം, സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റിയത്, അനുച്ഛേദം 370 പിന്‍വലിച്ച 2019 ഓഗസ്റ്റ് അഞ്ചിനുശേഷമുള്ള പ്രദേശത്തെ സാഹചര്യങ്ങള്‍ എല്ലാം നിലനില്‍ക്കെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യ സഖ്യവും ബിജെപിയുമാണ് പ്രധാനമായും ഏറ്റുമുട്ടിയത്. നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സിപിഎം, പാന്തേഴ്സ് പാര്‍ട്ടി എന്നിവര്‍ ഇന്ത്യാ സഖ്യത്തിനൊപ്പം നിന്നു.

42 സീറ്റുനേടിയ നാഷണല്‍ കോണ്‍ഫറന്‍സിനൊപ്പം കോണ്‍ഗ്രസ് ആറുസീറ്റും സിപിഎം ഒരു സീറ്റും നേടി. ബിജെപി ഒറ്റയ്ക്ക് മത്സരിച്ച് 29 സീറ്റ് നേടി. കഴിഞ്ഞ തവണ 25 ആയിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ഒമര്‍ അബ്ദുള്ള ജയിച്ചപ്പോള്‍ പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി തോറ്റു. കുല്‍ഗാമില്‍ മത്സരിച്ച മുഹമ്മദ് യൂസുഫ് തരിഗാമി സിപിഎമ്മിന് വിജയം നേടിക്കൊടുത്തു. ഫലപ്രഖ്യാപനത്തിനുശേഷം കിങ് മേക്കറാവുമെന്ന് കരുതിയിരുന്ന പിഡിപി സഖ്യത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒമര്‍ അബ്ദുള്ള Screengrab, Copyright: The Telegraph

ബുദ്ഗാം, ഗന്ദര്‍ബല്‍ എന്നീ രണ്ട് സീറ്റുകളില്‍ നിന്നാണ് ഒമര്‍ അബ്ദുള്ള ജനവിധി തേടിയത്. ഇതില്‍ ബുദ്ഗാമില്‍ 18,485 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബുദ്ഗാമില്‍ ഒമര്‍ വിജയിച്ചപ്പോള്‍ 15 റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞ ഗന്ദര്‍ബാലില്‍ 10,346 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്. ജമ്മു കശ്മീരിന്റെ പുതിയ മുഖ്യമന്ത്രിയായി തന്റെ മകന്‍ ഒമര്‍ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള ഫലപ്രഖ്യാപനത്തിന് മുമ്പേ പറഞ്ഞിരുന്നു.

”ജനങ്ങള്‍ അവുടെ അധികാരം വിനിയോഗിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് (ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍) എടുത്ത തീരുമാനം അംഗീകരിക്കുന്നില്ലെന്ന് അവര്‍ തെളിയിച്ചു. ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകും”, ഇങ്ങനെയാണ് ഫറൂഖ് അബ്ദുള്ള പറഞ്ഞത്.

2014-ലാണ് ജമ്മു കശ്മീരില്‍ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് 87 അംഗസഭയില്‍ പിഡിപിക്ക് പിന്നാലെ രണ്ടാമത്തെ വലിയ ഒറ്റ കക്ഷിയായിരുന്നു ബിജെപി. അതോടെ പിഡിപിയുമായി ചേര്‍ന്ന് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. പക്ഷേ, 2018 ല്‍ ബിജെപി സഖ്യത്തില്‍ നിന്ന് പുറത്തുവന്നതോടെ സര്‍ക്കാര്‍ താഴെവീണു. പിന്നാലെ 2019ല്‍ ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ റദ്ദാക്കുകയും കേന്ദ്രഭരണ പ്രദേശമായി മാറ്റുകയും ചെയ്തു. ഇക്കാലയളവിലൊന്നും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ കശ്മീരില്‍ ഇല്ലായിരുന്നു.

