Wed. Jan 22nd, 2025

 

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ സന്ദര്‍ശിച്ചതിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഐയുടെ മുതിര്‍ന്ന നേതാവ് സി ദിവാകരന്‍. ആര്‍എസ്എസ് നേതാവിനെ കാണാന്‍ ആര്‍ക്കാണ് ദാഹമെന്ന് സി ദിവാകരന്‍ ചോദിച്ചു. എഡിജിപി അജിത് കുമാറിനാണോ സര്‍ക്കാറിനാണോ ദാഹമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് ശുദ്ധ അസംബന്ധമാണ്. നയത്തിന് അനുസൃതമായി ഉദ്യോഗസ്ഥരെ പ്രവര്‍ത്തിപ്പിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയും നട്ടെല്ലുമാണ്. എഡിജിപി എന്ന് പറയാമെങ്കിലും ഡിജിപിയായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യം നല്‍കിയെന്നും’ സി ദിവാകരന്‍ പറഞ്ഞു.

‘സര്‍ക്കാര്‍ എവിടെയൊക്കെ ദുര്‍ബലം ആകുന്നോ ആ ഇടങ്ങളില്‍ ഉദ്യോഗസ്ഥന്മാര്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും. ഇവിടെയും സംഭവിച്ചത് അതാണ്. ആര്‍എസ്എസിന്റെ ദേശവിരുദ്ധ നിലപാടുകള്‍ കണ്ടുപിടിച്ചതും പുറത്തുകൊണ്ടുവന്നതും പൊലീസ് ആണ്. സര്‍ക്കാറിന്റെ തുക ചെലവാക്കിയാണ് എഡിജിപിയുടെ സ്ഥാനം നിലനിര്‍ത്തുന്നതെന്നും’ സി ദിവാകരന്‍ പറഞ്ഞു.

എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവിട്ടത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആണ്. 2023 മേയ് 22ന് തൃശൂരില്‍ ആര്‍എസ്എസ് ക്യാമ്പിനിടെയാണ് ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടന്നത്.

ആര്‍എസ്എസ് നേതാവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി തന്നെ സമ്മതിച്ചതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന് നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം സമ്മതിച്ചത്. ആര്‍എസ്എസ് നേതാവിന്റെ കാറിലാണ് ക്യാമ്പ് നടന്ന പാറമേക്കാവ് വിദ്യാമന്ദിറില്‍ പോയത്. സ്വകാര്യ സന്ദര്‍ശനം ആണെന്നാണ് എഡിജിപിയുടെ വിശദീകരണം.

ദത്താത്രേയ ഹൊസബലെ തൃശൂരില്‍ താമസിച്ച ദിവസം അജിത്കുമാര്‍ അവിടെയെത്തിയിരുന്നതായി അടുത്ത ദിവസം തന്നെ കേരള പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍എസ്എസിന്റെ പോഷക സംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിക്കൊപ്പമാണ് എഡിജിപി എത്തിയതെന്നും തൃശൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് അറിയിച്ചിരുന്നു.