Tue. Oct 8th, 2024

 

ജറുസലേം: ഇറാന്‍ പൗരനായ ഇസ്രായേല്‍ ചാരന്‍ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്‌റുള്ളയെ കൊലപ്പെടുത്തിയതെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയന്‍. നസ്‌റുള്ള കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇസ്രയേല്‍ സൈന്യത്തിന് ചാരന്‍ വിവരം നല്‍കിയതെന്നാണ് ലെബനന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബെയ്‌റൂത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗര്‍ഭ അറയില്‍ വെച്ച് ഉന്നതതല അംഗങ്ങളുമായി ഹസന്‍ നസ്‌റുള്ള യോഗം ചേരുന്നുവെന്നായിരുന്നു ചാരന്‍ ഇസ്രയേല്‍ സൈന്യത്തെ അറിയിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ബയ്‌റുത്തിലെ വ്യോമാക്രമണത്തില്‍ നസ്‌റുള്ള കൊല്ലപ്പെട്ടത്.

ലോകത്തെ ഭീതിപ്പെടുത്താന്‍ നസ്‌റുള്ള ഇനിയില്ലെന്ന ആമുഖത്തോടെ ഇസ്രായേല്‍ സൈന്യമാണ് മരണവാര്‍ത്ത അറിയിച്ചത്. പിന്നീട് ഹിസ്ബുള്ളയും ഇക്കാര്യം സ്ഥിരീകരിച്ചു. നസ്‌റുള്ളയെ വധിച്ചെന്ന പ്രഖ്യാപനത്തിന് പിന്നാലെ തങ്ങളെ ഭീക്ഷണിപ്പെടുത്തുന്ന ആരിലേക്കും എത്തുമെന്ന് ഇസ്രായേല്‍ സൈനിക മേധാവി പറഞ്ഞു.

ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചായിരുന്നു ഇസ്രായേല്‍ നസ്‌റുള്ളയെ കൊലപ്പെടുത്തിയതെന്നാണ് ഇറാന്‍ ആരോപിച്ചത്. 5000 പൗണ്ട് ബങ്കര്‍ ബസ്റ്റര്‍ ബോംബ് ഉപയോഗിച്ചതായാണ് ആരോപണം. യുഎസ് നല്‍കിയ ബോംബുകളാണ് ഇസ്രായേല്‍ ഉപയോഗിച്ചതെന്നും ഇറാന്‍ പറയുന്നു.

ലെബനാനിലെ നിരവധി കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചുവെന്ന് ഇസ്രായേല്‍ പ്രതിരോധ സേന വ്യക്തമാക്കി. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട കെട്ടിടങ്ങളടക്കം ലക്ഷ്യം വെച്ച് നിരന്തരം മിസൈല്‍ വര്‍ഷിക്കുന്നതിന്റെ ദൃശ്യങ്ങളും ഇസ്രായേല്‍ പ്രതിരോധ സേന എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു. ഹിസ്ബുള്ളയുടെ ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളും ഇവയില്‍ ഉള്‍പ്പെടുമെന്ന് ഐഡിഎഫ് അറിയിച്ചു.