അപ്രതീക്ഷിതവും നാടകീയവുമായ നീക്കങ്ങള്‍ക്കൊടുവിലാണ് 2019ല്‍ ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. പിന്നാലെ സംസ്ഥാനത്തെ ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റി. ഡല്‍ഹിയും പുതുച്ചേരിയും പോലെ ജമ്മു കശ്മീരിന് നിയമസഭയുണ്ടെങ്കിലും ലഡാക്കിന് അതില്ല. ജമ്മു കശ്മീരില്‍ പാര്‍ലമെന്റ് മണ്ഡലങ്ങളും അസംബ്ലി മണ്ഡലങ്ങളും പുനര്‍നിര്‍ണയിക്കാനും ബില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇത് പ്രകാരം 2022ല്‍ മണ്ഡല പുനര്‍നിര്‍ണയം സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.

സംസ്ഥാന വിഭജനത്തിന് പിന്നാലെ ജമ്മു ഡിവിഷനിലും കശ്മീര്‍ ഡിവിഷനിലും പത്ത് വീതം ജില്ലകളാണുള്ളത്. ഇതില്‍ കശ്മീര്‍ ഡിവിഷനിലെ 10 ജില്ലകളിലും ഹിന്ദു ജനസംഖ്യ ന്യൂനപക്ഷമാണ്. ജമ്മുമേഖലയില്‍ ഉധംപുര്‍, കത്വ, സാംബ, ജമ്മു എന്നിവ ഒഴികെയുള്ള ജില്ലകളിലും ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമില്ല.

മണ്ഡല പുനര്‍നിര്‍ണയത്തിനായി നിയമിച്ച ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി കമ്മീഷന്‍ 2022 മേയ് അഞ്ചിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ജമ്മു ഡിവിഷനിലേക്ക് ആറ് നിയമസഭാസീറ്റുകളും കശ്മീര്‍ ഡിവിഷനിലേക്ക് ഒരു സീറ്റും കൂട്ടിച്ചേര്‍ത്തു. ഇതോടെ ജമ്മു നിയമസഭയിലെ ആകെ സീറ്റുകള്‍ 114 ആയി ഉയര്‍ന്നു. ഇതില്‍ 24 സീറ്റുകള്‍ പാക് അധീന കശ്മീരിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ക്കായി മാറ്റിവെച്ചതാണ്. ബാക്കിയുള്ള 90 സീറ്റുകളില്‍ 43 സീറ്റുകള്‍ ജമ്മു ഡിവിഷനിലും 47 സീറ്റുകള്‍ കശ്മീര്‍ ഡിവിഷനിലുമാണ്.

എന്നാല്‍ ഈ വിഭജനം ബിജെപിക്ക് ഗുണകരമായില്ലെന്നാണ് നിലവിലെ ഫലം സൂചിപ്പിക്കുന്നത്. മണ്ഡല പുനരേകീകരണത്തോടെ ബിജെപിക്ക് മേധാവിത്വമുള്ള ജമ്മുവില്‍ ആറ് സീറ്റ് കൂടി. കശ്മീരില്‍ ഒരു സീറ്റാണ് വര്‍ധിച്ചത്. തങ്ങള്‍ക്ക് മേധാവിത്വമുള്ള ജമ്മു മേഖലയില്‍നിന്ന പരമാവധി സീറ്റുകള്‍ നേടുക എന്നതായിരുന്നു ബിജെപിയുടെ തന്ത്രം. കശ്മീരില്‍നിന്ന് കിട്ടാവുന്ന സീറ്റുകള്‍ സമാഹരിച്ച് മറ്റ് പാര്‍ട്ടികളെ ഒപ്പം കൂട്ടി ഭരണത്തിലേറാം എന്നായിരുന്നു ബിജെപിയുടെ കണക്കൂട്ടല്‍. ഇത് മുന്നില്‍കണ്ടാണ് അഞ്ച് പേരെ ലെഫ്. ഗവര്‍ണറെക്കൊണ്ട് നാമനിര്‍ദേശം ചെയ്യിക്കാന്‍ ഒരുങ്ങിയത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായാല്‍ എല്ലാ അധികാരങ്ങളും സര്‍ക്കാരിനാണ്. നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളുടെ പേരുകള്‍ സര്‍ക്കാര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അയക്കുന്നതാണ് നടപടിക്രമം. ഇതിനുപകരം സര്‍ക്കാര്‍ നിലവില്‍വരുന്നതിനുമുന്‍പ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മുന്‍കൂട്ടി നാമനിര്‍ദേശം ചെയ്യാനുള്ള നീക്കമാണു നടന്നത്. ജമ്മു കശ്മീര്‍ പുനസംഘടന നിയമം 2019 , ജമ്മു കശ്മീര്‍ പുനസംഘടന (ഭേദഗതി) നിയമം 2023 എന്നിവ പ്രകാരമാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നാമനിര്‍ദേശം നടത്തിയത്.

