Tue. Oct 8th, 2024

 

ബെയ്‌റൂത്ത്: ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുള്ളയെ വധിച്ചതിന് പിന്നാലെ ലെബനാന് നേരെ വ്യാപക ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലെബനാനിലുടനീളം ഡസന്‍ കണക്കിന് വ്യോമാക്രമണങ്ങള്‍ ഇസ്രായേല്‍ നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെക്കന്‍ ലെബനാനിലെ ടെയര്‍ ഡെബ്ബയില്‍ നടന്ന ആക്രമണത്തില്‍ പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ പത്തുലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി ലെബനാന്‍ മന്ത്രി നാസര്‍ യാസിന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

ശനിയാഴ്ച മാത്രം 33 പേര്‍ കൊല്ലപ്പെടുകയും 195 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 1700ന് മുകളിലായി.

ബെയ്‌റൂത്തിലും മറ്റും ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി മൃതദേഹങ്ങള്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. വെസ്‌റ്റേണ്‍ ഗലീലിയയിലെ നഹാരിയ നഗരത്തിലും മറ്റും മിസൈല്‍ പതിച്ച് തീപിടിത്തം ഉണ്ടായി. വെസ്റ്റ് ബാങ്കിലേക്കും ജറൂസലമിലക്കും റോക്കറ്റുകളെത്തി.

ഹസന്‍ നസ്‌റുള്ളയെ വധിച്ച ഇസ്രായേല്‍ നടപടിയെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും അഭിനന്ദിച്ചു. അതേസമയം, യുദ്ധവ്യാപനത്തില്‍ താല്‍പര്യമില്ലെന്ന് ഇരുവരും പ്രതികരിച്ചു.

നൂറുകണക്കിന് ഇസ്രായേലികളെ വധിച്ച ഹസന്‍ നസ്‌റുള്ളയെ വകവരുത്താന്‍ കഴിഞ്ഞത് മികച്ച നേട്ടമാണെന്നും ശത്രുക്കള്‍ക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്നും നെതന്യാഹു പറയുന്നു. ലബനാനുമായി കരയുദ്ധത്തിന് സജ്ജമാണെന്നും ഇസ്രായേല്‍ അവകാശപ്പെടുന്നു.

ഇക്കാര്യത്തില്‍ തീരുമാനം കൈകക്കൊളളാന്‍ ഇന്ന് നെതന്യാഹു സുരക്ഷാ സമിതി യോഗം വിളിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ നിന്ന് കൂടുതല്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും ഇസ്രായേല്‍ ആവശ്യപ്പെട്ടു. ഈലാത്ത് നഗരത്തിനു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാഖിലെ ഇറാന്‍ അനുകൂല മിലീഷ്യ അറിയിച്ചു. സിറിയയില്‍ യുഎസ് സൈന്യം തങ്ങുന്ന കൊണോകോ ബേസില്‍ രാത്രി വന്‍സ്‌ഫോടനം ഉണ്ടായി.