Wed. Oct 16th, 2024

 

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ ഫോണ്‍ ചോര്‍ത്തിയതിന് കേസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതിനും ദൃശ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചു എന്നാണ് കേസ്.

കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയില്‍ കറുകച്ചാല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പിവി അന്‍വറിനെതിരെ കേസെടുത്തിരിക്കുന്നത്.

നേരത്തെ, തോമസ് പീലിയാനിക്കല്‍ പോലീസ് മേധാവിയ്ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, കറുകച്ചാല്‍ സ്റ്റേഷനിലെത്തി അദ്ദേഹം മൊഴിയും നല്‍കി. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ അന്‍വര്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

സ്വകാര്യതയേയും ദേശസുരക്ഷയേയും ബാധിക്കുന്നതാണ് അന്‍വറിന്റെ നടപടിയെന്നും പരാതിയില്‍ പറയുന്നു. ഈ പരാതിയിന്മേലാണ് പോലീസ് കേസെടുത്ത് നടപടികളുമായി മുന്നോട്ട് പോകുന്നത്.

ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ നിയമപ്രകാരമാണ് പിവി അന്‍വറിനെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ പ്രമുഖ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണുകള്‍ താന്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ പിവി അന്‍വര്‍ ചില സംഭാഷണശകലങ്ങള്‍ പുറത്ത് വിടുകയും ചെയ്തിരുന്നു.

അതേസമയം, പൊലീസ് ചില കേസുകളില്‍ നടത്തിയ അന്വേഷണത്തിലെ വിവരങ്ങള്‍ ചോര്‍ത്തി പിവി അന്‍വറിന് നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചിരുന്നു. രണ്ട് എസ്പി മാര്‍ക്കും ഒരു ഡിവൈഎസ്പിക്കും ഇതില്‍ പങ്കുണ്ടെന്നാണ് സംശയം. അതിനാല്‍ ഈ മൂന്ന് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. അന്‍വറിന് ഉപദേശം നല്‍കുന്നതും പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ടിലുണ്ട്.