രാഹുല്‍ ഗാന്ധി Screengrab, Copyright: BBC

ജമ്മു കശ്മീര്‍ പുനസംഘടന നിയമം 2019 അനുസരിച്ച്, നിയമസഭയില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിനായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് രണ്ട് അംഗങ്ങളെ നിയമസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാം. നിയമത്തിലെ 2013 ജൂലൈയിലെ ഭേദഗതി അനുസരിച്ച്, ഈ രണ്ടിന് പുറമെ രണ്ട് കുടിയേറ്റ കശ്മീരി പണ്ഡിറ്റുകള്‍ ഉള്‍പ്പെടെ, മൂന്ന് അംഗങ്ങളെ കൂടി നിയമസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരം ലഭിച്ചിട്ടുണ്ട്. അവരില്‍ ഒരാള്‍ കശ്മീരി കുടിയേറ്റ സമൂഹത്തെ പ്രതിനിധീകരിക്കുന്ന സ്ത്രീയും മറ്റൊരാള്‍ പാക് അധീന ജമ്മു കശ്മീരില്‍നിന്ന് കുടിയിറക്കപ്പെട്ട ആളും ആയിരിക്കണം.

കാശ്മീരി കുടിയേറ്റ സമൂഹം എന്ന പ്രയോഗ പ്രകാരം കശ്മീരി പണ്ഡിറ്റുകള്‍ മാത്രമല്ല, തീവ്രവാദികളുടെ ഭീഷണി കാരണം കുടിയേറിയ കശ്മീരി മുസ്ലിംകള്‍ പോലും നോമിനേറ്റഡ് എംഎല്‍എമാരാകാന്‍ യോഗ്യരാണ്. ഈ വിഭാഗത്തിനു കീഴില്‍ ഒരാള്‍ക്ക് യോഗ്യത നേടാന്‍ രണ്ട് മാനദണ്ഡങ്ങളാണുള്ളത്. 989 നവംബര്‍ ഒന്നിനുന് ശേഷം കശ്മീര്‍ താഴ്വരയില്‍നിന്നോ ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന്റെ മറ്റേതെങ്കിലും ഭാഗത്തുനിന്നോ കുടിയേറിയ വ്യക്തി ആയിരിക്കുക, ദുരിതാശ്വാസ കമ്മിഷണറില്‍ രജിസ്റ്റര്‍ ചെയ്ത ആളായിരിക്കുക എന്നതാണ് അവ.

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ബിജെപിയുടെ ഈ തന്ത്രങ്ങളും ഈ കണക്കുകൂട്ടലുകളെല്ലാം അപ്പാടെ തെറ്റി എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അനിയോജ്യമായ സമയം കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നും സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഇനി സംസ്ഥാന പദവി തിരിച്ചു തരണം എന്നാണ് എന്‍സിയുടെ ആവശ്യം.

നിലവില്‍ ജമ്മു കശ്മീരില്‍ പ്രധാന വകുപ്പുകള്‍, തീരുമാനങ്ങള്‍ എന്നിവയെല്ലാം നടപ്പാക്കുക കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരിക്കും. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന് പൊതുജനരോഗ്യം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യാം. കേന്ദ്ര അനുമതിയില്ലാതെ സ്വന്തമായി സുരക്ഷാ കാര്യങ്ങളില്‍ ഉള്‍പ്പെടെ തീരുമാനമെടുക്കാന്‍ കശ്മീര്‍ സര്‍ക്കാരിന് സാധിക്കില്ല.

