Tue. Oct 8th, 2024

 

കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് പരാതി. പോള്‍, ലിബിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന പരാതിയുമായി ബന്ധുക്കളാണ് രംഗത്തെത്തിയത്.

ലൈംഗിക അതിക്രമ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിദ്ദിഖ് ഒളിവില്‍ പോയിരുന്നു. സിദ്ദിഖ് ഒളിവില്‍ പോയ കാറുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നിന്നാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കടവന്ത്രയിലേയും മേനകയിലേയും ഫ്‌ലാറ്റുകളില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തുവെന്നാണ് പരാതി. യുവാക്കളുടെ കുടുംബങ്ങള്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.

പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് വ്യക്തമാക്കിയാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസിന്റെ വിശദീകരണം. എന്നാല്‍ കേസ് അന്വേഷിക്കുന്നത് പ്രത്യേക അന്വേഷണ സംഘമാണ്. പ്രത്യേക അന്വേഷണ സംഘം ഇത്തരത്തില്‍ ആരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിദ്ദിഖ് ഒളിവില്‍ പോയിരുന്നു. ഒളിവില്‍ പോയ കാറുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ആരാണ് കൊണ്ടുപോയതെന്നതടക്കമുള്ള അന്വേഷണം ശക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില സൂചനകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ടെന്ന വിവരങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുവാക്കളുടെ കുടുംബങ്ങള്‍ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.