Sat. Nov 16th, 2024

 

ബെയ്റൂത്ത്: ലെബനാനില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ ഹിസ്ബുള്ളയ്ക്ക് സഹായവുമായി സൈന്യത്തെ അയയ്ക്കാന്‍ ഇറാന്‍ ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇറാന്‍ അന്താരാഷ്ട്രകാര്യ ഉപമേധാവി മുഹമ്മദ് ഹസ്സന്‍ അക്തരിയാണ് ഇക്കാര്യം അറിയിച്ചത്.

ലെബനാനില്‍ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ കരയാക്രമണത്തിനും ഒരുങ്ങുന്നതിനിടെയാണ് പുതിയ നീക്കം. ലെബനാനിലും ഗോലാന്‍ കുന്നുകളിലും സൈന്യത്തെ വിന്യസിക്കാന്‍ അംഗീകാരം നല്‍കുമെന്ന് മുഹമ്മദ് ഹസ്സന്‍ അറിയിച്ചു. 1981ല്‍ ചെയ്തതു പോലെ ഇസ്രായേലിനെതിരായ പോരാട്ടത്തിനായി ലെബനാനിലേക്ക് സൈന്യത്തെ അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റുള്ളയുടെ കൊലപാതകത്തിന് തിരിച്ചടിയായാണ് ഇറാന്‍ നേരിട്ട് യുദ്ധത്തിനിറങ്ങാന്‍ തീരുമാനിച്ചതെന്നാണ് അമേരിക്കന്‍ ചാനലായ ‘എന്‍ബിസി’യോട് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചത്.

ഹിസ്ബുള്ളയ്ക്ക് ഒരു പരിക്കുമുണ്ടാക്കാന്‍ ഇസ്രായേലിനാകില്ലെന്നും മേഖലയിലെ എല്ലാ പ്രതിരോധ സേനകളും സംഘത്തിനു പിന്തുണയുമായുണ്ടാകുമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലെബനാനിലും ഗാസയിലും നടക്കുന്ന ആക്രമണങ്ങള്‍ക്ക് ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തിന്റെ ശക്തമായ സംവിധാനം തകര്‍ക്കാനോ ദുര്‍ബലപ്പെടുത്താനോ ആകില്ല. ഈ മേഖലയുടെ ഭാവി ഹിസ്ബുള്ളയുടെ നേതൃത്വത്തിലുള്ള ചെറുത്തുനില്‍പ്പ് സേനകള്‍ തീരുമാനിക്കുമെന്നും ഇറാന്‍ നേതാവ് പറഞ്ഞു.

ലബനാനിലെ ആക്രമണം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ഫ്രാന്‍സ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലെബനാനിലെ കരയാക്രമണത്തെ എതിര്‍ക്കുമെന്നും ഫ്രഞ്ച് വിദേശകാര്യ-യൂറോപ്യന്‍ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ലെബനാനിലെയും ഇസ്രായേലിലെയും സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.