വിദ്യാഭ്യാസം, വിവാഹം, നികുതി, സ്വത്ത് കൈമാറ്റം, വനം, ട്രേഡ് യൂണിയനുകള്‍, തൊഴിലാളി ക്ഷേമം, ചാരറ്റി സംഘടനകള്‍, വ്യാപാരം എന്നിവയെല്ലാം 2019ലെ കശ്മീര്‍ പുനസംഘടന നിയമ പ്രകാരം ജമ്മു കശ്മീര്‍ നിയമസഭയുടെ പരിധിയില്‍ വരില്ല. ഇക്കാര്യത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ തീരുമാനമാണ് പ്രധാനം. മുന്‍സിപ്പല്‍ കോര്‍പറേഷന്‍, ആരോഗ്യം, ആശുപത്രി, മദ്യ വില്‍പ്പന, റോഡ്-പാലം നിര്‍മാണം, കാര്‍ഷികം, ജലസേചനം, ഖനികളുടെ ക്രമീകരണം, വ്യവസായം, എംഎല്‍എമാരുടെ ശമ്പളം, ഭൂനികുതി, ടോള്‍, തൊഴില്‍-ആഢംബര നികുതി എന്നിവയെല്ലാം നിയമസഭയുടെ പരിധിയില്‍ വരുന്നതാണ്.

നിമയസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൊട്ടുമുമ്പുള്ള ദിവസം ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരം വിപുലീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭേദഗതി പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം പോലീസ്, ക്രമസമാധാനം, ആള്‍ ഇന്ത്യ സര്‍വീസസ്, സ്ഥലം മാറ്റം, നിയമനം എന്നിവയെല്ലാം ലഫ്. ഗവര്‍ണറുടെ പരിധിയിലാണ്.

അതേസമയം, ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും കൈകോര്‍ത്തത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ തിരഞ്ഞെടുപ്പിന് ശേഷം പിഡിപിയുമായി സഖ്യത്തിന് തയ്യാറാണെന്ന് പോലും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

ഫറൂഖ് അബ്ദുള്ള Screengrab, Copyright: Kashmir Observer

സഖ്യമുണ്ടോ എന്ന ചോദ്യത്തിന് എന്തുകൊണ്ടില്ല എന്ന മറുപടിയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള നല്‍കിയത്. അതില്‍ തന്നെ പാര്‍ട്ടിയുടെ നയം വ്യക്തമായിരന്നു. സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനാണ് പ്രവര്‍ത്തിക്കുന്നതെന്നും തിരഞ്ഞെടുപ്പില്‍ എതിരാളികളായാല്‍പ്പോലും അത് ഒരു സഖ്യത്തെ ബാധിക്കില്ലെന്നും കൂടി ഫറൂഖ് അബ്ദുള്ള വ്യക്തമാക്കിയിരുന്നു.

ഇന്ത്യ സഖ്യമെന്ന നിലയിലാണ് നാഷണല്‍ കോണ്‍ഫറസന്‍സ് കോണ്‍ഗ്രസിന് കൈകൊടുത്തത്. ഹിന്ദുഭൂരിപക്ഷ മേഖലയായ കശ്മീരിലും മുസ്ലീം ഭൂരിപക്ഷ മേഖലയായ കശ്മീരിലും കൃത്യമായ സീറ്റ് വിഭജനവും അവര്‍ നടത്തി. കശ്മീര്‍ മേഖലയില്‍ നാഷണല്‍ കോണ്‍ഫറസന്‍സ് കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ ജമ്മു മേഖയില്‍ കൂടതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസാണ് മത്സരിച്ചത്. ഒപ്പം മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറിനിന്ന ഒമര്‍ അബ്ദുള്ള മത്സരിക്കുകയും കൂടി ചെയ്തതോടെ കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമായി.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ജമ്മു-കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഒമര്‍ ശപഥമെടുത്തിരുന്നു. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശപഥം മറന്ന് ഒമര്‍ രണ്ട് മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങിയത്. മത്സരിച്ച രണ്ട് സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെ ജമ്മു കശ്മീര്‍ രാഷ്ട്രീയത്തിലേക്ക് ഗംഭീര തിരിച്ചുവരവും ഒമര്‍ നടത്തി.

പിഡിപിയേയും സഖ്യത്തില്‍ ചേരാന്‍ ക്ഷണിച്ചിരുന്നെങ്കിലും സീറ്റ് വിഭജനമാണ് വിലങ്ങുതടിയായത്. അതോടെയാണ് മെഹ്ബൂബ മുഫ്തിയുടെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിച്ചത്. എന്നാല്‍ അവര്‍ രണ്ട് സീറ്റുകളില്‍ ഒതുങ്ങി. കഴിഞ്ഞ തവണ അധികാരം പിടിക്കാന്‍ ബിജെപിയുമായി കൈകോര്‍ത്തതാണ് അവര്‍ക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.

ജമ്മു കശ്മീര്‍ പുനസംഘടന നിയമം, അനുച്ഛേദം 370

2019 ഓഗസ്റ്റ് 5 നാണ് ജമ്മു കശ്മീര്‍ പുനസംഘടന നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. ഇതില്‍ ജമ്മു കശ്മീരിനെ രണ്ടായി തിരിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കി. ഒന്ന്- ജമ്മു കശ്മീര്‍, രണ്ടാമത്- ലഡാക്ക്. ഈ നിയമത്തോടെ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാകുകയും ചെയ്തു. ഈ നിയമത്തിനായുള്ള ഒരു ബില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് 2019 ഓഗസ്റ്റ് 6ന് ലോക്സഭ പാസാക്കുകയും 2019 ഓഗസ്റ്റ് 9ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തു.

അടുത്തിടെ പുനസംഘടന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബെദഗതി വരുത്തിയിരുന്നു. ലഫ്റ്റന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഇനി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ കഴിയില്ല. പൊലീസ്, അഴിമതി വിരുദ്ധ വിഭാഗം, അഖിലേന്ത്യ സര്‍വീസ് തുടങ്ങിയവയിലെ പ്രധാന നിര്‍ദേശങ്ങള്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടണമെന്ന് ഉത്തരവില്‍ പറയുന്നു. പ്രോസിക്യൂഷന്‍ അനുമതിയിലും ഉന്നത ഉദ്യോഗസ്ഥരുടെ നിയമനങ്ങള്‍ക്കും ഗവണറുടെ അനുമതി അനിവാര്യമാണ്. ചീഫ് സെക്രട്ടറി മുഖാന്തരമാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടേണ്ടത്.

ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാനപദവി നല്‍കുന്നതാണ് ഭരണഘടനയിലെ 370-ാം അനുച്ഛേദം. ഇതുപ്രകാരം പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയൊഴികെയുള്ള മറ്റ് ഇന്ത്യന്‍ നിയമങ്ങള്‍ ജമ്മു കശ്മീരില്‍ ബാധകമാകില്ല. മറ്റ് നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുവാദം വേണം.

പൗരത്വം, ഭൂ ഉടമസ്ഥാവകാശം, മൗലികാവകാശങ്ങള്‍ എന്നിവയിലെല്ലാം ഇതു ബാധകമായിരുന്നു. അന്യസംസ്ഥാന സ്വദേശികള്‍ക്ക് ഇവിടെ ഭൂമി വാങ്ങാനോ സര്‍ക്കാര്‍ ജോലികള്‍ നേടാനോ, സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനോ അവകാശമില്ല. വിഘടനവാദികള്‍ കടന്നുകയറുന്നത് ഒരു പരിധിവരെ തടഞ്ഞതും ഈ വകുപ്പാണ്. ഭരണഘടനയുടെ 21ാം വിഭാഗത്തിലാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ഈ വകുപ്പ് നിലകൊള്ളുന്നത്.

2019 ല്‍ ”രാജ്യത്തിന്റെ ഐക്യത്തിന് ഹാനികരം” എന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുന്നതായി പ്രഖ്യാപിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദായതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35എ-യും ഇല്ലാതായി. ജമ്മു, കശ്മീര്‍, ലഡാക് എന്നീ മേഖലകളിലെ സ്ഥിരതാമസക്കാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ വകുപ്പാണിത്.

ജമ്മു കശ്മീരില്‍ സ്ഥിരമായി വസിക്കുന്നവരെ നിര്‍വചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സര്‍ക്കാര്‍ സര്‍വീസുകളില്‍ തൊഴിലവകാശവും സംസ്ഥാന നിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണ് പ്രസ്തുത വകുപ്പ്. ഇത് പ്രകാരം മറ്റു സംസ്ഥാനക്കാര്‍ക്ക് ജമ്മു കശ്മീരിലെ സ്‌കോളര്‍ഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല. ആര്‍ട്ടിക്കിള്‍ 370 പോലെ ആയിരുന്നില്ല, ഇതൊരു സ്ഥിരം വകുപ്പായിരുന്നു എന്നതാണ് പ്രത്യേകത.